'കൂട്ടുകാരാ നീ എനിക്ക് അനിവാര്യതയായിരുന്നു, അപായത്തിന്റെ ഈ പെരുമഴക്കാലത്ത് പുതിയ വഴികൾ പറഞ്ഞുതരാൻ നീയില്ല'

'വിജേഷ്, നാം കുറത്തിയും മറയുമെല്ലാം കളിച്ച നമ്മുടെ സ്വന്തം നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം കുംഭമേളയിലേക്ക് പുറപ്പെട്ട സംഘത്തിലെ അംഗങ്ങളെ കണ്ട് ഞാൻ ശരിക്കും ഞെട്ടി...'

'കൂട്ടുകാരാ  നീ എനിക്ക്  അനിവാര്യതയായിരുന്നു, അപായത്തിന്റെ ഈ പെരുമഴക്കാലത്ത് പുതിയ വഴികൾ പറഞ്ഞുതരാൻ നീയില്ല'
dot image

ഏറെ വൈകാരികവും ദീർഘവുമായി പോകാൻ സാധ്യതയുള്ള ഒരു കുറിപ്പ്. ഇതെഴുതാതെ മറ്റൊന്നും ചെയ്യാനാവാത്തതുകൊണ്ട് മാത്രം എഴുതുന്നത്. ആർക്കും കൂട്ടിചേർക്കാവുന്നത്. തിരുത്താവുന്നത്….

“അന്ധകാരം അനാഥദുഃഖം മൂടി നിൽക്കും ശൂന്യത” എന്നു തുടങ്ങുന്ന ‘പാഥേയം’ എന്ന സിനിമയിലെ ഒരു ചൊൽക്കാഴ്ചയുടെ ചിട്ടപ്പെടുത്തലും അവതരണവുമായി ബന്ധപ്പെട്ടാണ് ഞാൻ വിജേഷിനെ ആദ്യം കാണുന്നത്. സ്വർഗ്ഗത്തിൽനിന്ന് തീ കൊണ്ടുവന്ന് മനുഷ്യർക്ക് നൽകുന്ന പ്രൊമിത്യൂസിന്റെ വേഷത്തിൽ അകത്തും പുറത്തും തീയുമായി അരങ്ങിൽ അവൻ.

മധു, കൊണ്ടാറമ്പത്ത് രാജേഷ്, ജയേഷ്, ബാബു അങ്ങനെ നാട്ടിലെ കൂട്ടുകാരിൽ പലരും ആ അരങ്ങിൽ അവനൊപ്പമുണ്ടായിരുന്നു. തിരുവാതിര ദിവസങ്ങളിൽ പൊറാട്ട് കെട്ടി ആ സംഘം സമീപത്തെ വീടുകളിൽ കയറുന്ന പതിവുണ്ടായിരുന്നു. ആ സംഘത്തിലേക്ക് ഒരിക്കൽ വിജേഷ് എന്നെയും കൂട്ടി. പഴകി തുടങ്ങിയ സാരിയായിരുന്നു കർട്ടൻ. അക്കാലത്ത് വായിച്ചും കേട്ടും അന്തംവിട്ട ചില കവിതകളും പാട്ടുകളും അവനൊപ്പം പുതിയപാലത്തെ വീടുകളുടെ ഉമ്മറത്ത് നിന്ന്, അർദ്ധരാത്രിയിൽ ആ കർട്ടൻ നീങ്ങിയപ്പോൾ അക്കാലത്തെ എല്ലാ അരക്ഷിതത്വങ്ങളും ഉൾക്കൊണ്ട് നാടകീയമായി ഞാനും പാടി. വെളുക്കുവോളം നീണ്ട ആ അരങ്ങുകഴിഞ്ഞ് രാത്രി അവനൊപ്പം അവന്റെ വീട്ടിൽ വന്നുറങ്ങി. തിരിച്ചു വീട്ടിലെത്തുമ്പോഴേയ്ക്ക്, പൊറാട്ടുകളിച്ചു കിട്ടിയ വരുമാനം ഉപയോഗിച്ചുളള കൂട്ടായ ആഘോഷങ്ങൾക്കായി അവൻ വീണ്ടും വിളിച്ചു. എന്റെ വരവുകൾ ഉറപ്പാക്കി വിജേഷ് സന്തോഷിച്ചു.

അക്കാലത്ത് തന്നെയാണ് ഞങ്ങൾ നാഷണൽ കോളേജിലെ സഹപാഠികളായിരുന്നത്. ഞാൻ കോമേഴ്സിലും വിജേഷ് ഹ്യൂമാനിറ്റീസിലും. ചിട്ടയായ വേഷത്തിൽ, പ്രസന്നമായ മുഖഭാവത്തിൽ അച്ഛന്റെ ഇളം നീല വെസ്പ സ്കൂട്ടർ താഴെ പാർക്ക് ചെയ്ത് നാഷണലിന്റെ പടി കയറിവരുന്ന വിജേഷിനെ ഓർമ്മ വരുന്നു. സ്വർണ ടീച്ചർ, എം.സി. വസിഷ്ഠ്, മേക്കുന്നത്ത് കമ്മാരൻ മാഷ്, രാജീവ് പെരുമൺപുറ, കമാൽ വരദൂർ, മുരളി മാഷ്, വിനീഷ്, അനിൽ, ജ്യോതിഷ്, ബോബി, അജയ് മോഹൻ, മഹേഷ്, ഷെറിൻ, ഭവ്യ… നാഷണൽ കോളേജിലെ അധ്യാപകരും കൂട്ടുകാരും വിജേഷിന് അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു.

പുതിയപാലത്തെ സേവക് ബാലജനസഖ്യവും കൈരളി കൾച്ചറൽ സൊസൈറ്റിയും നാഷണൽ കോളേജും വിജേഷിന്റെ തുടരവതരണങ്ങൾക്ക് വേദിയായി. കുറത്തിയുടെ പ്രാഥമികാലോചനകൾ, കറുപ്പ്, നാറ്റം, കൂത്തിച്ചി പോലുള്ള നാടകാവിഷ്കാരങ്ങൾ ഇവയെല്ലാം രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.കൈരളി കൾച്ചറൽ സൊസൈറ്റിയുടെ വാർഷികാഘോഷത്തിന് വേണ്ടിയായിരുന്നു കുറത്തിയുടെ ആദ്യ അവതരണം. പുതിയ പാലത്തെ മധുവിന്റെ വീട്ടിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലായിരുന്നു റിഹേഴ്സൽ. വിജേഷ് കുറത്തിയായി. വേണു പാലയിൽ ആയിരുന്നു അതിന്റെ ആദ്യ സംവിധായകൻ. പതിവുപോലെ മധു, രാജേഷ്, ജയേഷ്, സഞ്ജീവൻ ഇവരെല്ലാം ഗ്രൂപ്പംഗങ്ങൾ. മുത്തപ്പൻ കാവിന്റെ ഭാഗത്ത് നിന്ന് വിജേഷിന്റെ ബന്ധുവായ നിഖിലേട്ടൻ ഡ്രംസ് വായിക്കാനെത്തും. ചെണ്ട വാടകയ്ക്കെടുത്തു. വിജേഷിന്റെ വീട്ടിനു മുന്നിലുള്ള വിശാലമായ ചുവരിൽ കുറത്തിയുടെ ആദ്യ ചുവരെഴുത്ത്. മുരളീധരൻ പറയഞ്ചേരിയുടെ മുഖത്തെഴുത്തും പിറകെ വന്നു.

അന്ന് ഞാൻ കൊളത്തറയിലാണ് താമസിക്കുന്നത്. വൈകുന്നേരമാവുമ്പോഴേക്കും ഞാൻ ക്യാമ്പിലെത്തും. അർദ്ധരാത്രിയോളം നീളുന്ന റിഹേഴ്സലുകൾ കഴിഞ്ഞ്, മറ്റെല്ലാവരെയും പിരിച്ചയച്ച് വിജേഷും ഞാനും അവന്റെ വീട്ടിലേക്ക് പോവും. വിജേഷിന്റെ അച്ഛമ്മ അച്ഛനെയറിയിക്കാതെ വാതിൽ തുറന്ന് ഭക്ഷണം വിളമ്പിത്തരും. ഒരുമിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ നേരം വെളുക്കാനായാലും വിജേഷിന്റെ വർത്തമാനങ്ങളും തമാശകളും തീരില്ല. രാവിലെ വൈകി എഴുന്നേൽക്കും. തിരിച്ച് വീട്ടിൽ പോവാനും വൈകുന്നേരം വീണ്ടും വരാനുമുള്ള വഴിക്കാശ് പോകുമ്പോൾ വിജേഷ്‌ മറക്കാതെ തരും. മാസങ്ങൾ നീണ്ട റിഹേഴ്സലിനൊടുവിൽ
കുറത്തി രംഗത്തവതരിപ്പിച്ചു. വിജേഷിന്റെ അച്ഛനും അമ്മയും മുൻനിരയിലെ കാഴ്ചക്കാർ. മുഴുവൻ നാട്ടുകാരും അവതരണത്തിന് സാക്ഷികളായി.

കുറത്തി നഗരം വിട്ട് പിന്നീട് ഗ്രാമാന്തരങ്ങളിലേക്കും മറ്റ് അരങ്ങുകളിലേക്കും പോയി. കേരളത്തിലെ വിവിധ കോളേജ് ക്യാമ്പസുകളിലും പാർട്ടിവേദികളിലും ആ ചൊൽക്കാഴ്ച നിരന്തരം കളിച്ചു. വിജേഷ് സംവിധായകന്റെ റോളിലായി. പുതിയ കുറത്തികളും സംഘാടകരും വന്നു. ചൊല്ലലിനും രംഗാവതരണത്തിനും ഇരുത്തവും ബലവും വന്നു. പോയ സ്ഥലങ്ങളിലെ മനുഷ്യരെയെല്ലാം ആ സംഘം ചേർത്തുവെച്ചു. ഗുരുവായൂരപ്പൻ കോളേജ്, ദേശീയ പാർട്ടി കോൺഗ്രസ് വേദി, ആകാശവാണി, തിരുവണ്ണൂരിലെ ചലനം സംസ്കാരികവേദി, കൊടൽ നടക്കാവിലെ അവതരണം. അനവധി വേദികളുടെയും അർത്ഥപൂർണമായ സംഘാടനങ്ങളുടെയും ഇരമ്പുന്ന ഓർമ്മകൾ നിറയുന്നു.

വഴിയിലെവിടെയോ ഞാൻ ചൊല്ലൽ നിർത്തി. അവനെ ട്രെയ്സ് ചെയ്യാനുള്ള ഊർജം എന്നിലുണ്ടായിരുന്നില്ല. ഞാൻ തുടരാത്തതിന്റെ പരിഭവം അയാൾ പലരോടും പറഞ്ഞു. ഞാൻ ചൊല്ലിയില്ലെങ്കിൽ വേദിയിൽ കയറില്ലെന്ന് അയാൾ വാശിപിടിച്ചു. ഒടുക്കം പരിഭവമുപേക്ഷിച്ച് അണിയറയിൽ നിന്ന് അയാൾ തന്നെ അത് നെഞ്ചുപൊട്ടി പാടി.

വിജേഷിന്റെ നിർബന്ധം സഹിക്കാനാവാതെ രണ്ടുവർഷം മുൻപ് കോഴിക്കോട് ടൗൺഹാളിലും, ഒരു വർഷം മുൻപ് പയ്യന്നൂരിലെ ഒരു കലാസംഘത്തിന്റെ ഓണപരിപാടിയിലും വിജേഷിനൊപ്പം കുറത്തി ചൊല്ലി പിടിച്ചുനിന്നത് ഓർക്കുന്നു. ഇതിന്റെ തുടർച്ചയിൽ ഗുരുവായൂരപ്പൻ കോളേജിന് വേണ്ടി കുരീപ്പുഴയുടെ ചാർവാകനും കീഴാളനും വിജേഷ് അരങ്ങിലെത്തിച്ചു. ചിട്ടപ്പെടുത്താനും ചൊല്ലാനും അന്ന് ഞാൻ ആവേശത്തോടെ കൂടെ നിന്നു. ഡെനി ലാൽ ചാർവാകനായി. ഗുലാബും നിഷാദും സംഘാടകരായി. ഗുരുവായൂരപ്പൻ കോളേജിന്റെ രാഷ്ട്രീയാന്തരീക്ഷത്തെയും ക്ലാസ് റൂമുകളെയും ഈ ചൊൽക്കാഴ്ചകൾ പല നിലകളിൽ മാറ്റിത്തീർത്തു. ഞങ്ങളുടെ സ്ഥിരമായ കൂടിച്ചേരലുകൾക്ക് മാനാഞ്ചിറ സ്ക്വയർ വേദിയായി.അതിലേക്ക് പലരും വന്നും പോയും കൊണ്ടിരുന്നു. അതിൽ നിന്ന് പുതിയൊരു സംഘം ഗലി സൗഹൃദക്കൂട്ടമെന്ന പേരിൽ രൂപപ്പെട്ടു. ഉറ്റസുഹൃത്ത് ഏ.കെ.ഷിബുരാജ് ‘സംവാദം’ എന്ന സമാന്തരമാസികയും പിന്നീട് ഡി.ടി പി. സെന്ററും തുടങ്ങിയപ്പോൾ ആ ഓഫീസുകളായി ഞങ്ങളുടെ കൂടൽകേന്ദ്രങ്ങൾ.

വിജേഷിന്റെ നേതൃത്വത്തിൽ എന്റെ ആദ്യ കവിതാസമാഹാരം ‘പ്രണയത്തിന്റെ ഒറ്റുകാരോട്’ നാഷണൽ കോളേജിലെ കൂട്ടുകാരെല്ലാം കൂടി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കെ.ഇ.എൻ മാഷ് ദീർഘമായ അവതാരിക എഴുതിത്തന്നു. ദേശാഭിമാനി സൺഡേ ‘വേശ്യ’ യെന്ന കവിതയും മാഷിന്റെ അവതാരികയും അരപേജിൽ നിറവോടെ പ്രസിദ്ധീകരിച്ചു. ഷെറിൻ പുസ്തകത്തിന് കവർ വരച്ചു. അക്കാലത്ത് ഞാൻ എഴുതാൻ ശ്രമിച്ച കവിതകളെല്ലാം പ്രസിദ്ധീകരണത്തിന് മുൻപ് വിജേഷിനെ സ്വകാര്യമായി ചൊല്ലികേൾപ്പിക്കുമായിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ അവൻ എന്നെക്കാളും ആവേശഭരിതനും അഭിമാനിയുമായി. കൊളത്തറയിൽവെച്ച് കുരീപ്പുഴ ശ്രീകുമാർ കുഞ്ഞപ്പ പട്ടാന്നൂരിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു. വിജേഷ് എല്ലാറ്റിന്റെയും കാർമികനായി.

ആ ആഘോഷങ്ങൾ തൊട്ടടുത്ത കാലങ്ങളിൽ തന്നെ തീർന്നു. അപ്പോഴും വിജേഷ് ആ പുസ്തകം ഏറെക്കാലം കൊണ്ടുനടന്ന് വിറ്റു. ആവേശത്തിൽ അയാൾ പലർക്കും പുസ്തകം വെറുതെ കൊടുത്തു. എന്റെ ആദ്യ പബ്ലിഷറായ ഫൈസൽ അവനെ വെറുത്തു. പിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു. വിജേഷ് ഡ്രാമാസ്കൂളിൽ ചേരുമ്പോഴും ആ പുസ്തകത്തിന്റെ കോപ്പികൾ അയാൾക്കൊപ്പമുണ്ടായിരുന്നു.

ഡ്രാമാസ്കൂളിലെ എൻട്രൻസ്. പരീക്ഷയ്ക്ക് പേന കൊണ്ടുപോവാൻ മറന്നുപോയ വിജേഷ് അവിടത്തെ അന്നത്തെ ഡയറക്ടറായിരുന്ന വയലാ വാസുദേവൻ പിള്ള സാറിനോട് എഴുതാൻ പേന വായ്പ ചോദിച്ചു. മനസ്സില്ലാമനസ്സോടെ കിട്ടിയ ആ പേന കൊണ്ട് വിജേഷ് പ്രവേശനപരീക്ഷയെഴുതി. പോരുമ്പോൾ പേന തിരിച്ചുകൊടുക്കാനും അവൻ മറന്നു. ആ കൊല്ലം ശങ്കറിനും മറ്റും അവിടെ അഡ്മിഷൻ കിട്ടി. വരും കൊല്ലം വിജേഷിനും. ഡ്രാമാസ്കൂളിലെ പുതിയ കൂട്ടുകാരോട് വിജേഷ് നാട്ടിലെയും കോളേജിലെയും കൂട്ടുകാരുടെ വിശേഷങ്ങൾ ആവർത്തിച്ചുപറയുമായിരുന്നു. നാട്ടിലുള്ള കൂട്ടുകാരെ അവൻ ഡ്രാമാ സ്കൂളിലേക്ക് നിരന്തരം ക്ഷണിച്ചു കൊണ്ടിരുന്നു. അവൻ ഏവരെയും ചേർത്തുവെച്ചു.

അവന്റെ നിർബന്ധിതവിളികളുടെ ബലത്തിലും പ്രലോഭനത്തിലും ചില സന്ദർഭങ്ങളിൽ ഞാനും അരണാട്ടുകരയിലെത്തി. ശങ്കറിന്റെയും സജി തുളസീദാസിന്റെയും റൂമുകളിൽ കോസ്റ്റ്യൂമുകളുടെ ഇടയിൽ കിടന്നുറങ്ങി. വയലാ സാറോടും മൊകേരി മാഷോടും സംസാരിച്ചു. ഭാസന്റെ ‘മധ്യമവ്യായോഗം’ രാജു നരിപ്പറ്റ മാഷ് സംവിധാനം ചെയ്യുന്നു. കേന്ദ്രകഥാപാത്രമായ ഭീമനായി വിജേഷ്. അവന്റെ ബാച്ചിന്റെ പ്രൊഡക്ഷനായിരുന്നു അത്. അത് കാണാൻ ഞാനും പോയി. വിജേഷ് അക്കാലത്തെ അയാളുടെ മെലിഞ്ഞ ഉടലുകൊണ്ട് ഭീമന്റെ സങ്കടങ്ങളെ നിറഞ്ഞുനിന്നു വരച്ചുകാട്ടി.

തന്റെ പഠനകാലത്ത് വിജേഷ് ഒരുപാട് സന്ദർഭങ്ങളിൽ ഇതുപോലെ എന്നെ ഡ്രാമാസ്കൂളിലേക്ക് വിളിച്ചിരുന്നു. പലപ്പോഴും എനിക്ക് പോകാനായില്ല. ചെന്നപ്പോഴൊക്കെ വയലാസാറെയും മൊകേരി മാഷെയും നരിപ്പറ്റ മാഷെയും കൂട്ടുകാരെയും എന്നോട് അയാൾ കൂട്ടിമുട്ടിച്ചു. ലാലൂരിലെ ക്യാമ്പ്, രാമചന്ദ്രൻ മൊകേരിയ്ക്ക് ഒപ്പമുള്ള നാടകാവതരണങ്ങൾ, കുട്ടികൾക്കുവേണ്ടിയുള്ള കളരികളുടെ തുടക്കങ്ങൾ, ഡ്രാമാസ്കൂളിലെ നിരവധിയായ അവതരണങ്ങൾ അങ്ങനെ പലതും ചെയ്തുവെങ്കിലും പഠനം പൂർത്തിയാക്കാതെ അവിടുന്ന് അവൻ തിരിച്ചുവന്നു. ഗോപാലേട്ടൻ, ജോസ് പി റാഫേൽ, പ്രബലൻ വേലൂർ, സുർജിത്തേട്ടൻ, റോയ്, ഒ. സി. മാർട്ടിൻ… പ്രിയപ്പെട്ടവരുടെ ഒരുകൂട്ടത്തെ അവൻ നിരന്തരം വളർത്തിക്കൊണ്ടിരുന്നു.

ഡ്രാമാസ്കൂളിൽ നിന്ന് തിരിച്ചുവന്ന വിജേഷ് പിന്നീട് ക്യാമ്പസ് നാടകവേദികളിലേക്ക് പടർന്നു. അവന്റെ പ്രിയ തട്ടകങ്ങളിലൊന്നായ ഗുരുവായൂരപ്പൻ കോളേജിൽ വിജേഷിന്റെ സംവിധാനത്തിൽ ‘സക്കാറാം ബൈൻഡർ’ കളിച്ചു. ചേതനും കൂടെയുണ്ടായി. അപ്പോഴേക്ക് ഞാനവിടെ അധ്യാപകനായിരുന്നു.

കോളേജിൽ വരുന്ന സമയങ്ങളിൽ എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വിജേഷ് വല്ലാതെ ശ്രദ്ധിച്ചു. പരിമിതമായ സൗകര്യങ്ങളിൽ, ഒന്നോ രണ്ടോ കുട്ടികളുടെ മാത്രം പിൻബലത്തിൽ അയാൾ നാടകം തുടങ്ങിവെയ്ക്കും. പിന്നീടതിന് ഭാഷയും രൂപവും വരും. അയാൾ സ്ക്രിപ്റ്റില്ലാതെ നാടകം കളിച്ചു. കളി തീരുമ്പോൾ അയാളുടെ നാടകങ്ങളും പാട്ടുകളും ഒരു ജൈവസംസ്കാരമായി ചുറ്റുപാടുകളിലേക്ക് പടർന്നു. പിന്നീട് എനിക്ക് അറിയുന്നതും അറിയാത്തതുമായ എത്രയോ ക്യാമ്പസ് നാടകങ്ങൾ അയാൾ പണിപ്പെട്ട് ഉണ്ടാക്കിക്കൊണ്ടിരുന്നു. ഉടലിനും അരങ്ങിനും വേറിട്ട സൗന്ദര്യവും വ്യാകരണവും നിർമിക്കാനുള്ള ത്വരയിലായിരുന്നു അയാൾ. സി.അയ്യപ്പനും ഇ.സന്തോഷ് കുമാറും ഫ്രാൻസിസ് നെറോണയും ഷാജികുമാറും വിജേഷിന്റെ വായനയെ, അരങ്ങുകളെ ചടുലമാക്കി. മഞ്ഞക്കാരൻ തങ്കച്ചനും പെണ്ണാച്ചിയും കാവൽഭൂതവും തൊട്ടപ്പനും പ്രേതഭാഷണവും നാടകമായി. മഹാരാജാസ് അയാളുടെ പ്രധാന തട്ടകങ്ങളിലൊന്നായി. പലരും ശ്രദ്ധിക്കുന്നതിനും പറയുന്നതിനും മുൻപ് കീഴാളമർദ്ദനങ്ങളെയും ഭിന്നലൈംഗികതയെയും വിജേഷ് അരങ്ങിലെത്തിച്ചു. ഒപ്പം പാട്ടുകൾ കെട്ടിയുണ്ടാക്കി. വരച്ചുകൊണ്ടേയിരുന്നു.

കുട്ടികൾക്കുള്ള നാടകപരിശീലനക്കളരികളിലെ അനിവാര്യതയായും സിനിമകളിലേക്ക് കുട്ടികളെ ട്രെയിൻ ചെയ്യുന്നതിനുള്ള പ്രിയ അധ്യാപകനായും വിജേഷ് മുന്നേറി. ഓരോ വിശേഷങ്ങളും വിജേഷ് വിടാതെ അറിയിച്ചുകൊണ്ടിരുന്നു. ഓരോ അവതരണങ്ങളും കാണാൻ പ്രത്യേകം ക്ഷണിച്ചു. സിൽവർ സ്കൂളിന്റെ ഏറ്റവും അടുത്തുകഴിഞ്ഞ ഒരു അവതരണത്തിന്റെ അവസാന റിഹേഴ്സൽ കാണാൻ ജാനുട്ടിയെ കൂട്ടിവരണമെന്ന് ശാഠ്യം പിടിച്ചിരുന്നു. വരാമെന്ന് പറഞ്ഞിട്ടും ഞാൻ ചെന്നില്ല. ആ അവതരണം തുടങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് ഞാൻ എവിടെയെത്തിയെന്ന് അയാൾ അക്ഷമനായി വിളിച്ചുചോദിച്ചുകൊണ്ടിരുന്നു.

വ്യക്തിപരമായി എനിക്ക് അത്യധികം പ്രതിസന്ധിയുണ്ടായിരുന്ന ഒരു ജീവിതസന്ദർഭത്തിൽ ഞാൻ വിജേഷിനെ കൂട്ടി ഒരു യാത്ര പോയിരുന്നു. എന്റെ വിദ്യാർഥികളായ നിധിലിന്റെയും വിജിഷയുടെയും പട്ടാമ്പിയിലുള്ള വീട്ടിലേക്കായിരുന്നു ആ യാത്ര. എന്റെ സ്കൂട്ടറിന് എന്തോ പ്രശ്നമുണ്ടായിരുന്നതിനാൽ മറ്റൊരാളുടെ സ്കൂട്ടർ സംഘടിപ്പിച്ചാണ് യാത്രപോയത്. സ്വതേ ബൈക്കിന്റെ പിറകിൽ ഇരിക്കാൻ ഭയമുള്ള വിജേഷ് പതിവുപോലെ ഭയപ്പെട്ടും, ഓടിക്കുന്ന എന്നെയും റോഡിലുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തിയും സ്കൂട്ടറിന്റെ പിറകിലിരുന്നു. പട്ടാമ്പിയെത്തും മുൻപ് സ്കൂട്ടർ പണിമുടക്കി. അതിലയാൾ സന്തോഷിച്ചു. സ്കൂട്ടർ വഴിയിൽ പാർക്ക് ചെയ്ത് നിധിലിനെ വിളിച്ചു. അവൻ മറ്റൊരു വണ്ടിയുമായി വന്നു. വളരെ വൈകി നിധിലിന്റെ വീട്ടിലെത്തി. വിജിഷയും നിധിലും വിജേഷിനെ ഊഷ്‌മളമായി സ്വീകരിച്ചു. അർദ്ധരാത്രി വൈകിയും വിജേഷ് നിധിലിന്റെ മകൻ നിരഞ്ജനെ ഒറ്റയ്ക്ക് പരിശീലിപ്പിച്ചു കൊണ്ടിരുന്നു.

ഇടശ്ശേരി, ബാലചന്ദ്രൻ, സച്ചിദാനന്ദൻ, കുരീപ്പുഴ, കരിവെള്ളൂർ മുരളി, രാവുണ്ണി അയ്യപ്പൻ, ഡി. വിനയചന്ദ്രൻ എന്നിവരുടെ കവിതകൾ ഇക്കാലമത്രയും അയാൾ നിർത്താതെ പാടാനും പറയാനും എന്നോട് പറഞ്ഞു കൊണ്ടിരുന്നു. മറവി, പ്രണയഗീതം കുറ്റിപ്പുറം പാലം, തിരികെ, എവിടെ ജോൺ ഇതെല്ലാം ഞാൻ അയാൾക്കു വേണ്ടി പാടിക്കൊണ്ടുമിരുന്നു. ഓമനത്തിങ്കൾക്കിടാവോ, മാവ് പൂത്ത പൂവനങ്ങളിൽ, ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു, അത്യാശ്ചര്യം വൈഭവം ഇതെല്ലാം അയാൾക്ക് വേണ്ടി അത്രയും സ്വകാര്യമായും ഇഷ്ടത്തോടെയും ഇക്കാലമത്രയും ഞാൻ പാടുന്നത് തുടർന്നു. ഓമന തിങ്കൾ പാടുമ്പോൾ അയാൾ കുട്ടികളെ ആലോചിച്ച് കരഞ്ഞു. ഇതിനിടയിൽ ഞാൻ കുട്ടികൾക്ക് മുന്നിൽ പാടുന്നില്ല എന്ന അയാളുടെ പരാതി എക്കാലത്തും തുടർന്നുപോന്നു.

ഇടയ്ക്ക് ഞാൻ സച്ചിമാഷുടെ ‘തിരികെ’ എന്ന കവിത ബോബിയുടെ സ്റ്റുഡിയോയിൽ നിന്ന് ചൊല്ലി റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സച്ചിമാഷ് ‘നന്ദി അജ്ഞാത സുഹൃത്തേ’ എന്ന ആമുഖവാക്യത്തോടെ അദ്ദേഹത്തിന്റെ എഫ്.ബിയിൽ അത് ഷെയർ ചെയ്തു. ഇതുകണ്ടപ്പോൾ വിജേഷ് സ്നേഹത്തോടെ, ആവേശത്തോടെ വിളിച്ചു. എന്റെ ചൊല്ലൽ സമാനർ തിരിച്ചറിയുമെന്ന് അയാൾ പ്രത്യാശിച്ചു. എല്ലാവർക്കും തിരിച്ചറിയാനാവുന്നൊരു ശബ്ദം എനിക്കില്ലെന്ന് വിജേഷിന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല. പു.ക.സ സംഘടിപ്പിക്കുന്ന കോഴിക്കോട് ടൗൺഹാളിലെ എ. ശാന്തകുമാർ അനുസ്മരണം. അനുസ്മരണപ്രഭാഷണത്തിന് എന്നെ വിളിക്കണമെന്ന് സംഘാടക സുഹൃത്തുക്കളെ വിജേഷ് അറിയിച്ചു. അകത്തും പുറത്തും പലരും അപ്രിയം പറഞ്ഞു. വിജേഷ് വിട്ടില്ല. വിജേഷിന്റെ നിർബന്ധത്തിൽ ഞാനും അതിന് സമ്മതിച്ചു.വിജേഷ് മുന്നിലിരുന്ന് എന്റെ പ്രഭാഷണത്തിനൊപ്പം ആവേശഭരിതനായി. ഇറങ്ങുമ്പോൾ ശാന്തന്റെ ഉറ്റ സുഹൃത്ത് സുധീർ പറമ്പിലിനൊപ്പം കണ്ണുനിറഞ്ഞ് വന്ന് കെട്ടിപിടിച്ചു. പറഞ്ഞതെല്ലാം എഴുതാൻ പറഞ്ഞു.

വിടപറയുന്നതിന്റെ തലേന്ന് അധികം തവണ വിജേഷ് എന്നെ വിളിച്ചു. ശങ്കറിന്റെ നാടകം കോഴിക്കോട് നടക്കുന്നു, അത് ഫേയ്സ്ബുക്കിൽ ഷെയർ ചെയ്യണമെന്ന് പറഞ്ഞു. ഞാനത് ചെയ്തു. ഇത്തവണ തിയറ്റർ സ്കെച്ചാണെങ്കിൽ, അടുത്ത തവണ ഇറ്റ് ഫോക്കിൽ സ്വന്തം നാടകമാണെന്ന് അയാൾ ഉറപ്പിച്ചുപറഞ്ഞു. അതിനും തൊട്ടുമുൻപുള്ള ദിവസം തൃശ്ശൂരിലേക്കുള്ള യാത്രയിൽ മാമോയോടൊപ്പം കാറിലിരുന്ന് എന്നെ വിളിച്ചു. ഒരു കാര്യവുമില്ലാതിരുന്നിട്ടും എന്നെ സമാധാനിപ്പിക്കും പോലെ അതിതീവ്രമായ സ്നേഹത്തിന്റെയും കരുണയുടെയും പ്രകാശത്തോടെ അയാൾ അവസാനമായി സംസാരിച്ചു.

സർവ്വകലാശാലയിൽ നിന്ന് മടങ്ങി വരുമ്പോഴാണ് വിജേഷ് ഹോസ്പിറ്റലിലാണെന്ന് നിധിൽ എന്നെ വിളിച്ചുപറഞ്ഞത്. ബിനോയിയെ വിളിച്ച് വിവരങ്ങൾ ചോദിച്ചു. അധികം വൈകിയില്ല. അവൻ പോയെന്ന് രാത്രി അനിൽ ജി.എസിന്റെ വിളിയും വന്നു. സൗമ്യയുടെ സ്കൂളിലെ ആന്വൽ ഡേയും കഴിഞ്ഞ് വൈകി ജാനുട്ടിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങൾ. ആ വാർത്ത കേട്ടിട്ടും ഞാൻ കരുതലോടെ കാറോടിച്ചു. വീട്ടിലെത്തി ഹൃദയം തകർന്നുകരഞ്ഞ എന്നെ കണ്ട് ജാനുട്ടി മാറിനിന്നു. അനിവാര്യമായ ആ കരച്ചിലിന് അവരിലേക്കും പടർന്നു.

എനിക്കാ കരച്ചിൽ ഇതുവരെയും നിയന്ത്രിക്കാനായിട്ടില്ല.നടനത്തിനിടയിൽ നീ അരങ്ങിന്റെ പിന്നിലേക്ക് മറഞ്ഞുപോയ, ഞാൻ കാണാത്ത ആ രംഗത്തിന്റെ ആന്തൽ എന്നിൽ നിന്ന് പോവുന്നില്ല.
പലരും പറയും പോലെ അതൊരു ശുഭാന്തത്തിന്റെ അരങ്ങില്ല. പന്തങ്ങൾ കെട്ട, കുരുത്തോലകൾ വീണകാണികളുടെ കണ്ണുപൊള്ളിക്കുന്ന ഏതോ ദുർമന്ത്രവാദിയുടെ ആഭിചാരത്തറ. എന്നേക്കാൾ ഉലഞ്ഞുപോയവരെ കണ്ട് ഞാനെന്റെ ഖേദങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, മരണത്തെയും കുറ്റബോധത്തെയും ഒരുമിച്ച് നേരിടാൻ പഠിപ്പിക്കുന്ന ഞാൻ തന്നെ സംവിധായകനായ ഒരു പരിശീലനകളരിയിലാണ് ഞാനിപ്പോൾ.കുറ്റബോധത്തിന്റെ കാളരാത്രിയെ പിന്നിട്ട് താതവാക്യത്തിൽ ബാലചന്ദ്രൻ എഴുതിയ അവസാനവരി ആവർത്തിച്ചുചൊല്ലി ഞാനെന്റെ ഖേദത്തെ വെറുതെ നേരിടാനായുന്നു.
“ വന്നൂ മാർത്താണ്ഡയാമം തിരയുടെ നടുവിൽ പൊങ്ങി പൊന്നിൻകിരീടം
മുന്നിൽ ബ്രഹ്മാണ്ഡരംഗേ ജനിതക നടനം ജീവചൈതന്യപൂർണ്ണം”
ഇപ്പോഴത്തെ ഈ ദീർഘമായ എഴുത്തും ആ സങ്കടനദിയെ മുറിച്ചുകടക്കാനുള്ള വിഫലമായ ശ്രമങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു…

വിജേഷിന്റെ സർഗാത്മക ഇടപെടലുകൾക്ക് മൂന്ന് ദശകം മാത്രമേ ആയുസ്സുണ്ടായെങ്കിലും അതിന്റെ എത്രയോ മടങ്ങ് ഊർജ്ജവും പ്രഭാവവും പ്രസരിപ്പിച്ചാണ് അയാൾ മടങ്ങിപോകുന്നത്. പാട്ടിലും കൊട്ടിലും വരയിലും ഇതെല്ലാം ചേരുന്ന രംഗഭാഷയിലും അയാൾ കൂടുതൽ സൂക്ഷ്മതകൾ തേടിക്കൊണ്ടിരിക്കുകയായിരുന്നു. തനിക്കനുഭവിക്കാത്തതൊന്നും വിജേഷ് ആവിഷ്കരിച്ചില്ല. അനുഭവിച്ചതിനെയൊക്കെ അയാൾ അയാളുടെ ജീവിതവഴികളിൽ വിടാതെ പിടികൂടി. ഉറുമ്പിനെ പോലെ അയാൾ നിർദ്ദേശങ്ങൾ ശേഖരിച്ചു. അതെല്ലാം വെച്ച് അയാൾ തന്റെ അവതരണങ്ങളുടെ അവസാന വിധികർത്താവായി.

വിജേഷിന്റെ ക്യാമ്പുകളും അരങ്ങുകളും പ്രദേശങ്ങളുടെ ഉത്സവങ്ങളായിരുന്നു. ഉത്സവങ്ങൾ കൊടിയിറങ്ങിയിട്ടും പൂജാരി അവിടെ തുടർന്നു. മടിച്ചുമടിച്ചു തിരിച്ചുപോകുമ്പോൾ വിജേഷ് ആ പ്രദേശത്തെയും കൂടെ കൂട്ടി. ക്യാമ്പസിലും നാട്ടിലും മറ്റും ചില പ്രതിസന്ധികൾ അനുഭവപ്പെട്ട അടിയന്തിരസന്ദർഭങ്ങളിലായിരുന്നു പലരും വിജേഷിനെ നാടകം ചെയ്യാൻ വിളിച്ചിരുന്നത്. ക്യാമ്പസിലെ അരാഷ്ട്രീയ-വലതുപക്ഷവൽക്കരണങ്ങൾ, പ്രദേശങ്ങളിലെ പിന്മടക്കങ്ങൾ, കുടുംബങ്ങളിലെ പുരുഷാധിപത്യ അതിക്രമങ്ങൾ, ഇതര ക്രൈമുകൾ ഇവയെല്ലാം ഇക്കൂട്ടത്തിൽ പെടും. വിജേഷിനുള്ള വിളികളിൽ പലതും ഇടതുപക്ഷ കോർണറുകളിൽ നിന്നായിരുന്നു.

ആഭ്യന്തരവിമർശനങ്ങൾ ഉറക്കെപറഞ്ഞുകൊണ്ട് അയാൾ ആ വിളികളെ ഉത്തരവാദിത്തപൂർവം ഏറ്റെടുത്തു. പരിമിതമായ സാഹചര്യങ്ങളിലും കടുത്ത പ്രതിസന്ധികളിലും നിന്നുകൊണ്ട് അയാൾ ആ ദൗത്യത്തെയും അരങ്ങുകളെയും സാക്ഷാത്ക്കരിച്ചു. വിജേഷിന്റെ നാടകാവതരണങ്ങൾ തീരുമ്പോഴേയ്‌ക്ക് വേദിക്ക് പിറകിൽ നിന്ന് ചിലപ്പോഴെങ്കിലും അടി പൊട്ടിത്തുടങ്ങുന്നുണ്ടായിരുന്നു.

നമ്മുടെ സാംസ്കാരികരംഗം പലതരം കൺസേണുകളിലേക്കു പോവുമ്പോഴും അതൊന്നും നോക്കാതെ അയാൾ തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിന്നു. പണം അയാളുടെ പരിഗണനയായിരുന്നില്ല. ബിനോയ് മാഷെ പോലെ ഒരു അടുത്ത സുഹൃത്തിന്റെ വിളി മാത്രം മതി അയാൾ എന്തിനും ഇറങ്ങിപുറപ്പെടാൻ. നാടകം പഠിപ്പിച്ച ഒരു കുട്ടിയോടും അയാൾ മോശമായി പെരുമാറിയില്ല. ഒരു സാമ്പത്തിക ക്രമക്കേടിലും അയാൾ ചെന്നുപെട്ടില്ല. അധികം വായിക്കാതെ, അക്കാദമിക്കല്ലാതെ, നാട്യങ്ങളില്ലാതെ അസാധാരണമായ മനുഷ്യപ്പറ്റുകൊണ്ട് മാത്രം അയാളുടെ അരങ്ങുകൾ മതേതരവും ജനാധിപത്യപരവും പുരോഗമനപരവുമായി നെഞ്ചുയർത്തിനിന്നു. വ്യവസ്ഥാപിത സംഘടനകൾക്ക് പറയാനാവാത്തതെല്ലാം അയാൾ പറഞ്ഞുകൊണ്ടിരുന്നു.

വിജേഷ്, നാം കുറത്തിയും മറയുമെല്ലാം കളിച്ച നമ്മുടെ സ്വന്തം നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം കുംഭമേളയിലേക്ക് പുറപ്പെട്ട സംഘത്തിലെ അംഗങ്ങളെ കണ്ട് ഞാൻ ശരിക്കും ഞെട്ടി. നിർലജ്ജമായ കൂറുമാറ്റങ്ങളുടെ വാർത്തകൾ നമ്മുടെ പ്രഭാതങ്ങളെ വേട്ടയാടുന്നു.കെ.ജി.എസ് പറഞ്ഞ നമ്മുടെ തലച്ചോറിലെ ചെളിവെള്ളത്തിൽ വളരുന്ന ആ മുതലയ്ക്ക് മക്കളും പേരമക്കളുമായി. കുടത്തിലടച്ച് നാം കടലിലെറിഞ്ഞ ഭൂതങ്ങൾ ഒന്നൊന്നായി മടങ്ങിവരുന്നു. തൊലിപ്പുറമേയുള്ള ഒരു ചികിത്സക്കും പരിഹരിക്കാനാവാത്ത വിധം നാം ജീവിച്ചിരിക്കെ ജീർണിക്കുന്നു. സംഘടിതവും ആസൂത്രിതവുമായ പ്രവൃത്തികൾ നിർദോഷവും വിശുദ്ധവുമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
നാടകം കളിക്കുന്നവരും നാടകം കൊണ്ട് കളിക്കുന്നവരും എന്ന് നമ്മുടെ കൂട്ടരും വഴി പിരിയുന്നുവോ. അപായത്തിന്റെ ഈ പെരുമഴക്കാലത്ത് മനുഷ്യരോട് സംസാരിക്കാനും അവർക്കു മുന്നിൽ നാടകം കളിക്കാനുമുള്ള പുതിയ വഴികൾ പറഞ്ഞുതരാൻ നീയില്ലാതെ പോവുന്നു…ശങ്കരപിള്ള സാറിന്റെയും രാമാനുജം മാഷിന്റെയും വഴികളിൽ നീയിപ്പോൾ കുട്ടികളുടെ കൂട്ടത്തിൽ, അവരുടെ ബഹളങ്ങളിൽ നിവർന്നുനിൽക്കുന്നത് ഞാൻ കാണുന്നു.

വിജേഷിന്റെ അനുസ്മരണം കഴിഞ്ഞ് ടൗൺഹാളിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില കൂട്ടുകാർ എന്നോട് വീണ്ടും വന്നു സംസാരിച്ചു. ശങ്കറും അബീഷും നിധിലും വിജിഷയുമൊക്കെ. കഴിഞ്ഞ 30 വർഷങ്ങളിൽ കേരളത്തിനകത്തും പുറത്തും വിജേഷുണ്ടാക്കിയ വ്യത്യസ്തമായ നാടക സംസ്കാരത്തിന്റെ എല്ലാ വഴികളും ചേർത്ത് അയാൾ എഡിറ്റ് ചെയ്യപ്പെടമെന്ന് അവരെന്നോട് പറഞ്ഞു. അയാൾ പോയ ഇടങ്ങളിലെ സ്പന്ദനങ്ങളെയെല്ലാം ചേർത്തു വെയ്ക്കുന്നതാവണം അത്. വലിയ ശേഖരണവും വർഗീകരണവും വിശകലനവും എല്ലാം പടിപടിയായി അത് ആവശ്യപ്പെടുന്നു. വിജേഷിന്റെ ആദ്യകാല അവതരണങ്ങൾ ഒന്നും റെക്കോർഡ് ചെയ്യപ്പെട്ടില്ല. പത്രങ്ങൾ, ആകാശവാണി, കോളേജ് മാഗസിനുകൾ, സുഹൃത്തുക്കളുടെ സ്വകാര്യശേഖരങ്ങൾ അവയിലെല്ലാം അയാളുണ്ടാവാം. അബീഷ് ആദ്യകാലം വിജേഷ് അയാൾക്ക് വരച്ചുനൽകിയ ഒരു ലോഗോയെ കുറിച്ച് പറഞ്ഞു. ഗിരീഷ് പി. സി.പാലം ഴ സിനിമയ്ക്ക് വേണ്ടി അയാൾ വരച്ച ഒരു പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തിരുന്നു. കബനിയുടെ കൈയ്യിലും ഇങ്ങനെ പലതുമുണ്ടാവും. അയാൾ അതൊന്നും അത്ര ശ്രദ്ധിച്ചില്ല.
വിജേഷിന് പ്രിയമുള്ളവർ, വിജേഷ് തിരിച്ചറിഞ്ഞവർ, കബനി ഏവരും അതിന് പിറകിൽ തന്നെയുണ്ടാകണം. അയാളെ അങ്ങനെ വെറുതെ വിട്ടുകൂടാ…

കൂട്ടുകാരാ…
നീ എനിക്ക് അനിവാര്യതയായിരുന്നു
എന്ന് മറ്റുള്ളവരെ പോലെ ഞെട്ടലോടെ ഞാനും തിരിച്ചറിയുന്നു.
എന്നെ അറിയിക്കാതെ എന്റെ ശത്രുക്കളോട് നീ നിർദ്ദയം യുദ്ധം ചെയ്തു.
കുറേകാലമായി ഒരു പുസ്തകത്തിന്റെ പണിയിലാണ് ഞാൻ.
അച്ഛന്,
അമ്മയ്ക്ക്,
കുഞ്ചുവിന്,
ജാനുട്ടിക്ക് എന്നാണ് അതിന്റെ സമർപ്പണമെന്ന ഭാഗത്ത് ഞാൻ എഴുതിവെച്ചിരുന്നത്.
അവിടെ നിന്റെ പേരു കൂടി എഴുതിച്ചേർക്കുന്നു…
ഞാനില്ലെങ്കിലും,
പുസ്തകം വന്നില്ലെങ്കിലും
അതവിടെയുണ്ടാവും.
യാത്രയില്ല…

Content Highlights: Professor Radhakrishnan Elayidath on renowned drama artist Vijesh KV

dot image
To advertise here,contact us
dot image