

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്ന ബില്‍ പാസായിട്ട് ചര്‍ച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ശുദ്ധഅസംബദ്ധമെന്ന് എ കെ ബാലന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും 2026-27 ബജറ്റിന്റെ അവതരണത്തിന്റെ നിയമപരമായ അസ്ഥിത്വം നഷ്ടപ്പെട്ടതാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ വരാത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശം ഗവര്‍ണറെ കൂടി അപമാനിക്കുന്നതാണ്. നയം പ്രഖ്യാപിക്കുന്നതുവരെ ധനബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണം എന്ന് എ കെ ബാലന്‍ പറഞ്ഞു. ധനബില്‍ അവതരിപ്പിച്ചാല്‍ ബജറ്റ് പാസാകും. പിന്നെ ഭേദഗതി ചെയ്യാനാകില്ല. യുഡിഎഫ് സൂത്രപ്പണി ചെയ്യുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു.
മന്ത്രി കെ എം ഷാജിക്കെതിരെയും എ കെ ബാലന്‍ രംഗത്തെത്തി. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും അത് യുഡിഎഫിന് അനുകൂലമല്ല, മറിച്ച് ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലന്‍ കടന്നാക്രമിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് കഴിഞ്ഞ ദിവസം കെ എം ഷാജി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍. യുഡിഎഫ് ബിജെപിക്കും ആര്‍എസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ കെ എം ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നത് മാത്രം ഇനി ഭേദഗതി ചെയ്താല്‍ മതിയെന്നും എ കെ ബാലന്‍ പരിഹസിച്ചു.
പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. ഷേക്‌സ്പിയര്‍ കൃതിയിലെ പ്രതികാര ദേവതയെപ്പോലെ അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ യുഡിഎഫിന് ലഭിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.
Content Highlights: AK Balan has termed Health Minister K. Muralidharan's remarks on discussing the liquor tax relief bill after its passage as 'completely illogical', escalating the political debate