

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തില്‍ വ്യാപക വിമര്‍ശനം. ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തി. സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എം സ്വരാജ്, ജോണ്‍ ബ്രിട്ടാസ് എംപി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരും രംഗത്തെത്തി.
പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ചര്‍ച്ച നടത്തിയാണ് അഭിപ്രായം പറയേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ല. പരാതി വന്നാല്‍ അല്ലേ മന്ത്രി ഇടപെടേണ്ടതെന്നും റിയാസ് ചോദിച്ചു. സാമന്ത രാജാവിനെ പോലെ മന്ത്രി പെരുമാറരുത്. ഡിവൈഎഫ്‌ഐയുടെ മേല്‍ കുതിര കയറാനും വരരുത്. കേരളത്തിലെ പകര്‍ച്ചവ്യാധി തടയാന്‍ ആണ് മന്ത്രി ശ്രമിക്കേണ്ടത്. ചൂരല്‍മലയില്‍ ചില സംഘടനകളുടെ ഭക്ഷണ വിതരണം ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പകരം സംവിധാനം ആലോചിക്കാതെയാണ് ഇത്തരം നിലപാടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
പല സന്നദ്ധ സംഘടനകളും ആശുപത്രികളില്‍ പല സേവനങ്ങളും ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി അതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നും എം സ്വരാജും പറഞ്ഞു. ദയവായി അന്നം മുടക്കരുത് എന്ന അഭ്യര്‍ത്ഥന മാത്രമാണ് ആരോഗ്യമന്ത്രിയോടുള്ളത്. അന്നം മുടക്കിയ സര്‍ക്കാര്‍ എന്നൊരു പേരുദോഷം ഉണ്ടാക്കരുത്. എപ്പോഴും കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്. ചില പ്രത്യേക ദിവസങ്ങളില്‍ ബാനര്‍ വെയ്ക്കാറുണ്ട്. ആഘോഷ ദിവസങ്ങളില്‍ മാത്രമാണതെന്നും സ്വരാജ് പറഞ്ഞു. മുരളീധരനോട് സഹതാപമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞത്. ഹണിമൂണ്‍ പീരിയഡ് എന്നാണ് ഇതുവരെ കെ മുരളീധരന്‍ പറഞ്ഞത്.
മുരളീധരന്റെ കെട്ട് പോയോ എന്നാണ് സംശയമെന്നും ബ്രിട്ടാസ് പരിഹസിച്ചു.
പൊതിച്ചോര്‍ വിതരണത്തില്‍ ഒരുതരത്തിലും രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പൊതിച്ചോറ് വാങ്ങുന്നവര്‍ക്കും തരുന്നവര്‍ക്കും രാഷ്ട്രീയമില്ല. കൊവിഡിലും പ്രളയത്തിലും ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ മുടക്കിയില്ല. ഒരു പ്രതിസന്ധിയിലും പൊതിച്ചോര്‍ വിതരണം ഡിവൈഎഫ്‌ഐ മുടക്കില്ലെന്നും സനോജ് പറഞ്ഞു. മുരളീധരന്റെ പിതാവിന്റെ പേരില്‍ പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നത് രാഷ്ട്രീയമല്ലേയെന്നും സനോജ് ചോദിച്ചു. ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സില്‍ കൊണ്ടുവരുന്ന രോഗിയെ കെ മുരളീധരന്‍ ആശുപത്രിയിലേക്ക് കയറ്റില്ലേ?. ഇന്നലെയും ഇന്നും നാളെയും ഭക്ഷണം വിതരണം ചെയ്യും. ഡിവൈഎഫ്‌ഐയുടെ കൊടി ഉപയോഗിക്കുകയും ചെയ്യും.
ഒരു മന്ത്രിക്കും തടയാനാവില്ലെന്നും സനോജ് പറഞ്ഞു. വിശപ്പില്‍ രാഷ്ട്രീയം കലര്‍ത്തിയത് മുരളീധരനാണ്. ഓരോ ദിവസവും ആയിരം പേര്‍ രക്തം ദാനം ചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴും ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തതിന് അവാര്‍ഡ് ലഭിച്ചത് ഡിവൈഎഫ്‌ഐക്കാണ്. ഡിവൈഎഫ്‌ഐയെ എന്തിനാണ് മുരളീധരന്‍ ഭയപ്പെടുന്നതെന്നും സനോജ് ചോദിച്ചു. എന്തിനാണ് ഭക്ഷണത്തില്‍ മന്ത്രി മണ്ണ് വാരി ഇടുന്നത്? ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് ഒരിടത്തും മുടങ്ങില്ല. വയനാട് ദുരന്തത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് എവിടെ? യൂത്ത് കോണ്‍ഗ്രസിനും മന്ത്രി മുരളീധരനും കുശുമ്പും അസൂയയുമാണ്. തങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയാത്തത് മറ്റാരും ചെയ്യേണ്ട എന്ന ചിന്തയെന്നും സനോജ് കുറ്റപ്പെടുത്തി.
'ഡാഡിയന്‍ ഷിപ്പ്' ഉള്ളതുകൊണ്ടാണ് കെ മുരളീധരന്‍ ഇതുവരെ എത്തിയതെന്നായിരുന്നു പി എസ് സഞ്ജീവിന്റെ വിമര്‍ശനം. മന്ത്രി രാഷ്ട്രീയ വൈരാഗ്യം കാണിക്കുകയാണ്. കെ മുരളീധരന്റെ ചെലവില്‍ അല്ല പൊതിച്ചോറ്. സാധാരണക്കാരുടെ വീടുകളില്‍ നിന്നാണ് പൊതിച്ചോറ്. ഈ സ്‌നേഹ പൊതിയാണോ തടയാന്‍ ശ്രമിക്കുന്നതെന്നും സഞ്ജീവ് ചോദിച്ചു.
Content Highlights- Amid the pothichoru controversy, Muhammed Riyas defended the DYFI and cautioned against targeting the organisation. M. Swaraj said food support for patients and their attendants should not be interrupted.