ഉമ്മന്‍ ചാണ്ടിക്കായി ചാവേറായി നിന്നയാളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍, അദ്ദേഹം പറഞ്ഞത് സത്യം: മറിയാമ്മ ഉമ്മൻ

ഉമ്മൻ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവർ പറഞ്ഞു

ഉമ്മന്‍ ചാണ്ടിക്കായി ചാവേറായി നിന്നയാളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍, അദ്ദേഹം പറഞ്ഞത് സത്യം: മറിയാമ്മ ഉമ്മൻ
Mariyamma Oommen/Rajmohan Unnithan
dot image

പുതുപ്പള്ളി: രാജ്മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് സത്യമാണെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രതിസന്ധി സമയത്ത് കുറച്ചുപേരേ കൂടെ ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവർ പറഞ്ഞു.

ഷാഫി പറമ്പില്‍ അന്ന് എ ഗ്രൂപ്പിന്റെ ഭാഗം ഒന്നും ആയിരുന്നില്ല. ഉമ്മന്‍ചാണ്ടി ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ആളായിരുന്നു ഷാഫി പറമ്പില്‍. അദ്ദേഹം ഇങ്ങോട്ട് എത്ര സ്‌നേഹിച്ചിരുന്നു എന്ന് അറിയില്ല. അത് അദ്ദേഹം മനസാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും മറിയാമ്മ പറഞ്ഞു. അന്ന് അവര്‍ കൊച്ചുപിള്ളേര്‍ ആണെന്നും അവർ കൂട്ടിച്ചേർത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ എസ് അഖിലിന്റെ പേര് ഡയറിയില്‍ എഴുതി വെച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആയിരുന്നില്ല പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പറഞ്ഞിട്ടേയില്ല. നോട്ട്പാഡില്‍ ജെ എസ് അഖിലിന്റെ പേര് ഉണ്ടായിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് സത്യമാണെന്നും മറിയാമ്മ ഉമ്മന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിക്കായി ചാവേറായി നിന്നയാളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഷാഫിയുമായോ രാഹുലുമായോ കുടുംബപരമായി അടുപ്പം ഉണ്ടായിരുന്നില്ല. രാജ്‌മോഹന്‍ ഉണ്ണിത്താനോട് നന്ദിയുണ്ട്. അത് എല്ലാ കാലത്തും ഉണ്ടാകും. ഉമ്മന്‍ചാണ്ടിക്ക് മുഴുവന്‍ സപ്പോര്‍ട്ട് നല്‍കി നിന്നായാളാണെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.

ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞതിന് പിന്നാലെയാണ് മറിയാമ്മ ഉമ്മന്റെ അടക്കം പ്രതികരണം വന്നിരിക്കുന്നത്. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിലെ ആരേയും കണ്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി. പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് ഉണ്ണിത്താന്‍ ഓര്‍മ്മപ്പെടുത്തി.

ഉമ്മൻ ചാണ്ടി സ്‌കൂൾ ഒഫ് പൊളിറ്റിക്‌സിൽ പഠിച്ച എല്ലാവരും സരിത കേസ് വന്നപ്പോൾ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ചിലർ കുട പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, കെ സി ജോസഫ്, എ പി അനിൽ കുമാർ അടക്കമുള്ളവരെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താൻ.

ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബർ ആക്രമണം എല്ലാം താൻ പരിശോധിച്ചു. അപ്പോഴാണ് നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണം.

Content Highlights: mariyamma oommen supports rajmohan unnithan amid kerala political controversy

dot image
To advertise here,contact us
dot image