ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: 'വിഎസിനെ പോലൊരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്'

'വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നത്'

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: 'വിഎസിനെ പോലൊരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്'
dot image

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ പ്രതികരണവുമായി എം സ്വരാജ്. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ എം സ്വരാജ് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വിവാദമായത്.

വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുതെന്ന് സ്വരാജ് പ്രതികരിച്ചു. 'അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് വരുന്നത്. ഒരാശങ്കയും അവ്യക്തതയുമില്ല. ഇതൊന്നും ഒഴിവാക്കിയ കാര്യം ആരും ചിന്തിച്ചിട്ട് പോലുമില്ല. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പ്രശ്‌നം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്‌നമുണ്ടായി. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ കൊടുത്തത്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല', എം സ്വരാജ് വ്യക്തമാക്കി.

പോതിച്ചോറ് വിവാദത്തിലും സ്വരാജ് പ്രതികരിച്ചു. ദയവായി പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് ആരോഗ്യമന്ത്രിയോടുള്ളതെന്നായിരുന്നു പ്രതികരണം. പല സന്നദ്ധ സംഘടനകളും ആശുപത്രികളില്‍ പല സേവനങ്ങളും ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രി അതൊന്നും ശ്രദ്ധിച്ചില്ല. അന്നം മുടക്കിയ സര്‍ക്കാര്‍ എന്ന പേരുദോഷം ഉണ്ടാക്കരുത്. എപ്പോഴും കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്. ചില പ്രത്യേക ദിവസങ്ങളില്‍ ബാനര്‍ വെക്കാറുണ്ട്. ആഘോഷ ദിവസങ്ങളില്‍ മാത്രമാണ് ഇതെന്നും എം സ്വരാജ് പറഞ്ഞു.

വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍ എഴുതിയ അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം ഇന്ന് പുറത്തിറങ്ങാതിരുന്നത്. 'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന തലക്കെട്ടോടെയായിരുന്നു വിഎസിനെക്കുറിച്ചുള്ള ലേഖനം. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. ഇതിന് പിന്നാലെ, 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്നും ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നു. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു 'കള്ളന്‍ വിജയന്‍' എന്ന ഫീച്ചര്‍. സംഭവം വാര്‍ത്തയായതോടെയായിരുന്നു ഫീച്ചറുമായി ബന്ധപ്പെട്ട ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നത്.

Content Highlights: M Swaraj has responded to the controversy surrounding the Deshabhimani weekend edition.

dot image
To advertise here,contact us
dot image