

ഫെബ്രുവരിയില്‍ ആരംഭിച്ച അമേരിക്ക-ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫില്‍ ജോലി സാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും ശമ്പളത്തിലെ വെട്ടിക്കുറക്കലുകളും കാരണം ഇന്ത്യന്‍ പ്രവാസികളടക്കം പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആളുകളെ പിരിച്ചുവിടുന്നതെന്നും ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ അക്കൗണ്ടന്റായ മുജീബ് റഹ്‌മാന്‍ അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
യുഎഇയിലെ 546 കമ്പനികളില്‍ നടത്തിയ മാന്‍പവര്‍ സര്‍വേയില്‍ നാലില്‍ ഒന്ന് കമ്പനികളും അവരുടെ ജോലികള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നില്‍ ഒന്ന് കമ്പനികളും പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികള്‍ ജോലികളില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നത്. ജോലി നഷ്ടപ്പെടാത്തവരും ശമ്പളത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയിലാണ്. നിരവധി തൊഴിലാളികളുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
45 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ച അനുഭവമുള്ളവരുമുണ്ട്. ജോലിയില്‍ മാത്രമല്ല, വിദ്യാഭ്യാസത്തിന്റ കാര്യത്തിലും യുദ്ധം ഗള്‍ഫ് മേഖലകളില്‍ അസ്ഥിരത കൊണ്ടുവന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനായി മാറി. മാത്രവുമല്ല, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2000 മുതല്‍ 3000 ദിര്‍ഹം വരെ മാത്രമേ ശമ്പളം ലഭിക്കുന്നുള്ളുവെന്നും കോളേജ് കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരും പ്രതികരിക്കുന്നു.
ഏത് നിമിഷവും ജോലി ഇല്ലാതാകുമെന്ന പേടിയില്‍ ജീവിക്കുന്നവരും യുഎഇയിലുണ്ട്. ജോലി നഷ്ടമായാല്‍ എന്ത് ചെയ്യുമെന്ന പേടിയില്‍ മാനസികമായ സമ്മര്‍ദ്ദത്തിലൂടെയാണ് ജോലി ചെയ്യുന്നതെന്ന് ലോജിസ്റ്റിക് സെക്ടറില്‍ ജോലി ചെയ്യുന്ന ദില്‍ഷ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ എഐ പോലുള്ള ജോലി സ്ഥലങ്ങളില്‍ യുദ്ധം വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഐയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നുണ്ടെന്ന് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിക്‌സ്ത് ഫാക്ടര്‍ കണ്‍സള്‍ട്ടിങ്ങിന്റെ സ്ഥാപകനും സിഇഒയുമായ ഹിമാന്‍ഷു വശിഷ്ട പറഞ്ഞു. അതേസമയം യുദ്ധപ്രതിസന്ധിയിലും ബിസിനസുകളെ സഹായിക്കുന്നതിനായി 680 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്കേജിന്റെ പിന്തുണ യുഎഇ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: The US-Iran conflict that started in February has reportedly affected employment opportunities across Gulf countries. With businesses adopting a cautious approach amid regional tensions, recruitment has slowed, leaving thousands of Indian expatriates concerned about job security and future employment prospects