വി കുഞ്ഞികൃഷ്ണനെ UDF സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ RSP ശ്രമം; പരിഗണിക്കുന്നത് പയ്യന്നൂരിൽ

കഴിഞ്ഞ ദിവസം ആർഎസ്പി സംസ്ഥാന നേതൃത്വം വി കുഞ്ഞികൃഷ്ണനെ സമീപിച്ചിരുന്നു

വി കുഞ്ഞികൃഷ്ണനെ UDF സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ RSP ശ്രമം; പരിഗണിക്കുന്നത് പയ്യന്നൂരിൽ
dot image

പത്തനംതിട്ട: സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ സീറ്റ് വെച്ചുമാറി പകരം പയ്യന്നൂർ ഏറ്റെടുക്കാനും കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനുമാണ് ചരട് വലിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സമീപിച്ചിരുന്നു.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ആർഎസ്പിയുടെ ആവശ്യം തള്ളിയ വി കുഞ്ഞികൃഷ്ണൻ, ഒരിക്കലും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാൻ തയ്യാറാകില്ലെന്നും വ്യക്തമാക്കി. ഷിബു ബേബി ജോൺ വീട്ടിൽ എത്തിയപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മത്സരിക്കുന്നത് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടി ആകുമെന്നാണ് കുഞ്ഞികൃഷ്ണന്‍റെ വിലയിരുത്തൽ.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ആരോപണം.

വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണൻ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനൻ എംഎൽഎയെ കുഞ്ഞികൃഷ്ണൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎൽഎയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ വിഷയം പാർട്ടിക്കുള്ളിൽ വലിയ കോളിളക്കമാണ് തീർത്തത്. കുഞ്ഞികൃഷ്ണനെ വിമർശിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഫണ്ട് തിരിമറി അടക്കം വെളിപ്പെടുത്തുന്ന സ്വന്തം പുസ്തകവും അദ്ദേഹം പുറത്തിറക്കിയിരുന്നു.

Content Highlights: UDF moves to field V Kunhikrishnan, who was expelled by CPIM, as an independent in Payyannur, Kannur

dot image
To advertise here,contact us
dot image