

തിരുവനന്തപുരം: സത്യസായി ബാവയുടെ 101-ാം ജന്മദിനാഘോഷത്തില് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് പുട്ടപര്‍ത്തിയിലെത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍. കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ദുബായിലെ മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയായ ട്രാന്‍സ് വേള്‍ഡിന്റെ ആഡംബര വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇടനിലക്കാരനാണ് വിമാനം ബുക്ക് ചെയ്തതെന്നാണ് വിവരം. ചാര്‍ട്ടേഡ് വിമാനത്തിന് പിന്നിലാര്? സ്വകാര്യ യാത്രകള്‍ക്ക് സ്പോണ്സര് ആര്? മുന്‍ യാത്രകളുടെ സ്പോണ്സര് ആര്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ വിമാന യാത്രയെ സംബന്ധിച്ച് ഉയരുന്നത്.
സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണോ വിമാനം എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ ഇതേ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇതിലെ ചെലവ് ആരാണ് വഹിച്ചത് എന്ന് കാര്യത്തിലും ആരാണ് ആ ഇടനിലക്കാരന് എന്ന് കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കൊച്ചിയിലെത്തിയ ശേഷം കോട്ടയത്ത് ചാവറ കുര്യാക്കോസ് വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷികം ഉദ്ഘാടനം ചെയ്തശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി പത്തനാപുരത്തേക്ക് പോയത്.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലല്ലാതെ സ്വകാര്യ വ്യക്തികള്‍ നല്കുന്ന സൊജന്യവും ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഒന്നിന് പുറകേ ഒന്നായി സ്പോണ്സര് യാത്രകള്‍ നടത്തുന്നത്. അഴിമതിക്ക് സമാനമാണ് ഇത്തരം യ്രാത്രകള് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. നേരത്തെയും മുഖ്യമന്ത്രി വി ഡി സതീശന് നടത്തുന്ന ചാര്‍ട്ടേഡ് വിമാന യാത്രകള്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കൊച്ചിയിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്രയായിരുന്നു ഇതില്‍ ആദ്യം. ഒരു നിക്ഷേപകനെ കാണാന്‍ എന്നായിരുന്നു അന്ന് സതീശന് പറഞ്ഞിരുന്നത്. എന്നാല്‍ ആരാണ് ആ നിക്ഷേപകന് എന്ന ചോദ്യത്തിന് ഇന്നുവരെയും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.
ഹെലികോപ്റ്റര്‍ യാത്രയുടെ സ്പോണ്സര് ആരാണെന്നും ഇപ്പോഴും വ്യക്തമല്ല. മലപ്പുറത്ത് പ്രളയ കെടുതിയിടെ പശ്ചാത്തലത്തില്‍ സതീശന് പോയതും ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു. സ്വകാര്യ വ്യക്തി സ്പോണ്സര് ചെയ്ത വിമാനത്തിലായിരുന്നു താന്‍ പോയതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അവിടെയും സ്പോണ്സര് ആരാണെന്ന് കേരളത്തിന് ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ ആറ് മാസത്തിനിടെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് കേരളത്തിന് മുന്നില്‍ ഉള്ളത്. ഒരു സ്പോണ്‍സേര്‍ഡ് സര്‍ക്കാരാണോ ഭരിക്കുന്നത് എന്നാണ് പ്രതിപക്ഷ വിമര്‍ശനം.
Content Highlights: Chief Minister VD Satheesan travelled from Kochi airport to Puttaparthi in a chartered aircraft to attend Sathya Sai Baba's 101st birthday celebrations. The luxury plane reportedly belonged to Dubai-based multinational shipping company Transworld. Reports suggest an intermediary arranged the booking, raising questions about who funded the chartered flight, whether private trips are sponsored, and who financed the Chief Minister's earlier journeys.