മ്യാൻമർ കേസിലെ ICJ വിധി പിന്തുടർന്നാൽ ഗസ വംശഹത്യാ കേസിൽ നെതന്യാഹു തോൽക്കുമെന്ന് ഇസ്രയേലി നിയമവിദഗ്ദ്ധൻ

'ഏതൊരു സാധാരണ രാജ്യവും പാലിക്കേണ്ട അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടു. പല വശങ്ങളിലും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ തന്നെയാണ് സ്വന്തമായി ഈ കുഴി തോണ്ടിയത്' എന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലെഴുതി

മ്യാൻമർ കേസിലെ ICJ വിധി പിന്തുടർന്നാൽ ഗസ വംശഹത്യാ കേസിൽ നെതന്യാഹു തോൽക്കുമെന്ന് ഇസ്രയേലി നിയമവിദഗ്ദ്ധൻ
Benjamin Netanyahu
dot image

ഹേഗ്: മ്യാൻമർ കേസിലെ ICJ വിധി പിന്തുടർന്നാൽ ഗസ വംശഹത്യാ കേസിൽ നെതന്യാഹു തോൽക്കുമെന്ന് ഇസ്രയേലി നിയമവിദഗ്ദ്ധൻ.

ചരിത്രപരമായ വിധിയിലെ നിയമ തത്വങ്ങള്‍ നടപ്പിലാക്കിയാല്‍ ഗസ വംശഹത്യ കേസില്‍ ഇസ്രയേലും ബെഞ്ചമിന്‍ നെതന്യാഹുവും തോല്‍ക്കാന്‍ സാധ്യതയേറെയെന്നാണ് പ്രമുഖ ഇസ്രയേലി അന്താരാഷ്ട്ര നിയമ പണ്ഡിതന്‍ എലിയാവ് ലീബ്ലിച്ച് (Eliav Lieblich) പറഞ്ഞത്. ദക്ഷിണാഫ്രിക്കയാണ് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

ടെല്‍ അവീവ് സര്‍വകലാശാലയിലെ ലീഗല്‍ ഫാക്കല്‍റ്റി പ്രൊഫസറായ അദ്ദേഹം, ഈ സാഹചര്യം ഇസ്രയേലിനെ സംബന്ധിച്ച് 'യഥാര്‍ത്ഥ ഭൂകമ്പം' (real earthquake) ആണെന്നും ഇത്രയും ഗുരുതരമായ ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു.

Eliav Lieblich
എലിയാവ് ലീബ്ലിച്ച്

കോടതിക്കെതിരെ ഗൂഢാലോചന വാദങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ചകളെ സ്വയം വിമര്‍ശിക്കണമെന്ന് ലീബ്ലിച്ച് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. 'ഏതൊരു സാധാരണ രാജ്യവും പാലിക്കേണ്ട അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടു. പല വശങ്ങളിലും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ തന്നെയാണ് സ്വന്തമായി ഈ കുഴി തോണ്ടിയത്' എന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലെഴുതി.

കഴിഞ്ഞ ആഴ്ച ആറിനെതിരെ ഒമ്പത് (9-6) എന്ന ഭൂരിപക്ഷ വിധിയിലൂടെയാണ് മ്യാന്‍മര്‍ സുരക്ഷാ സേന 2017-ലെ സൈനിക നടപടികള്‍ക്കിടെ റോഹിംഗ്യന്‍ ജനതയ്ക്കെതിരെ വംശഹത്യ നടത്തിയെന്ന് ഐസിജെ കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി ഒരു രാജ്യത്തെ വംശഹത്യക്ക് ഉത്തരവാദിയായി കണ്ടെത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.

Rohingya

വംശഹത്യാപരമായ ലക്ഷ്യം അപൂര്‍വമായി മാത്രമേ പരസ്യമായി പ്രഖ്യാപിക്കപ്പെടാറുള്ളൂ എന്നതിനാല്‍ സാഹചര്യ തെളിവുകളെയാണ് (circumstantial evidence) കോടതികള്‍ ആശ്രയിക്കാറുള്ളത്. മ്യാന്‍മറിലെ നടപടികള്‍ വിമതവിരുദ്ധ പോരാട്ടമായിരുന്നുവെന്ന വാദം ഐസിജെ തള്ളിക്കളയുകയും, വംശഹത്യ തന്നെയാണ് ഏക യുക്തിസഹമായ വിശദീകരണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, ഇസ്രയേലി ഉദ്യോഗസ്ഥര്‍ നല്‍കിയ പ്രസ്താവനകള്‍ മ്യാന്‍മര്‍ കേസിനേക്കാള്‍ എളുപ്പത്തില്‍ വംശഹത്യാപരമായ ലക്ഷ്യം തെളിയിക്കാന്‍ സഹായിക്കുന്നതാണെന്ന് പ്രൊഫസര്‍ ലീബ്ലിച്ച് ചൂണ്ടിക്കാട്ടി.

'മ്യാന്‍മറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതായി കോടതി ചൂണ്ടിക്കാണിച്ച പ്രസ്താവനകള്‍, ഇസ്രായേലിലെ നെതന്യാഹു-ബെന്‍ ഗ്വിര്‍-സ്‌മോട്രിച്ച് കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്ന വാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മൃദുവായിരുന്നു. വെസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഇസ്രായേല്‍ വളരെ മോശം അവസ്ഥയിലാണ്,' ലീബ്ലിച്ച് പറഞ്ഞു.

Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹു

കഠിനമായ സാഹചര്യങ്ങളിലേക്ക് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും തിരികെ വരുന്നത് തടയുന്നതും വംശഹത്യ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ II(b) പ്രകാരം ഗുരുതരമായ മാനസിക ആഘാതത്തിന് കാരണമാകുന്നു, ഒരു ജനവിഭാഗത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനം ഇല്ലാതാക്കുക എന്ന ലക്ഷ്യവും വംശഹത്യാപരമായ ഉദ്ദേശ്യത്തിന്റെ പരിധിയില്‍ വരും എന്നിങ്ങനെ മ്യാന്‍മര്‍ കേസില്‍ ഐസിജെ സ്വീകരിച്ച രണ്ട് പ്രധാന നിയമ വ്യാഖ്യാനങ്ങള്‍ ഇസ്രയേലിന്റെ നിലപാടിനെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുന്നതാണ്.

ഗസയിലെ പലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വന്‍തോതിലുള്ള വീടുകളുടെയും അയല്‍പക്കങ്ങളുടെയും നാശം, അഭയാര്‍ത്ഥി മേഖലകളിലെ ദാരുണ സാഹചര്യങ്ങള്‍, ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ എന്നിവ ഒന്നിച്ച് പരിഗണിക്കുമ്പോള്‍ ഇത് വ്യക്തമാകുമെന്ന് ലീബ്ലിച്ച് പറഞ്ഞു. ഗസയില്‍ ബുള്‍ഡോസര്‍ ഓടിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തത് ആഘോഷിക്കുകയും പിന്നീട് ഇസ്രയേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ ഔദ്യോഗികമായി ദീപം കൊളുത്തുകയും ചെയ്ത അവ്രഹാം സര്‍ബീവ് എന്ന മിലിട്ടറി റിസര്‍വിസ്റ്റിന്റെ സംഭവം ഒരു നിര്‍ണായക തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഹമാസിന്റെ സൈനിക ശേഷിയും ഗസയിലെ യുദ്ധത്തിന്റെ പ്രത്യേകതയും മ്യാന്‍മര്‍ കേസില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നുവെന്ന് ഇസ്രയേലിന് കോടതിയില്‍ വാദിക്കാം. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ വ്യാപ്തിയും ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമവുമാണ് തങ്ങളുടെ നടപടിയെന്ന വാദവും ഇസ്രയേലിന് ഉന്നയിക്കാനാകും. എന്നാല്‍ ഭൂരിപക്ഷം ജഡ്ജിമാരുടെയും സമീപനം വച്ചുനോക്കുമ്പോള്‍ ഇസ്രയേല്‍ കേസില്‍ തോല്‍ക്കാനാണ് സാധ്യതയെന്ന് ലീബ്ലിച്ച് അഭിപ്രായപ്പെട്ടു.

സേനയുടെ ഭാഗത്തുനിന്ന് ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മ്യാന്‍മര്‍ ഒരു അന്വേഷണ കമ്മീഷന്‍ (commission of inquiry) രൂപീകരിച്ചിരുന്നുവെങ്കിലും അത് വംശഹത്യാ ആരോപണം കൃത്യമായി അന്വേഷിക്കാത്തതിനാല്‍ മ്യാന്‍മറിന് ഗുണം ചെയ്തില്ല. എന്നാല്‍ ഇസ്രയേലില്‍ പ്രതിപക്ഷം പോലും ഇത്തരമൊരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ലീബ്ലിച്ച് വ്യക്തമാക്കി.

Content Highlight: Israeli international law scholar Eliav Lieblich has warned that the legal principles adopted by the International Court of Justice (ICJ) in its Myanmar genocide ruling could significantly weaken Israel's defence in the genocide case filed by South Africa over its military operations in Gaza. He argued that statements by Israeli officials, forced displacement of Palestinians, widespread destruction of homes and the humanitarian conditions in Gaza could strengthen allegations of genocidal intent. Lieblich also criticised the Netanyahu government for failing to adhere to international legal standards and said Israel could face defeat if the court applies the same reasoning used in the Myanmar case.

dot image
To advertise here,contact us
dot image