മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു; പുതിയ സർക്കാറിന് വെല്ലുവിളി

കുക്കി - നാഗാ സംഘർഷം രൂക്ഷമാകുന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു; പുതിയ സർക്കാറിന് വെല്ലുവിളി
dot image

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.

അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങൾ ചുരാചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.

പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകളുടെ ആഹ്വാനം. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ സ്ഥാനമേറ്റത്തിൽ വ്യാപക എതിർപ്പാണ് കുക്കി സംഘടനകൾ അറിയിച്ചത്. നെംച കിപ്‌ജെന് എതിരെ വിവിധ കുക്കി സംഘടനകൾ പ്രതിഷേധ പ്രകടനകൾ നടത്തിയിരുന്നു. കുക്കികളുടെ പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ എതിർപ്പ്. ജനകീയ സർക്കാർ രൂപീകരിച്ചതിൽ കുക്കികളിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്നാണ് കുക്കിയുടെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് സംഘടനകൾ ആവർത്തിച്ച് പറയുന്നത്.

രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഈ മാസം നാലിനാണ് പുതിയ സർക്കാർ അധികാരമേറ്റത്. മെയ്‌തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആണ് ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് പുതിയ സർക്കാരിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

Content Highlights: Clashes again in Manipur: Several houses set on fire; a challenge for the new government

dot image
To advertise here,contact us
dot image