

കണ്ണൂര്‍: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. മഴ കുറവായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. 4.29 പൈസയ്ക്ക് കിട്ടുമായിരുന്ന വൈദ്യുതി കരാര്‍ റദ്ദായതും പ്രതിസന്ധിക്ക് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മറികടക്കണമെങ്കില്‍ മഴ പെയ്യണം അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
4.29 പൈസയ്ക്ക് കിട്ടുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധി. പകല്‍ സമയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമില്ല. വായ്പ വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ടി വരുന്നു. പകലും രാത്രിയും കൂടി മാത്രമേ അധിക വൈദ്യുതി കിട്ടുന്നുള്ളു എന്നും അദ്ദേഹം വിശദീകരിച്ചു. വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനം ഒരുക്കാന്‍ തന്നെ 850 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
1600 മെഗാവാട്ട് വൈദ്യുതിയാണ് ആകെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 4500 മുതല്‍ 5000 മെഗാവാട്ട് വരെയാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക വൈദ്യുതി മന്ത്രി വിളിച്ചിരുന്നുവെന്നും ആവശ്യമായ ചര്‍ച്ചകള്‍ തമ്മില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയം പരിഹരിക്കാന്‍ മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും അത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. എംഎം മണിക്ക് മറുപടിയില്ലെന്നും മണി ആശാന് ശിഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിയായിരുന്നപ്പോഴും സര്‍ക്കാരിന്റെ ഭാഗമായപ്പോഴും എന്തുചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. കൃഷ്ണന്‍കുട്ടി ഉണ്ടായിരുന്നപ്പോഴും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലേ എന്നായിരുന്നു മുന്‍ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വിമര്‍ശനത്തിന് നല്‍കിയ മറുപടി.
മഴക്കാറ് വാനിലേറുമ്പോള്‍ മയില്‍ ആടുന്നു കൗതുകത്താല്‍ എന്ന് താന്‍ പണ്ട് പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മന്ത്രിയാടുന്നു എന്ന് തിരുത്താമെന്നും നര്‍മം കലത്തി മന്ത്രിയുടെ പ്രതികരണമുണ്ടായി. മാര്‍ച്ച് ഏപ്രില്‍ മാസം പച്ചക്കടമായി വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. പകല്‍ ആവശ്യമില്ലെങ്കിലും പകലും രാത്രിയും വൈദ്യുതി വാങ്ങുന്നുണ്ട്. ഇത് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ഓഫീസുകളിലേക്കുള്ള ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച അദ്ദേഹം ഡിവൈഎഫ്‌ഐ സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയവര്‍ക്കെതിരെയാണെന്ന് വിമര്‍ശിച്ചു. ലോകകപ്പ് നന്നായിട്ട് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഫൈനലിന് വൈദ്യുതി മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിലും അദ്ദേഹം പ്രതികരിച്ചിരുന്നു. രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയിലാണെന്നും നീറ്റ് ചോദ്യ പേപ്പര്‍ വില്‍പ്പന നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു. യുവാക്കളും വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയിലാണ്. ആഗസ്റ്റ് ഒന്നിന് ലോക് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവജന വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും ഇതിന്റെ തനി പകര്‍പ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിഎസ്‌സിക്കെതിരെ ശക്തമായ അന്വേഷണം നടക്കുമെന്നും സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കാതെ നില്‍ക്കുകയാണ് പിഎസ്‌സി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ പരസ്യ പ്രതികരണങ്ങളിലും സണ്ണി ജോസഫ് അതൃപ്തി രേഖപ്പെടുത്തി. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ മാത്രമാകണമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ മുന്നറിയിപ്പ്. പരസ്യ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ചര്‍ച്ചയില്‍ പ്രതികരിച്ച അദ്ദേഹം താന്‍ തുടരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രയാസമുണ്ടോ എന്നായിരുന്നു ചോദിച്ചത്. കെഎസ്യു മുഖ്യമന്ത്രി തര്‍ക്കത്തില്‍ യോജിച്ച് പോകാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് ഒതുക്കണമെന്നും കെഎസ്യു ചില പ്രയാസങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലീഡര്‍ നിയമന വിഷയം ക്യാബിനറ്റില്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മറ്റൊരു സമിതിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
Content Highlights: Minister Sunny Joseph said Kerala's electricity shortage is primarily due to reduced rainfall and the cancellation of a long-term low-cost power purchase agreement. He also pointed to the absence of electricity storage facilities, stating that significant investment is required to address the issue.