വിലയിടിവിന് പിന്നാലെ സ്വർണത്തിന് വമ്പൻ തിരിച്ചുവരവ്; വില വീണ്ടും 93,000 കടന്നു

വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്

വിലയിടിവിന് പിന്നാലെ സ്വർണത്തിന് വമ്പൻ തിരിച്ചുവരവ്; വില വീണ്ടും 93,000 കടന്നു
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. 22 കാരറ്റ് സ്വർണ വില പവന് 920 രൂപയുടെ വർധനയോടെ 93,720 രൂപയും ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നവംബർ 21, 22 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായിരുന്നു നിരക്ക്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലക്കായിരുന്നു ഇത്.

നവംബർ മാസത്തിന്റെ തുടക്കത്തിൽ 12,730 രൂപയായിരുന്ന ഗ്രാം വില, നവംബർ അഞ്ചിനും ആറിനും രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,385 രൂപയിലെത്തിയിരുന്നു (പവന് 1,07,080 രൂപ). തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞുവന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളും യുഎസ് ഡോളര്‍ സൂചികയുടെയും യുഎസ് സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡിന്റെയും കുതിപ്പുമാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലത്തകര്‍ച്ചയ്ക്കു വഴിവച്ചത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,503 ഡോളറിലേക്ക് താഴ്ന്നശേഷം നിലവിൽ നേരിയ വീണ്ടെടുപ്പോടെ 3600 ഡോളർ കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള ഓഹരി വിപണിയിൽ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഓഹരികളിലുണ്ടായ വൻ ഇടിവാണ് സ്വർണവില

നിലവിൽ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഓഹരി വിപണിയിലെ അനിശ്ചിതത്വവും നിക്ഷേപ നഷ്ടസാധ്യതയും വർധിച്ചതോടെ നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണം മാറ്റുകയാണ്. സാമ്പത്തിക പ്രതിസന്ധികളുടെയും വിപണിയിലെ ചാഞ്ചാട്ടങ്ങളുടെയും കാലത്ത് സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്ന പ്രവണതയാണ് ഇതിന് പിന്നിൽ.

ഇതിനുപുറമെ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, വിവിധ രാജ്യങ്ങൾക്കിടയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള വിപണിയിലെ ഈ മാറ്റങ്ങളുടെ പ്രതിഫലനമായാണ് കേരളത്തിലും സ്വർണവില കുതിച്ചുയരുന്നത്. വരും ദിവസങ്ങളിലും ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Content Highlights: Gold Prices in kerala Rebound Sharply After Recent Decline; Kerala Gold Rate Crosses ₹93,000 Again

dot image
To advertise here,contact us
dot image