

പ്രായത്തെ തോല്‍പ്പിക്കുന്ന നടീനടന്മാരുടെ ചര്‍മ്മകാന്തിക്ക് പിന്നിലെ രഹസ്യം 'പ്ലാസ്റ്റിക് സര്‍ജറി' ആണെന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്രത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.
തീപ്പൊള്ളലേറ്റ് ജീവന്‍ മാത്രം ബാക്കിയായ ഒരമ്മ, ക്യാന്‍സര്‍ കവര്‍ന്ന നെഞ്ചിലെ ശൂന്യതയോടെ കണ്ണീര്‍ വാര്‍ക്കുന്ന ഒരു യുവതി, ജന്മനാ ലഭിച്ച ചുണ്ടിലെ വിള്ളലുമായി കൂട്ടുകാര്‍ക്കിടയില്‍ ചിരിക്കാന്‍ മടിക്കുന്ന ഒരു കുഞ്ഞ്, അല്ലെങ്കില്‍ ഒരു റോഡപകടത്തില്‍ കൈവിരലുകള്‍ അറ്റുപോയ കുടുംബത്തിന്റെ ഏക അത്താണിയായ യുവാവ്… ഇവര്‍ക്കെല്ലാം നഷ്ടപ്പെട്ടുപോയ ജീവിതവും പുഞ്ചിരിയും തിരികെ നല്‍കുന്നത് പ്ലാസ്റ്റിക് സര്‍ജറിയെന്ന ശാസ്ത്രശാഖയാണ്.
ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായി ആചരിക്കുമ്പോള്‍, സൗന്ദര്യവര്‍ദ്ധന എന്ന ലേബലിനപ്പുറം ഈ ചികിത്സാരീതി എങ്ങനെയാണ് മനുഷ്യര്‍ക്ക് 'രണ്ടാം ജന്മം' നല്‍കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

'പ്ലാസ്റ്റിക്' എന്ന കൃത്രിമ വസ്തു ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്നതാണ് ഈ ശസ്ത്രക്രിയ എന്ന് കരുതുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ ഈ പേര് വന്നത് 'പ്ലാസ്റ്റികോസ്' (Plastikos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് .'രൂപപ്പെടുത്തുക' എന്ന് അര്‍ത്ഥം വരുന്ന വാക്കാണിത്. മനുഷ്യന്റെ ജീവനുള്ള കോശങ്ങളെയും ചര്‍മ്മത്തെയും അത്യാധുനിക സാങ്കേതികവിദ്യയോടെ പുനഃക്രമീകരിച്ച് രൂപഭംഗിയും ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമതയും തിരികെ നല്‍കുകയാണ് ഒരു പ്ലാസ്റ്റിക് സര്‍ജന്‍ ചെയ്യുന്നത്.
പുനര്‍നിര്‍മാണ ശസ്ത്രക്രിയ (Reconstructive Surgery)
ജന്മനായുള്ള വൈകല്യങ്ങളോ അപകടങ്ങളില്‍ സംഭവിക്കുന്ന വലിയ പരിക്കുകളോ പരിഹരിക്കാന്‍ ഈ രീതി ഉപയോഗിക്കുന്നു. സ്തനാര്‍ബുദം വന്ന് മാറിടം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് 'ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍' വഴി അവരുടെ ശരീരരൂപവും അതോടൊപ്പം മാനസികമായ ആത്മവിശ്വാസവും തിരികെ നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു.

മൈക്രോസര്‍ജറി (Microsurgery)
അപകടങ്ങളില്‍പ്പെട്ട് കൈകാലുകളോ വിരലുകളോ അറ്റുപോയാല്‍ അത്യാധുനിക മൈക്രോസ്‌കോപ്പുകളുടെ സഹായത്തോടെ അതിസൂക്ഷ്മമായ രക്തക്കുഴലുകളും ഞരമ്പുകളും കൂട്ടിയിണക്കുന്ന സാങ്കേതികവിദ്യയാണിത്. അപകടം നടന്ന് കൃത്യസമയത്ത് രോഗിയെ എത്തിച്ചാല്‍ നഷ്ടപ്പെട്ട അവയവങ്ങള്‍ക്ക് പൂര്‍ണ്ണ ചലനശേഷി നല്‍കാന്‍ ഈ ശസ്ത്രക്രിയയ്ക്ക് സാധിക്കും.
സ്‌കിന്‍ ഗ്രാഫ്റ്റിംഗ് (Skin Grafting)
ഗുരുതരമായി പൊള്ളലേറ്റ് ചര്‍മ്മം നശിച്ചുപോകുന്നവര്‍ക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ചര്‍മ്മം എടുത്തു വെച്ചുപിടിപ്പിക്കുന്ന 'സ്‌കിന്‍ ഗ്രാഫ്റ്റിംഗ്' വഴി ജീവന്‍ രക്ഷിക്കാനും അവരുടെ അവയവങ്ങള്‍ വലിഞ്ഞു മുറുകിപ്പോകുന്നത് തടയാനും സാധിക്കുന്നു.
മുറിച്ചുണ്ട് (Cleft Lip and Palate Surgery)
കുട്ടികളില്‍ കണ്ടുവരുന്ന മുച്ചുണ്ട്, അണ്ണാക്കിലുണ്ടാകുന്ന വിള്ളല്‍ എന്നിവ പൂര്‍ണ്ണമായി പരിഹരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സാധിക്കും. ഇതുവഴി കുഞ്ഞിന് കൃത്യമായി ഭക്ഷണം കഴിക്കാനും ഭാവിയില്‍ തടസ്സമില്ലാതെ സംസാരിക്കാനും സാധിക്കുന്നു.
കോസ്‌മെറ്റിക് സര്‍ജറി
മൂക്കിന്റെ രൂപം മാറ്റല്‍ (Rhinoplasty), വയറിലെ കൊഴുപ്പ് നീക്കല്‍ (Liposuction) തുടങ്ങിയ ശസ്ത്രക്രിയകള്‍ വ്യക്തികളുടെ ബാഹ്യരൂപം മനോഹരമാക്കുകയും ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

യാഥാര്‍ത്ഥ്യബോധം: സിനിമയിലോ സോഷ്യല്‍ മീഡിയയിലോ കാണുന്ന പെട്ടെന്നുള്ള മാന്ത്രിക മാറ്റങ്ങള്‍ പ്രതീക്ഷിക്കരുത്. നിങ്ങളുടെ ശരീരപ്രകൃതിക്ക് യോജിച്ച മാറ്റങ്ങള്‍ ഡോക്ടറുമായി സംസാരിച്ച് മനസ്സിലാക്കുക.
ആരോഗ്യകരമായ ശീലങ്ങള്‍: സര്‍ജറിക്ക് രണ്ടാഴ്ച മുന്‍പും ശേഷവും പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കണം. ഇത് മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ അത്യാവശ്യമാണ്.
സുരക്ഷിതമായ ആശുപത്രികള്‍: ഐ.സി.യു സംവിധാനങ്ങളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ മാത്രം ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുക്കുക.
മാറിടം തകര്‍ന്ന കാന്‍സര്‍ അതിജീവിതയും, കൈവിരലുകള്‍ തിരികെ കിട്ടിയ തൊഴിലാളിയും, മനോഹരമായി പുഞ്ചിരിക്കുന്ന കുഞ്ഞും നമുക്ക് പറഞ്ഞുതരുന്നത് ഒന്നുതന്നെയാണ്. പ്ലാസ്റ്റിക് സര്‍ജറി വെറുമൊരു ആഡംബര ചികിത്സയല്ല, അത് മനുഷ്യനെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രത്തിന്റെ സ്‌നേഹസ്പര്‍ശമാണ്.
Content Highlights :Plastic surgery is not just about enhancing beauty. Let us learn more about this field of medicine. Today, plastic surgery has become an indispensable part of medical science.