'ഡല്‍ഹി പൊലീസ് നടപടികളില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യം'; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

അതേസമയം പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു

'ഡല്‍ഹി പൊലീസ് നടപടികളില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യം'; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പാര്‍ലമെന്റ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഡൽഹി പൊലീസിനെതിരായി ലഭിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് നടപടികളില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമെന്നും കോടതി ചൂണ്ടിക്കാട്ടി. സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ഇക്കഴിഞ്ഞ ജൂലായ് 20നാണ് പൊലീസ് നടപടി ഉണ്ടായത്. ഇക്കാര്യത്തിലാണ് പൊലീസിന് എതിരായ പരാതികള്‍ എണ്ണിപ്പറഞ്ഞുള്ള കോടതിയുടെ പരാമർശം. പ്രതിഷേധക്കാര്‍ക്കും പൊലീസുകാര്‍ക്കും എതിരായ അതിക്രമം അന്വേഷിക്കേണ്ടതുണ്ട്. നിയമം കയ്യിലെടുക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യണം. ഇതിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി നിരീക്ഷിച്ചു.

പെല്ലറ്റ് പ്രയോഗം മൂലം 19 വയസുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ഇലക്ട്രിക് ബാറ്റണ്‍ ഉപയോഗിച്ചു, പൊലീസ് നടപടി മൂലം യുവതി ഐസിയുവില്‍ കഴിയുന്നു, മുള്ള് ഉള്ള ലാത്തിയുടെ ഉപയോഗം കാരണം ജീവന്‍ നഷ്ടമാകും, മാധ്യമ പ്രവര്‍ത്തകന് നേരെയും അതിക്രമമുണ്ടായി, യൂണിഫോമിലല്ലാത്ത പൊലീസ് അതിക്രമം ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്, പ്രകോപനമില്ലാതെ യുവതിയെ പൊലീസ് അടിച്ചുവെന്നും പരാതികള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പൊലീസ് യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്തവര്‍ പ്രതിഷേധക്കാരെ ആക്രമിച്ചുവെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചത്. ഇത്തരം അക്രമികളെ ഡല്‍ഹി പൊലീസ് പിന്തുണച്ചു. അക്രമികള്‍ക്ക് സംരക്ഷണം നല്‍കിയത് ഒരു പൊലീസ് കോണ്‍സ്റ്റബിളാണ്. അതേസമയം ബിഹാറില്‍ പ്രതിഷേധക്കാരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടത് എകെ 47 ചൂണ്ടിയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊലീസ് മര്‍ദനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി നല്‍കണം. പ്രതിഷേധക്കാരെ വിട്ടയക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്ന കേസെടുത്ത സംസ്ഥാനങ്ങളോടാണ് നിര്‍ദേശം. പ്രതിഷേധത്തിന്റെ ഭാഗമായി റിമാന്‍ഡ് ചെയ്ത പതിനെട്ട് വയസില്‍ താഴെയുള്ളവരെ വിട്ടയയ്ക്കണം. അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എതിരായ കേസുകള്‍ സര്‍ക്കാരിന് പരിശോധിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഡാറ്റയും സംരക്ഷിക്കണം. പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത്, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനങ്ങളുടെയും മറുപടി ലഭിച്ച ശേഷം എസ്ഐടി രൂപീകരിക്കുന്നതില്‍ സുപ്രീം കോടതി തീരുമാനമെടുക്കും. സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. പൊടരാജു എന്ന പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റുവെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Content Highlights: The Supreme Court stated that an independent investigation is necessary into the actions of Delhi Police. The court’s observation came while considering the matter related to the police proceedings

dot image
To advertise here,contact us
dot image