
ബെംഗളൂരു: ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ ശക്തികേന്ദ്രമായ ഹാസനില്‍ തന്ത്രപരമായ നീക്കം നടത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 12 ജെഡിഎസ് നേതാക്കളെ കോണ്ഗ്രസിലെത്തിച്ചിരിക്കുകയാണ് ഡി കെ ശിവകുമാര്‍. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുക ലക്ഷ്യമിട്ടാണ് ശിവകുമാറിന്റെ നീക്കമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാല് ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
'ദേവഗൗഡ കുടുംബത്തിന്റെ രണ്ട് വശങ്ങളും നമ്മള് കണ്ടതാണ്. 2028, ഹാസനിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും നമ്മള് വിജയിക്കും', ഡി കെ ശിവകുമാര്‍ ചടങ്ങില്‍ പറഞ്ഞു. ഹാസന് ജില്ലയില്‍ ഏഴ് നിയോജക മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് 2023ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത്. ബാക്കിയുള്ള സീറ്റുകളില്‍ നാലെണ്ണത്തില്‍ ജെഡിഎസും രണ്ടെണ്ണത്തില്‍ ബിജെപിയുമാണ് വിജയിച്ചത്.
ജനതാദള്‍ എസ്-ബിജെപി സഖ്യം വിജയിക്കില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. മറ്റ് ജനതാദള്‍ എസ് നേതാക്കളോട് കോണ്‍ഗ്രസില്‍ ചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഞാന്‍ നിങ്ങളോട് പറയുന്നു. ജനതാദള്‍ എസില്‍ ഭാവിയില്ല. അതൊരു പാര്‍ട്ടിയല്ല, അത് വെറുമൊരു കുടുംബം മാത്രമാണ്. എന്റെ സഹോദരനെ പരാജയപ്പെടുത്താന്‍ ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്റെ മരുമകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. എന്താ എനിക്ക് തന്ത്രം അറിയില്ലേ. ദേശീയ അദ്ധ്യക്ഷന്റെ ചെറുമകനെ പരാജയപ്പെടുത്താന്‍ ഞാന്‍ യോഗേശ്വരയെ കൊണ്ടുവന്നു, ഡി കെ ശിവകുമാര്‍ പറഞ്ഞു.
Content Highlights: Twelve leaders from JD(S) and four of the BJP switched sides and joined Congress at karnataka