

കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗവും. സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. സമുദായ താല്‍പര്യം സംരക്ഷിക്കുമെന്ന ലീഗിന്റെ അവകാശവാദത്തിന് തിരിച്ചടി നല്‍കുന്നതാണ് നിലപാടെന്നും എഡിറ്റോറിയലില്‍ പറയുന്നു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വിമര്‍ശനമുണ്ട്.
കേന്ദ്ര നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ നിര്‍ദ്ദേശങ്ങളെ ചെറുക്കാനും മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിക്കാനും ബോര്‍ഡിലെ രണ്ട് ഒഴിവുകള്‍ മാറ്റിവെച്ച് മുന്‍ സര്‍ക്കാര്‍ എടുത്ത തന്ത്രപരമായ രാഷ്ട്രീയ നിലപാടിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ അട്ടിമറിച്ചതെന്ന് എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ കാത്തിരിക്കണമെന്ന് വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തള്ളിക്കളയുന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കോടതി മരവിപ്പിക്കാനിടയാക്കിയത്. ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.
വഖഫ് ബോര്‍ഡ് വിഷയക്കില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ ഉയര്‍ത്തുന്ന പ്രതിരോധത്തെ പിന്നില്‍ നിന്ന് കുത്തുന്നതായിപ്പോയി സര്‍ക്കാരിന്റെ സത്യവാങ്മൂലം. കേന്ദ്ര നീക്കങ്ങളെ ചെറുക്കുന്നതിന് പകരം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലെ കേന്ദ്ര സര്‍ക്കാര്‍ അജണ്ടകള്‍ അതേപടി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന ധൃതി ഭരണമുന്നണിയില്‍ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലീഗ് അണികളില്‍ ഇതിനെതിരെ അമര്‍ഷം ഉയര്‍ന്നുകഴിഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത്, ഇ കെ വിഭാഗം സമസ്ത അടക്കം ഇതിനെതിരെ രംഗത്തുവന്നു. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കാവലാളാകുമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ മതേതര വോട്ടര്‍മാര്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ അധികാരക്കസേരയില്‍ എത്തിയതിന് പിന്നാലെ കേന്ദ്രത്തിന്റെ വിവാദ നയങ്ങളെയും വര്‍ഗീയ അജണ്ടകളെയും ഒന്നൊന്നായി പിന്തുണക്കുകയും സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴടങ്ങുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും കാന്തപുരം വിഭാഗം വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത ഇ കെ വിഭാഗം രംഗത്തെത്തിയത്. സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു സമസ്ത ഇ കെ വിഭാഗം മുഖപത്രം സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. വീണ്ടുവിചാരമില്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് ഞെട്ടിക്കുകയും യുഡിഎഫ് ഉയര്‍ത്തിപ്പിടിച്ച നിലപാടിന്റെ നിരാസത്തിനുകൂടി വഴിതുറക്കുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ കുടിയിരുത്താനുള്ള അവസരം സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരുക്കിയെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചിരുന്നു.
Content Highlights- The Samastha Kanthapuram faction has criticised the Kerala government's position on the Waqf Board appointment controversy