ശബരിമല സ്വര്‍ണ്ണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ സന്നിദാനത്ത് നിന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്തിരുന്നു

ശബരിമല സ്വര്‍ണ്ണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
dot image

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് ആംഗമായിരുന്ന അജികുമാറിനേയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്‌ഐടി നേരത്തെ നല്‍കിയിരുന്നു.

ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ക്ലബിലേക്ക് എത്തിക്കുക. 2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇതിനോടകം സന്നിദാനത്ത് നിന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചോദ്യാവലി അടക്കം തയ്യാറാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലാണ് നടത്തുന്നത്.

പാളികള്‍ സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന്‍ ഓഫീസിലെ സൂപ്രണ്ട് നല്‍കിയ കത്ത് പി എസ് പ്രശാന്ത് അവഗണിച്ചുവെന്ന് കണ്ടെത്തിയിരുന്നു. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില്‍ തന്നെ ചെയ്യണം എന്നായിരുന്നു സൂപ്രണ്ട് നല്‍കിയ കത്ത്. ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്. ഈ നിര്‍ദേശമാണ് അവഗണിച്ചത്. കേസില്‍ പി എസ് പ്രശാന്തിനെയും അജികുമാറിനെയും കഴിഞ്ഞ ആഴ്ചയാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നതിനാല്‍ വിശദമായ കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ പരാമര്‍ശമുള്ളത്. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന്‍ അവസരം ഒരുക്കി. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തലുണ്ട്.

Content Highlights: The SIT has obtained one-day custody of former Devaswom Board President P.S. Prasanth and board member Ajikumar in the Sabarimala gold case. Investigators are set to question both together as they examine records and transactions linked to the alleged irregularities.

dot image
To advertise here,contact us
dot image