ആദ്യ പാദത്തില്‍ മികച്ച പ്രകടനവുമായി സ്വകാര്യ ബാങ്കുകള്‍; കോര്‍പ്പറേറ്റ് വായ്പയില്‍ വളര്‍ച്ചാ പ്രതീക്ഷ

ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ആറോളം സ്വകാര്യ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി

ആദ്യ പാദത്തില്‍ മികച്ച പ്രകടനവുമായി സ്വകാര്യ ബാങ്കുകള്‍; കോര്‍പ്പറേറ്റ് വായ്പയില്‍ വളര്‍ച്ചാ പ്രതീക്ഷ
dot image

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ കോര്‍പ്പറേറ്റ് വായ്പാ വളര്‍ച്ച ശക്തമാകുമെന്ന് പ്രതീക്ഷ. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണിത്. ഉയര്‍ന്ന ബോണ്ട് യീല്‍ഡുകള്‍ കാരണം കമ്പനികള്‍ ബോണ്ട് വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിന് പകരം ബാങ്ക് വായ്പകളിലേക്ക് കൂടുതല്‍ തിരിയുന്നതാണ് പ്രധാനമായും ഇതിന് കാരണമാവുന്നത്.

ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ആറോളം സ്വകാര്യ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, കോര്‍പ്പറേറ്റ് വായ്പയില്‍ ഏകദേശം 19% വളര്‍ച്ച പ്രകടമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7% മാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് ആഭ്യന്തര കോര്‍പ്പറേറ്റ് വായ്പയില്‍ 18.5% വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാം പാദത്തില്‍ 15% വളര്‍ച്ചയും പ്രടമാക്കി.

പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ വര്‍ധിച്ചതും, ബോണ്ട്, ഓഹരി വിപണികളില്‍ നിന്ന് കമ്പനികള്‍ വായ്പയെടുക്കുന്നത് കുറഞ്ഞതുമാണ് വായ്പാ ആവശ്യകത ഉയരാന്‍ കാരണമായത്. ഇത് ബാങ്കുകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കിയതായി ഐസിഐസിഐ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര പറഞ്ഞു.

യെസ് ബാങ്ക് സിഇഒ വിനയ് ടോണ്‍സെയുടെ അഭിപ്രായത്തില്‍, അടുത്ത രണ്ട് പാദങ്ങളിലും വിവിധ മേഖലകളില്‍ കോര്‍പ്പറേറ്റ് വായ്പയില്‍ സ്ഥിരമായ വളര്‍ച്ച പ്രതീക്ഷിക്കാം. യെസ് ബാങ്കിന്റെ കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വായ്പാ പോര്‍ട്ട്‌ഫോളിയോ 41%ത്തിലധികം വളര്‍ന്നു.

വിദേശ നിക്ഷേപം ബാങ്കുകള്‍ക്ക് കരുത്താകും

സെപ്റ്റംബര്‍ അവസാനത്തോടെ 50 ബില്യണ്‍ ഡോളറിലധികം വിദേശ കറന്‍സി നിക്ഷേപം ബാങ്കിങ് മേഖലയിലേക്ക് എത്തുമെന്നാണ് ചില വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ ബാങ്കുകള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദേശ കറന്‍സിയില്‍ ഫണ്ടുകള്‍ സമാഹരിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. ഈ ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള വിദേശ കറന്‍സി നിക്ഷേപങ്ങള്‍ സമാഹരിക്കുന്ന ബാങ്കുകള്‍ക്ക് ഹെഡ്ജിംഗ് ചെലവിന് പൂര്‍ണ പിന്തുണ നല്‍കുന്ന പദ്ധതി ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം, ഈ പാദത്തില്‍ ഏറ്റവും കൂടുതല്‍ വായ്പയെടുത്തത് ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, പുനരുപയോഗ ഊര്‍ജ, കമോഡിറ്റീസ് മേഖലകളാണ്.

ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു

മോശം വായ്പകള്‍ കുറച്ചതും, വായ്പ അനുവദിക്കുന്ന മാനദണ്ഡങ്ങള്‍ ശക്തമാക്കിയതും, മൂലധന കരുത്ത് വര്‍ധിപ്പിച്ചതുമൂലം ബാങ്കുകള്‍ക്ക് ഇപ്പോള്‍ കോര്‍പ്പറേറ്റ് മേഖലക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ വായ്പ നല്‍കാന്‍ സാധിക്കും. ബാങ്കിംഗ് മേഖലയിലെ മൊത്തം നിഷ്‌ക്രിയ ആസ്തി നിരക്ക് കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. അതിനാല്‍, മുന്‍കാലത്തെ പോലെ മോശം വായ്പാ പ്രതിസന്ധി ആവര്‍ത്തിക്കാതെ കോര്‍പ്പറേറ്റ് വായ്പാ വളര്‍ച്ച മുന്നോട്ട് കൊണ്ടുപോകാമെന്ന ആത്മവിശ്വാസത്തിലാണ് ബാങ്കുകള്‍.

Content Highlights: India’s leading private banks expect strong corporate loan growth in the coming quarters as companies increasingly shift from expensive bond market funding to lower-cost bank loans following robust first-quarter performance

dot image
To advertise here,contact us
dot image