അബുദാബിയിൽ വൻ റോഡ് വികസനം; ഖലീഫ സിറ്റിയിലെ പ്രധാന പാത അഞ്ച് വരിയാക്കി ഉയർത്തുന്നു

അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് ഇ20 ഹൈവേ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്

അബുദാബിയിൽ വൻ റോഡ് വികസനം; ഖലീഫ സിറ്റിയിലെ പ്രധാന പാത അഞ്ച് വരിയാക്കി ഉയർത്തുന്നു
dot image

അബുദാബിയിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖലീഫ സിറ്റിയിലെ പ്രധാന ഹൈവേ വികസിപ്പിക്കുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനുമായി ഇ20 ഹൈവേ അഞ്ച് വരിയായാണ് വികസിപ്പിക്കുന്നത്. പുതിയ പാലങ്ങളും റോഡുകളും ഉൾപ്പെടെ വൻ നവീകരണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് ഇ20 ഹൈവേ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുള്ള മൂന്ന് വരി പാത അഞ്ച് വരിയായി ഉയർത്തുന്നതോടെ ഈ റൂട്ടിലെ വാഹന ശേഷിയും ഗതാഗത വേഗതയും ഗണ്യമായി വർദ്ധിക്കും. ഇതിന്റെ ഭാഗമായി പത്തര കിലോമീറ്റർ നീളത്തിൽ പുതിയ റാമ്പുകളും ലൂപ്പുകളും നിർമ്മിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നാല് പുതിയ പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖലീഫ സിറ്റി, സായിദ് ഇന്റർനാഷണൽ എയർപോർട്ട് മേഖലകളിലെ കണക്റ്റിവിറ്റി ശക്തമാക്കാൻ ഒന്നര കിലോമീറ്റർ ആന്തരിക റോഡുകളും എട്ട് പുതിയ ട്രാഫിക് ലൈറ്റ് ജംഗ്ഷനുകളും സ്ഥാപിക്കും. റോഡ് വികസനത്തിന് പുറമെ നഗരഭംഗി കൂട്ടാനായി വിപുലമായ ലാൻഡ്‌സ്‌കേപ്പിംഗും ഹരിത ഇടങ്ങളും ഒരുക്കുന്നുണ്ട്. 62 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് ശൃംഖല, 37 കിലോമീറ്റർ ജലസേചന ശൃംഖല, 485 പുതിയ തെരുവുവിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

എമിറേറ്റിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി യാത്രാ സൗകര്യങ്ങൾ നവീകരിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള അബുദാബി സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വൻ വികസന പദ്ധതി നടപ്പിലാക്കുന്നത്.

Content Highlights: Abu Dhabi is undertaking a major road infrastructure project by widening a key road in Khalifa City to five lanes. The expansion aims to ease traffic congestion, improve connectivity, and support the emirate's growing transportation needs.

dot image
To advertise here,contact us
dot image