

ഇന്നലെ നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം കൈവരിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ നേപ്പാളിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടാനായത്. 20 പന്തില്‍ 39 റണ്‍സെടുത്ത ലോകേഷ് ബാമിന്റെ പോരാട്ടം നേപ്പാളിനെ വിജയത്തിലെത്തിച്ചില്ല.
മത്സരത്തിന്റെ നേപ്പാളിന് വിജയിക്കാന്‍ അവസാന ഓവറില്‍ വെറും പത്ത് റണ്‍സുകള്‍ മാത്രമായിരുന്നു ആവശ്യം. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ സാം കറന്‍ നേപ്പാളിനെ പിടിച്ചുകെട്ടി. നിര്‍ണായക ഓവറില്‍ കറന്‍ അഞ്ച് റണ്‍സ് മാത്രമേ വിട്ടു കൊടുത്തുള്ളൂ. കറന്റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷ സാധിച്ചില്ല. രണ്ടാം പന്തില്‍ ഒരു റണ്‍. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് കൂടി. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്തില്‍ രണ്ട് ഓടി ലോകേഷ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ റണ്ണെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തും മനോഹരമായി പൂര്‍ത്തിയാക്കി കറന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
എന്നാല്‍ നേപ്പാളിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ജയത്തിന് ശേഷം ട്രോള്‍ ലഭിക്കുന്നത് ഇന്ത്യന്‍ ടീമിലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിച്ചിരുന്ന താരമാണ് കറന്‍. എന്നാല്‍ ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പ് കറനെ ചെന്നൈ വിട്ടുകൊടുത്തിരുന്നു. കറനൊപ്പം രവീന്ദ്ര ജഡേജയയേും രാജസ്ഥാന്‍ റോയല്‍സിന് ട്രേഡ് ചെയ്യുകയായിരുന്നു ചെന്നൈ. ഇരുവര്‍ക്കും പകരമായാണ് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇക്കാരണം കൊണ്ടാണ് താരത്തിന് നേരെ ട്രോളുകള്‍ ലഭിക്കുന്നത്.



ബിസിസിഐക്ക് പോലും വിശ്വാസം ഇല്ലാത്ത സഞ്ജു സാംസണ് പകരം സാം കറനെ വിട്ടുനല്‍കിയത് സിഎസ്‌കെയുടെ മണ്ടന്‍ തീരുമാനമാണെന്നാണ് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നത്.
CSK traded in form Sam Curran for a finished player like Sanju Samson whom BCCI don't even trust 😭pic.twitter.com/iQjNxu6EiT
— 𝚅𝚊𝚛𝚞𝚗¹⁸ (@varunx18) February 8, 2026
അതേസമയം നേപ്പാളിനെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ജേക്കബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്.
ബേഥല്‍ 35 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്സ് 18 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.
Content Highlights- Sanju Samson gets Trolled after Sam curran great performance vs Nepal