

തിരുവനന്തപുരം: സ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്ന് രേഖകള്‍. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെണ്ടര്‍ ഉറപ്പിച്ച ശേഷം അന്തിമ അനുവാദം നല്‍കേണ്ട റെഗുലേറ്ററി കമ്മീഷനെ അറിയിക്കാന്‍ രണ്ടാഴ്ച വൈകിപ്പിച്ചു എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തല്‍. ഗുരുതര വീഴ്ചയെന്നും ആവര്‍ത്തിക്കരുതെന്നും റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അധിക വൈദ്യുതി ഉണ്ടായിട്ടും അത് വാങ്ങിയെടുക്കാനുള്ള രാഷ്ട്രീയ ഇടപടെലില്ലെന്ന ആരോപണം ശക്തമാവുകയാണ്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടങ്ങിയത് ജൂണ്‍ ആദ്യ ആഴ്ചയിലാണ്. എന്നാല്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ടെണ്ടര്‍ വിളിച്ചത് ഈ ജൂണ്‍ 15 ന് മാത്രമാണെന്നാണ് കണ്ടെത്തല്‍. ജൂണ്‍ 30 നാണ് ടെണ്ടര്‍ തുറന്നത്. അടുത്ത രണ്ട് ദിവസം കൊണ്ട് തന്നെ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെയാണ് 5 രൂപ 96 പൈസക്ക് വൈദ്യുതി വാങ്ങാന്‍ അദാനിയെയും മീനാക്ഷി എനര്‍ജിയെയും തെരെഞ്ഞെടുത്തത്. ജൂലായ് 2നായിരുന്നു തീരുമാനം. എന്നാല്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ രണ്ടാഴ്ച കൂടി വൈകിയെന്നും ഗുരുതര കണ്ടെത്തലുണ്ട്. പിന്നാലെ ജൂലായ് 18 നാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി വാങ്ങാന്‍ അനുവാദവും കൊടുത്തത്. പക്ഷേ അപ്പോഴേക്കും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് രൂക്ഷമായിരുന്നു. മഴക്കുറവും മറ്റ് കാരണങ്ങളും അതിന് കാരണമായിട്ടുണ്ടെങ്കിലും കെഎസ്ഇബി വരുത്തിയ ഗുരുതര വീഴ്ച വിഷയം വഷളാക്കി എന്നാണ് ഉയരുന്ന വിമര്‍ശനം. കെഎസ്ഇബി ചെയ്തത് ഗുരുതര വീഴ്ചയാണെന്നും ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവില്‍ തന്നെയുണ്ട്.
അതിനിടെ രാഷ്ട്രീയ നേതൃത്വം പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണാടക 200 മുതല്‍ 600 വരെ മെഗാവാട്ട് വൈദ്യുതി ആണ് പുറത്ത് വില്‍ക്കുന്നത്. മന്ത്രി തലത്തിലും കോണ്‍ഗ്രസ് തലത്തിലും ശക്തമായി ഇടപെട്ടാന്‍ ഇത് കിട്ടാന്‍ എളുപ്പവുമാണ് എന്ന് വിലയിരുത്തലുണ്ട്. പക്ഷേ അത് എന്ത് കൊണ്ട് ചെയ്യുന്നില്ലെന്ന ചോദ്യവും പാര്‍ട്ടിയിലടക്കം വിധയിടങ്ങളില്‍ ഉയരുന്നുണ്ട്.
Content Highlights: Documents indicate that KSEB delayed informing the Regulatory Commission for two weeks after finalising a tender to procure 200 MW of electricity. The Commission termed the lapse serious and issued a warning, while criticism has also grown over the alleged failure to secure surplus power from neighbouring Karnataka.