ആരാണ് സാരാന്‍ശ് ജെയിന്‍? ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റംകുറിക്കാൻ 33-കാരൻ

ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് മധ്യപ്രദേശുകാരനായ താരം

ആരാണ് സാരാന്‍ശ് ജെയിന്‍? ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റംകുറിക്കാൻ 33-കാരൻ
dot image

ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ തിളങ്ങിയത് ഒരാളാണ്. സാരാന്‍ശ് ജെയിന്‍ എന്ന മധ്യപ്രദേശുകാരന്‍. പ്രായം 33. ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരം കൂടിയാണ് സാരാന്‍ശ് ജെയിന്‍. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ടീമിലെത്തിയ സാരാന്‍ശ് ജെയിന്‍ ടീം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായി. കന്നി ഇന്ത്യന്‍ ടെസ്റ്റ് ടീം വിളി ലഭിച്ച ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്.

വാഷിങ്ടണ്‍ സുന്ദറിന് പേശിക്കേറ്റ പരിക്ക് സാരാന്‍ശ് ജെയിനിന് മുന്‍നിര ക്രിക്കറ്റിലേക്ക് വലിയൊരു വാതില്‍ തുറന്നു കൊടുത്തിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിലേറെയായി മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സാരാന്‍ശ് ജെയിന്‍ മൈതനത്തെ ത്രസിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കാറുള്ളത്.

ആഭ്യന്തര മത്സരങ്ങളിലെ മികവ്
2019-ല്‍ മധ്യപ്രദേശിനായി അരങ്ങേറ്റം കുറിച്ച സാരാന്‍ശ് ജെയിന്‍, ടീമിന്റെ ബൗളിംഗ് നിരയിലെ പ്രധാന തൂണുകളിലൊന്നാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 35-ലധികം മത്സരങ്ങളില്‍ നിന്നായി 120-ലധികം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. വെറുമൊരു ബൗളര്‍ എന്നതിലുപരി മികച്ച ബാറ്റിംഗ് സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറികളും നിരവധി അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 1,000-ത്തിലധികം റണ്‍സ് സാരാന്‍ശ് നേടിയിട്ടുണ്ട്.


ഇന്ത്യ എ ടീമിലെ പ്രകടനം
അടുത്തിടെ നടന്ന 'ഇന്ത്യ എ' മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാരാന്‍ശിനെ സഹായിച്ചത്. വിദേശ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി അദ്ദേഹം തന്റെ മികവ് തെളിയിച്ചിരുന്നു.

ഇനി ശ്രീലങ്കയിലേക്ക്
ശ്രീലങ്കന്‍ സാഹചര്യങ്ങളില്‍ സ്പിന്‍ ബൗളിംഗിന് വലിയ പ്രാധാന്യമുള്ളതിനാല്‍, രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പം സ്പിന്‍ ബൗളിംഗ് വിഭാഗത്തില്‍ സാരാന്‍ശിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് കൂടുതല്‍ വൈവിധ്യം നല്‍കും. ഓഗസ്റ്റ് 15-ന് ഗാല്ലെയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ സാരാംശ് ജെയിന്‍ തന്റെ കന്നി ടെസ്റ്റ് ക്യാപ് അണിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ശ് ജെയിന്‍.

content highlights: Who is Saransh Jain? The 33-Year-Old All-Rounder Earning Maiden India Call-up for Sri Lanka Test Series

dot image
To advertise here,contact us
dot image