

ന്യൂഡല്‍ഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഹൈക്കോടതിയെ സമീപിച്ചു. മെറ്റയ്ക്കും എക്സിനും ഗൂഗിളിനുമെതിരെയാണ് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മെറ്റയ്ക്കും എക്സിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.
ഇ20 ഇന്ധന മിശ്രണ പദ്ധതിയില്‍ ഉത്തരവാദിത്തം ഇല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഇ 20 ഇന്ധന മിശ്രണ പദ്ധതിയില്‍ പങ്കില്ലെന്നും തനിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നും ഗഡ്കരി പറയുന്നു. 26 വ്യാജ പ്രചരണ വീഡിയോകള്‍ നീക്കണമെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെടുന്നുണ്ട്. 2003ലെ എഥനോള്‍ മിശ്രണ നയം അനുരിച്ച് മാത്രമേ മുന്നോട്ട് പോയിട്ടുള്ളു എന്നും ഗഡ്കരി വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ നിതിന്‍ ഗഡ്കരിയുടെ മകന്റെ സ്ഥാപനത്തിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇ20 പെട്രോള്‍ വന്നതിന് പിന്നാലെ കമ്പനിയുടെ ആസ്തിയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ പദ്ധതിയുടെ ഉപഭോക്താക്കളാണെന്ന പ്രചരണം വ്യജമാണെന്നാണ് ഗഡ്കരി പറയുന്നത്.
അതേസമയം ഇ20 ജനതാ പാര്‍ട്ടിക്ക് സമൂഹ മാധ്യമങ്ങളില്‍ പിന്തുണ ഏറുകയാണ്. നിതിന്‍ ഗഡ്കരിക്കെതിരായ വിമര്‍ശനങ്ങളാണ് ഇജെപി പ്രധാനമായും ഉന്നയിക്കുന്നത്. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിലെ പല ടാക്‌സി അസോസിയേഷനുകളും ടൂറിസ്റ്റ് അസോസിയേഷനുകളും ആഗസ്റ്റ് നാലിന് വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജന്തര്‍ മന്തറിലാണ് പ്രതിഷേധം. വിഷയം ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചെ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഹൈബി ഈഡന്‍ എംപി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കിയിരുന്നു. വിഷത്തില്‍ ഇതിനോടകം തന്നെ ആംആദ്മി പാര്‍ട്ടിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇജെപിക്ക് പിന്നില്‍ ആരാണ് എന്നതില്‍ വ്യക്തതയില്ല. ഇജെപി സമര രീതികള്‍ മനസ്സിലാക്കിയതിന് ശേഷമായിരിക്കും പിന്തുണ നല്‍കുന്നതില്‍ നിലപാട് സ്വീകരിക്കുക എന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്.
Content Highlights: Union Minister Nitin Gadkari has moved the Bombay High Court seeking the removal of alleged fake videos and misleading content related to the E20 fuel blending programme. He has denied any personal or family involvement in the project and requested directions to Meta, X, and Google to act against the content.