

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ കാര്‍ഡിയോളജി വിഭാഗം ഇല്ല. ഇതോടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ നൂറിലധികം പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആശുപത്രിയിലെ ജീവനക്കാരനാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആശുപത്രിയിലെ ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ബിനു എസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പനിയെ തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. മരുന്ന് വാങ്ങി വീട്ടില്‍ എത്തിയതിന് പിന്നാലെ ബിനുവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിനിടെ ബിനു മരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നവരെ സാധാരണ കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളിലേക്കാണ് റെഫര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രയില്‍ നിരവധി രോഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍മാക്കായി രണ്ട് പോസ്റ്റുകളാണുള്ളത്. എന്നാല്‍ ഇതിലേക്ക് നിയമനം നടത്തിയിട്ടില്ല. ഇതിന് പുറമേ കാര്‍ഡിയോളജി ഐസിയു, കാത്ത് ലാബ്, ഒപി എന്നിവ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. ആരോഗ്യവകുപ്പ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തറയില്‍ കിടക്കുന്നത് നൂറിന് മുകളില്‍ രോഗികളാണെന്നുള്ള വിവരവും പുറത്തുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. രോഗികളെ മാറ്റുന്നതില്‍ പ്രവര്‍ത്തനരേഖ ഇന്ന് സര്‍ക്കാരിന് കൈമാറും. 500 കിടക്കകളുള്ള പുലയനാര്‍കോട്ട ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റുന്നത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്ന് നാളെ മുതല്‍ രോഗികളെ മാറ്റാനാണ് ആലോചന. മെഡിക്കല്‍ കോളജില്‍ ബാക്ക് റഫറല്‍ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജുകളിലെ സമ്പൂര്‍ണ്ണ പരിഷ്‌കാരം സംബന്ധിച്ച ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഡോക്ടറെ വീണ്ടും കാണാതെ 6 മാസം വരെ ഫാര്‍മസിക്ക് മരുന്ന് നല്‍കാം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒരു മാസത്തേക്കുള്ള മരുന്ന് ഒറ്റ തവണയായി നല്‍കാം. ഒപി സമയം കഴിഞ്ഞാലും ടോക്കണ്‍ എടുത്ത എല്ലാ രോഗികളെയും പരിശോധിക്കണം. ഗുരുതര പരിക്കേറ്റവര്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ചികിത്സ ആരംഭിക്കണം. എല്ലാ കിടപ്പുരോഗികള്‍ക്കും വെവ്വേറെ കട്ടില്‍, മെത്ത, തലയണ എന്നിവ ഉറപ്പാക്കണം. ഒപി, ഫാര്‍മസി, ലാബ്, സ്‌കാനിങ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കണം. രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായി പെരുമാറണം. എല്ലാ സേവന കൗണ്ടറുകളിലും പരാതി രജിസ്റ്റര്‍ നിര്‍ബന്ധം. ശുചിമുറികള്‍ ഓരോ മണിക്കൂറിലും വൃത്തിയാക്കണം. രോഗികളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കണം. നിര്‍ദേശങ്ങള്‍ 100 ദിവസത്തിനകം നടപ്പിലാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Content Highlights- More than 100 people have died from heart-related illnesses while Idukki Medical College continues to function without a cardiology department