അയോധ്യ രാമക്ഷേത്ര കൊള്ള; 39 ദിവസത്തിനിടെ 70 തവണ മോഷണം, ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

ദൃശ്യങ്ങളില്‍ മോഷ്ടാക്കളില്‍ ഒരാള്‍ സിസിടിവി ക്യാമറകള്‍ മറയ്ക്കുന്നതും മറ്റൊരാള്‍ മോഷണം നടത്തുന്നതും വ്യക്തമായിട്ടുണ്ട്

അയോധ്യ രാമക്ഷേത്ര കൊള്ള; 39 ദിവസത്തിനിടെ 70 തവണ മോഷണം, ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്
dot image

അയോധ്യ: അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതൽ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ എഴുപത് തവണ പ്രതികള്‍ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 27ന് മുമ്പുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എസ്‌ഐടി നടപടികള്‍ ആരംഭിച്ചു. ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ചമ്പത് റായിയും അനില്‍ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആരുമറിയാതെ എങ്ങനെയാണ് മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയത് എന്നതിന്റെ വ്യക്തമായ വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന വേളയില്‍ മോഷണം നടക്കുന്നുണ്ടെന്ന സംശയം ഉണ്ടായെന്നാണ് വിവരം. സംഭാവന ബോക്‌സുകളുടെ പരിശോധനയില്‍ ചില അസ്വാഭാവികതകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഏകദേശം ആറ് മുതല്‍ ഏഴ് ലക്ഷത്തോളം രൂപയായിയിരിക്കും ഓരോ സംഭാവന പെട്ടിയിലുമായി ലഭിക്കുക. എന്നാല്‍ ഒരാഴ്ചയോളമുള്ള കണക്കില്‍ അഞ്ഞൂറു രൂപയുടെ കെട്ടുകളിലുള്ള കുറവ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം അധികരിച്ചതോടെ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന മുറികളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടെയാണ് മോഷണവും മോഷണരീതിയും പുറത്ത് വന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങളില്‍ മോഷ്ടാക്കളില്‍ ഒരാള്‍ സിസിടിവി ക്യാമറകള്‍ മറയ്ക്കുന്നതും മറ്റൊരാള്‍ മോഷണം നടത്തുന്നതും വ്യക്തമായിട്ടുണ്ട്.

ഒരാഴ്ചത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇതില്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരില്‍ ഒരാള്‍ സിസിടിവിക്ക് മുന്നില്‍ മറഞ്ഞുനില്‍ക്കും. അതേസമയം കൂട്ടത്തിലുള്ള അടുത്തയാള്‍ കെട്ട് കണക്കിന് പണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കും. ഇങ്ങനെയാണ് പണം കടത്തിയിരുന്നത്. ഇത് കൂടാതെ മറ്റ് പല രീതികളും ഇവര്‍ പിന്തുടര്‍ന്നിരുന്നു. ഓരോ പണക്കെട്ടിലും പ്രതികള്‍ അധികമായി നോട്ടുകള്‍ വയ്ക്കും. ടാലി ചെയ്യുമ്പോള്‍ എത്ര കെട്ടുകള്‍ ഉണ്ടെന്ന് മാത്രമാണ് പരിശോധിക്കുന്നത്. കെട്ടുകളില്‍ എത്ര നോട്ടുകള്‍ ഉണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തില്ല. ഇത് വഴി ഒരു വൗച്ചര്‍ ഇവർ ഉണ്ടാക്കിയെടുക്കും. ബാങ്കിലേക്ക് പണം മാറ്റുമ്പോള്‍ അധികമായുള്ള നോട്ടുകള്‍ മാറ്റും. വൗച്ചറുമായി ബാക്കിയുള്ള മുഴുവൻ തുക ടാലിയാവുകയും ചെയ്യും.

മോഷ്ടിച്ച തുക പ്രതികള്‍ ആദ്യം ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ബാത്ത്‌റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്. കൃത്യമായ അവസരം ലഭിക്കുമ്പോഴാണ് പണം പുറത്തെത്തിക്കുന്നത്. പിന്നീട് ഈ പണം വീതിച്ചെടുക്കുകയാണ് സംഘം ചെയ്തിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2024ല്‍ ക്ഷേത്രോദ്ഘാടനം നടന്നത് മുതല്‍ മോഷണം ആരംഭിച്ചുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്‌ഐടിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം മാത്രം ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ച് വരെ 70 തവണ മോഷണം നടന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരും സംശയനിഴലിലാണ്. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയും നടപടിയുണ്ടാകാനുള്ള സാധ്യതയും പുറത്തുവരുന്നുണ്ട്.

നിലവില്‍ ഏഴു മുതല്‍ ഏഴരക്കോടി വരെ ക്ഷേത്രത്തില്‍ നിന്നും നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൃത്യമായി എത്ര തുക നഷ്ടമായെന്നതില്‍ ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ല. ഇതുവരെ പ്രതികളില്‍ നിന്നും എഴുപത് ലക്ഷത്തോളം രൂപ കണ്ടെത്തിയിട്ടുണ്ട്. ഇനിയും പണം എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. ഈ സാഹചര്യത്തില്‍ കണ്ടെടുത്ത തുകയും കൂടുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

പ്രതികളില്‍ പലരും ഉന്നതരുടെ പരിചയക്കാരാണ്. മാത്രമല്ല ശുപാര്‍ശകളിലൂടെയാണ് ഇവര്‍ ജോലി നേടിയെടുത്തതും. പ്രതികളിലൊരാളായ ടിനു യാദവ് ചമ്പത് റായിയുടെ ഡ്രൈവറായും അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളുടെ ബന്ധുവാണ് മറ്റൊരു പ്രതിയായ മനീഷ് യാദവ്.

സമാനമായി വേറൊരു പ്രതിയായ അനുകല്‍പ്പ് മിശ്ര തന്റെ ഭര്‍തൃസഹോദരനായ ലവ്കുശ് മിശ്രയെ ഈ സംഘത്തിലെത്തിക്കുകയും ചെയ്തു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നവര്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്നും മടങ്ങുമ്പോള്‍ പരിശോധനയ്ക്ക് വിധേയമായിരുന്നില്ല. ഇതാണ് മോഷണത്തിന് ഇവര്‍ക്ക് ധൈര്യം നല്‍കിയത്. പണത്തിന് പുറമേ സംഭാവന പെട്ടികളില്‍ ലഭിക്കുന്ന കമ്മലുകള്‍, മൂക്കുത്തികള്‍, വളകള്‍, വിഗ്രഹങ്ങള്‍, പാദസ്വരങ്ങള്‍ എന്നിവയും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്.

Content Highlights: Investigators have obtained CCTV footage in the Ayodhya Ram Temple theft case, where the accused allegedly stole donation money 70 times. The footage is expected to play a key role in the ongoing investigation as authorities examine the evidence and security arrangements.

dot image
To advertise here,contact us
dot image