35 വർഷം ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല, ഒടുവിൽ പ്രവാസിക്ക് കുവൈറ്റിൽ തന്നെ അന്ത്യവിശ്രമം

നാട്ടുകാരുമായോ വീട്ടുകാരുമായോ യാതൊരു സമ്പർക്കവുമില്ലാതെ നീണ്ട വർഷങ്ങൾ കുവൈറ്റിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഹമീദ്

35 വർഷം ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല, ഒടുവിൽ പ്രവാസിക്ക് കുവൈറ്റിൽ തന്നെ അന്ത്യവിശ്രമം
dot image

മൂന്നര പതിറ്റാണ്ടിലേറെയായി ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഒറ്റപ്പെട്ടുപോയ പ്രവാസി മലയാളിക്ക് അന്ത്യവിശ്രമം ഒരുക്കി കുവൈറ്റ്. കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ (65) ആണ് കുവൈറ്റിൽ വെച്ച് മരിച്ചത്. 1990-ലാണ് ഹമീദ് കുവൈറ്റിലെത്തിയത്. എന്നാൽ പിന്നീട് ചില കാരണങ്ങളാൽ ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. 1999-ന് ശേഷം ഇദ്ദേഹത്തിന്റെ റെസിഡൻസി രേഖകൾ പുതുക്കിയിരുന്നില്ല. നാട്ടുകാരുമായോ വീട്ടുകാരുമായോ യാതൊരു സമ്പർക്കവുമില്ലാതെ നീണ്ട വർഷങ്ങൾ കുവൈറ്റിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഹമീദ്.

ഹമീദിന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് കുവൈറ്റ് കെഎംസിസി ഹെൽപ്പ് ഡെസ്ക് ചെയർമാൻ നാസർ എം ആറിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണമാണ് ഈ മനുഷ്യന്റെ ജീവിതകഥ പുറത്തുകൊണ്ടുവന്നത്. വിരലടയാള പരിശോധനയിലൂടെയും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പഴയ കൈയെഴുത്ത് പാസ്‌പോർട്ട്, പഴയ സിവിൽ ഐഡി തുടങ്ങിയ രേഖകൾ പരിശോധിച്ചുമാണ് ഒടുവിൽ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കിയത്. തുടർന്ന് നാട്ടിലെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കെഎംസിസി പ്രവർത്തകർ വിവരമറിയിച്ചു. ഇന്ത്യൻ എംബസിയുടെ പ്രത്യേക അനുമതിയോടെ മൃതദേഹം കുവൈറ്റിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികളും രേഖകളും ഇവർ വേഗത്തിൽ പൂർത്തിയാക്കി.

Content Highlights: After spending 35 years in Kuwait without being able to return to his hometown, an expatriate has passed away and was buried in Kuwait. The incident has drawn attention to the emotional challenges and sacrifices faced by many long-term expatriate workers living away from their families.

dot image
To advertise here,contact us
dot image