ബേബി ജീൻ ഇനി നായകൻ; ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം 'അക്ഷരംപ്രതി' ആരംഭിച്ചു

ജീത്തു ജോസഫിനൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് രേഷ്മ ശിവകുമാർ സ്വതന്ത്ര സംവിധായികയായി ‘അക്ഷരപ്രതി’യിലൂടെ എത്തുന്നത്

ബേബി ജീൻ ഇനി നായകൻ; ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം 'അക്ഷരംപ്രതി' ആരംഭിച്ചു
Baby Jean Lights Lamp
dot image

പ്രതീക്ഷ പകരുന്ന ഒരുപിടി ചിത്രങ്ങളുമായി മലയാള സിനിമയിൽ ശ്രദ്ധേയമായ ചുവടുവെപ്പുമായി മുന്നേറുന്ന, ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രമായ ‘അക്ഷരപ്രതി’യുടെ പൂജാ ചടങ്ങുകൾ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻ്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്. ജിത്തു ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും സന്നിഹിതരായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആയാണ് ചിത്രം ഒരുങ്ങുന്നത്. ബേബി ജീൻ നായകനായി എത്തുന്ന ചിത്രം, അദ്ദേഹം ആദ്യമായി നായകവേഷം അവതരിപ്പിക്കുന്ന സിനിമ കൂടിയാണ്. സംവിധായിക രേഷ്മ ശിവകുമാർ, അരുൺ സി എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

ചടങ്ങിൽ ചിത്രത്തിലെ നായകൻ ബേബി ജീൻ, ഗോപിക രമേഷ്, ഗ്രേസ് ആന്റണി എന്നിവർ പങ്കെടുത്തു. ജീത്തു ജോസഫിനൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് രേഷ്മ ശിവകുമാർ സ്വതന്ത്ര സംവിധായികയായി ‘അക്ഷരപ്രതി’യിലൂടെ എത്തുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. ബേബി ജീൻ, ഗ്രേസ് ആന്റണി, ഗോപിക രമേഷ് എന്നിവർക്കൊപ്പം മഞ്ജു പിള്ളൈ, ലെന, ശരത് സഭ, ചന്ദു സാലിംകുമാർ, ഷാൻ റഹ്മാൻ, ശ്രീരേഖ രാജഗോപാൽ, നന്ദന (ഉപ്പും മുളകും), അൽത്താഫ് സലിം, സുധി കോഴിക്കോട്, അനാർക്കലി മരിക്കാർ, ശിവ ഹരിഹരൻ, ശിവ കുമാർ (ശിവ എന്റർടെയ്നർ), ഷഫ്ന നിസാം, ഗംഗ മീര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ രൂപം നൽകിയ ഇന്ത്യൻ സിനിമാ കമ്പനി കഴിഞ്ഞ 2 മാസത്തിനുള്ളിൽ മൂന്ന് നവാഗത സംവിധായകരുടെ ചിത്രങ്ങൾക്കാണ് തുടക്കമിട്ടത്. വ്യത്യസ്തമായ പ്രമേയങ്ങളുമായി എത്തുന്ന ഈ മൂന്ന് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകർക്ക് അവസരം നൽകുകയാണ് നിർമ്മാണ കമ്പനി. ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയാണ് കഴിഞ്ഞ മാസങ്ങളിൽ ചിത്രീകരണം ആരംഭിച്ചത്.

ഷറഫുദ്ദീൻ നായകനാകുന്ന ജിതേഷ് റാമിന്റെ ചിത്രം ഒരു ഫാമിലി എന്റർടെയിനറാണ്. അലൻ ബിൻ സിറാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രണയകഥയാണ് രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയം. കിരൺ കെ.എസ്. തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത, പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘നരിവേട്ട’ നിർമ്മിച്ചുകൊണ്ടാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന് പിന്നാലെ പ്രതിഭാധനരായ പുതിയ സംവിധായകരെയും കലാകാരന്മാരെയും പിന്തുണച്ച് കൂടുതൽ മികച്ച സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ‘അക്ഷരപ്രതി’യുടെ പൂജാ ചടങ്ങുകളോടെ ഈ യാത്രയിലെ അഞ്ചാമത്തെ ചിത്രത്തിനും തുടക്കമായിരിക്കുകയാണ്.

സംഗീതം: ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി , ഛായാഗ്രഹണം: ജിതേഷ് മംഗലപ്പിള്ളി, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, കലാസംവിധാനം: എം. ബാവ, കോസ്റ്റ്യൂം: സമീറ സനീഷ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുസീലൻ, ചീഫ് അസോസിയേറ്റ്സ്: പ്രകാശ് കെ. മധു, സോണി ജി. സോളമൻ, മേക്കപ്പ്: ആർ.ജെ. വയനാട്, കാസ്റ്റിംഗ് ഡയറക്ടർ: വിവേക് അനിരുദ്ധ്, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, ഡി.ഐ: ഇന്ത്യൻ സിനിമാ കമ്പനി, വി.എഫ്.എക്സ്: ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Baby Jean Starrer new movie aksharamprathi shoot starts

dot image
To advertise here,contact us
dot image