'പാദ പൂജ' ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍; നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

dot image

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാറിന് കീഴില്‍, ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്‌കൂളില്‍ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരില്‍ കഴുകിച്ചത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധവും അറിവും വളര്‍ത്തേണ്ട സ്‌കൂളുകള്‍ ജീര്‍ണ്ണമായ വ്യവസ്ഥിതിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവര്‍ണര്‍ക്ക് അക്ഷരം നിഷേധിച്ച സവര്‍ണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാല്‍പ്പാദങ്ങളില്‍ സമര്‍പ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികള്‍ പഠിക്കേണ്ടതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.

ഇത്തരം പരിപാടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കെതിരെയും കര്‍ശനമായ നിയമ-അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Content Highlights: DYFI Against Teachers Foot washing in schools

dot image
To advertise here,contact us
dot image