

തൃശൂർ: കേരളത്തിൽ തുടർഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുക എന്നത് പാർട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് കൂടുതൽ വേരാഴ്ത്തുന്നതിനും സഹായിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. അതിനാൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം, ജയം, തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തികമായ ലക്ഷ്യം. തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുവാൻ ജനാധിപത്യമാണ് ഉണ്ടാകേണ്ടത്. ഇന്ത്യ പോലെയൊരു ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ചുള്ള ഒരു സായുധവിപ്ലവം സാധ്യമല്ല. അതിനാൽ ജനാധിപത്യത്തെ എങ്ങനെ യഥാർത്ഥ ജനാധിപത്യമാക്കി മാറ്റാം എന്ന് ആലോചിക്കുന്നതാണ് സാധ്യമാകുക എന്നും സച്ചിദാനന്ദൻ പറഞ്ഞു.
കോൺഗ്രസ് ആണ് പത്ത് വർഷം ഭരിച്ചതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. കേരളത്തിൽ ഇൻഡ്യ സഖ്യം ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോൾ ബിജെപി ചിലപ്പോൾ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. മധ്യ, ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് പാർട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാൻ പാടില്ല. ഗുരുവിന്റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും സച്ചിദാനന്ദൻ പറഞ്ഞു. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദൻ വിമർശിച്ചു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകൾ നിൽക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തിരിക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
രാജ്യത്ത് ഭരണകൂട വിമർശനം എളുപ്പമല്ലാതായി എന്നും സച്ചിദാനന്ദൻ പറഞ്ഞു. ജനങ്ങളിൽ ഭയം വേരൂന്നുന്നുണ്ട്. ചോദ്യം ചെയ്യാനും വിമർശിക്കാനുമെല്ലാം ഭയമാണ്. ഇത് രാജ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ സച്ചിദാന്ദന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ രംഗത്തുവന്നു. സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികൾക്കും ജനങ്ങൾക്കുമെന്നും വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ് ശൈലജ പറഞ്ഞത്
Content Highlights: Poet and Sahitya Akademi chairman K Satchidanandan has said that Kerala does not need continued rule by the CPM. He stated that it is better for the state when the two major political fronts alternate in power, adding that the political developments in West Bengal serve as an example