

പ്രതീക്ഷകളെ മറികടന്നുകൊണ്ടുള്ള പാദഫലത്തിന് പിന്നാലെ കുതിച്ചുയരുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ. തുടക്ക ഘട്ട വ്യാപാരത്തിൽ എൻഎസ്‌ഇയിൽ ഓഹരി 6.62% വരെ ഉയർന്ന് 1,137 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് എസ്ബിഐ ഓഹരികൾ രേഖപ്പെടുത്തിയത്.

ഡിസംബർ പാദത്തിലെ കണക്കുകൾ പുറത്തു വന്നപ്പോൾ എസ്ബിഐ 21,028 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന ലാഭം റിപ്പോർട്ട് ചെയ്തു. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 72% ആണെന്നും, ഇത് ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് മികച്ച സാധ്യതകളാണുള്ളതെന്നും എസ്ബിഐ വാർത്താകുറിപ്പിൽ പറഞ്ഞു. നിഷ്ക്രിയ ആസ്തി കുറഞ്ഞതും ബാങ്കിന് നേട്ടമായി. വായ്‌പ വളർച്ച വരും പാദങ്ങളിൽ ശക്തിയായി തുടരും എന്ന പ്രതീക്ഷയാണ് ബാങ്കിനുള്ളത്.
ഈ പാദത്തിലെ ഉയർന്ന ലാഭ കണക്കുകൾ പുറത്തു വിട്ടതോടെ, ബ്രോക്കറേജുകൾ എസ്ബിഐ ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകി തുടങ്ങി. എസ്ബിഐയുടെ ഇന്നത്തെ വിലയിൽൽ നിന്ന് ഏകദേശം 16 ശതമാനത്തോളം വളർച്ചാ സാധ്യതയാണ് നോമുറ ബ്രോക്കറേജ് മുന്നോട്ട് വെക്കുന്നത്. ഓഹരികളുടെ ലക്ഷ്യ വില 1,235 രൂപയാക്കി ഉയർത്തി.
എന്തുകൊണ്ട് പൊതുമേഖല ബാങ്കുകൾക്ക് പുതുജീവൻ?
വർഷങ്ങളായി, ഉയരുന്ന നിഷ്‌ക്രിയ ആസ്തികളെകൊണ്ട് പൊറുതി മുട്ടിയ പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ വർഷങ്ങളിൽ അവയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചതാണ് നേട്ടമായത്. മുൻകാലത്തെ വലിയ നഷ്ടങ്ങളെ മറികടന്ന്, ഇപ്പോൾ സ്വകാര്യ ബാങ്കുകളുമായി മത്സരിക്കാൻ ശേഷിയുണ്ടെന്ന് തെളിയിക്കുകയാണ് പൊതുമേഖലാ ബാങ്കുകൾ.

സാങ്കേതിക വിദ്യയും പുതിയ വളർച്ചാ പദ്ധതികളും ഉപയോഗിച്ച് ബാങ്കുകൾ മുന്നേറുകയാണ്. ബാലൻസ് ഷീറ്റുകൾ ശക്തമാക്കാൻ പുതിയ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായി ലാഭം വർധിക്കാനും തുടങ്ങി. 24% വരെയുള്ള വാർഷിക വളർച്ച റിപ്പോർട്ട് ചെയ്യുന്ന നിലയിലേക്ക് പൊതുമേഖലാ ബാങ്കുകൾ എത്തിയതോടെ ബാങ്കുകളുടെ ഓഹരികളിലും നിക്ഷേപക താല്പര്യം കൂടുകയാണ്.
2025 വിപണിക്ക് പൊതുവെ കഷ്ട്ട കാലമായിരുന്നെങ്കിലും, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ 'ബൈ റേറ്റിംഗ്'ലഭിച്ചിരുന്നു. നിക്ഷേപകരുടെയും, ഉപഭോക്താക്കളുടെയും താല്പര്യം വർധിക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഇനിയും ഉയരുമെന്ന പ്രതീക്ഷയാണുള്ളത്.

Content Higlights: State Bank of India posts best day in over 5 years: Here are key things you need to know