CJP പ്രതിഷേധം: കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് ബിജെപിയില്‍ വിലയിരുത്തല്‍

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നായിരുന്നു സിജെപി ആരോപിച്ചത്

CJP പ്രതിഷേധം: കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് ബിജെപിയില്‍ വിലയിരുത്തല്‍
dot image

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപിയില്‍ വിലയിരുത്തല്‍. ധർമേന്ദ്ര പ്രധാന്റെ രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും പാര്‍ട്ടി കണ്ടെത്തി. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കാനാണ് ബിജെപി തീരുമാനം. പാര്‍ട്ടിയുടെ സമൂഹ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.

കോക്രോച്ച് ജനതാ പാര്‍ട്ടി - കേന്ദ്ര സര്‍ക്കാര്‍ ധാരണകളില്‍, ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് തന്നെ എഴുതി നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിജെപി - സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ ബിഹാര്‍, അസം സര്‍ക്കാരുകളുടെ വിജ്ഞാപന പകര്‍പ്പുകള്‍ കൈമാറിയിട്ടുണ്ട്. ബിഹാറിന് പിന്നാലെ അസം സര്‍ക്കാരും എഫ്‌ഐആറുകള്‍ റദ്ദാക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നായിരുന്നു സിജെപി ആരോപിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. ഇതിനിടെ കബില്‍ സിബല്‍ സിജെപിക്ക് നിയമസഹായത്തിനായി ഒരു കോടി രൂപ നല്‍കുന്നതായും അറിയിച്ചിരുന്നു.

ഇതിനിടെ ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം നടന്നെന്ന വിവരമാണ് പുറത്തു വന്നത്. അവസാന നിമിഷം വരെ ധര്‍മ്മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ കേന്ദ്രം ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. വകുപ്പ് മാറ്റാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ സിജെപിക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ രാജി എന്ന നിലപാടില്‍ സിജെപി ഉറച്ച് നിന്നതോടെയാണ് കേന്ദ്രത്തിന് വഴങ്ങേണ്ടി വന്നത്.

അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടിയും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആക്ഷേപഹാസ്യ പ്രസ്ഥാനത്തിന്റെ ഉദയം. കേന്ദ്ര മന്ത്രി നിതില്‍ ഗഡ്കരിക്കെതിരായ വിമര്‍ശനങ്ങളാണ് പേജിലുള്ളത്. വിഷത്തില്‍ ഇതിനോടകം തന്നെ ആംആദ്മി പാര്‍ട്ടി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇജെപിക്ക് പിന്നില്‍ ആരാണ് എന്നതില്‍ വ്യക്തതയില്ല. ഇജെപി സമര രീതികള്‍ മനസ്സിലാക്കിയതിന് ശേഷമായിരിക്കും പിന്തുണ നല്‍കുന്നതില്‍ നിലപാട് സ്വീകരിക്കുക എന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്.

സമരം എങ്ങനെയെന്നും എന്തെന്നും അറിയാതെ നിലപാട് പറയില്ലെന്ന് എ എ റഹീം എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിജെപിയ്ക്ക് പിന്തുണ നല്‍കിയത് സമര രീതി എന്തെന്ന് വ്യക്തമായി അറിഞ്ഞതിന് ശേഷമായിരുന്നു. ഇ20 യ്‌ക്കെതിരായ പോരാട്ടം ന്യായമാണെന്ന് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇ 20 യ്‌ക്കെതിരായ പ്രക്ഷോഭം ശക്തമാക്കും. ഇ20 പെട്രോള്‍ വാഹനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. പാര്‍ലമെന്റിനകത്ത് വിഷയം ശക്തമായി ഉയര്‍ത്തുമെന്നും പുറത്ത് ക്രിയാത്മകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും എ എ റഹീം എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: The Central Government is likely to submit written assurances to CJP today as efforts continue to resolve the Delhi protest. At the same time, the E20 Janata Party is drawing increasing public attention, adding a new political dimension to the ongoing developments.

dot image
To advertise here,contact us
dot image