ഇഎംഎസിന്റെ പേരിൽ ഭവന പദ്ധതി വിഭാവനം ചെയ്തവർ എങ്ങനെയാണ് PMAY പദ്ധതിയെ എതിര്‍ക്കുന്നത്: കെ എം ഷാജി

'ഞങ്ങള്‍ ഒപ്പുവെക്കാന്‍ പോകുന്ന കരാറിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. 1,20,000 വീടുകള്‍ പാവപ്പെട്ടവന് കിട്ടാനുള്ളതാണ്. എംബ്ലത്തിന്റെ പേരില്‍ കപട ആദര്‍ശം പറഞ്ഞ് അത് ഒഴിവാക്കാനാകില്ല'

ഇഎംഎസിന്റെ പേരിൽ ഭവന പദ്ധതി വിഭാവനം ചെയ്തവർ എങ്ങനെയാണ് PMAY പദ്ധതിയെ എതിര്‍ക്കുന്നത്: കെ എം ഷാജി
dot image

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് പറഞ്ഞത്. പിഎംഎവൈയില്‍ നിര്‍മ്മിച്ച വീടുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഏതെങ്കിലും എംബ്ലം കാണിച്ചുതരാമോയെന്നും കെ എം ഷാജി വെല്ലുവിളിച്ചു. അനാവശ്യ വിവാദം ഉണ്ടാക്കി പാവങ്ങള്‍ക്ക് കിട്ടുന്ന വീട് കളയരുത്. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഒരു വീട് പോലും ഇല്ലെന്നും കെ എം ഷാജി ആവര്‍ത്തിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷം അഞ്ച് ലക്ഷം വീട് വെച്ചുനല്‍കിയെന്നാണ് നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് അതില്‍ 1,60,000 വീടുകള്‍ ലൈഫ് മിഷന്‍ കൊടുത്തത് പിഎംഎവൈ വീടുകളാണ്. ആ വീടുകളില്‍ എംബ്ലം ഉണ്ട്. നിര്‍ബന്ധമായും ഗുണഭോക്താവിന്റെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിവരവും ലോഗോയും പ്രദര്‍ശിപ്പിക്കണം എന്നാണ് 2024ലെ കുടുംബശ്രീ സര്‍ക്കുലറില്‍ പറയുന്നത്. അന്ന് ഞങ്ങളല്ല ഭരിച്ചത്. ലോഗോയില്‍ ഏതെങ്കിലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടില്ല. സംസ്ഥാനം പദ്ധതിയില്‍ നിന്നും പിറകോട്ടുപോയത് സ്റ്റേറ്റ് വിഹിതം കൊടുക്കാന്‍ പണം ഇല്ലാത്തതിനാലാണ്. കപട ആദര്‍ശവേഷം കെട്ടുകയായിരുന്നു എല്‍ഡിഎഫ് എന്നും കെ എം ഷാജി പറഞ്ഞു.

'ഞങ്ങള്‍ ഒപ്പുവെക്കാന്‍ പോകുന്ന കരാറിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. 1,20,000 വീടുകള്‍ പാവപ്പെട്ടവന് കിട്ടാനുള്ളതാണ്. എംബ്ലത്തിന്റെ പേരില്‍ കപട ആദര്‍ശം പറഞ്ഞ് അത് ഒഴിവാക്കാനാകില്ല. പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് പേര്. നരേന്ദ്രമോദിയുടെ പേരോ ചിത്രമോ ഇല്ല. ഇഎംഎസ് ഭവനപദ്ധതി കൊണ്ടുവന്നവരാണ് കള്ളം പ്രചരിപ്പിക്കുന്നത്. ഇഎംഎസിന്റെ പേരില്‍ ഭവന പദ്ധതി വിഭാവനം ചെയ്തവര്‍ എങ്ങനെയാണ് പിഎംഎവൈ എതിര്‍ക്കുന്നത്', കെഎം ഷാജി ചോദിച്ചു.

പിഎംഎവൈ പ്രകാരം നിര്‍മ്മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്ന പ്രശ്‌നം ഇല്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മനുഷ്യര്‍ക്ക് ആത്മാഭിമാനമുണ്ട്. ഇഎംഎസിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ വീടുവാങ്ങുമ്പോള്‍ അയാള്‍ ജീവിതകാലം ഇഎംഎസിന്റെ പേര് വെച്ച വീട്ടില്‍ കിടന്നുറങ്ങണമെന്ന് പറയുന്നത് മോശമാണെന്ന അഭിപ്രായമുള്ളയാളാണ് ഞാന്‍. മുന്‍മുഖ്യമന്ത്രിയെന്നോ പ്രധാനമന്ത്രിയെന്നോ പറയാം. സാധാരണക്കാരന് കിട്ടേണ്ട ആനുകൂല്യം അനാവശ്യ തര്‍ക്കത്തെ തുടര്‍ന്ന് നഷ്ടപ്പെടുത്തേണ്ടതില്ല. കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ നിന്നും കിട്ടുന്ന പണം ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടില്‍ നിന്ന് കിട്ടുന്നതല്ല. നമ്മുടെ നികുതിപ്പണമാണ്. അത് മാക്‌സിമം ലഭിക്കണം എന്നും കെ എം ഷാജി പറഞ്ഞു.

Content Highlights: KM Shaji Clarifies Remarks on PMAYojana Houses and PM Modi Emblem

dot image
To advertise here,contact us
dot image