അതുൽ ഉപദ്രവിച്ചെന്ന് ആരതി പറഞ്ഞിട്ടും ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്ന് അമ്മയുടെ മറുപടി; ചാറ്റ് പുറത്ത്

മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് റിപ്പോർട്ടറിന് ലഭിച്ചത്

അതുൽ ഉപദ്രവിച്ചെന്ന് ആരതി പറഞ്ഞിട്ടും ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്ന് അമ്മയുടെ മറുപടി; ചാറ്റ് പുറത്ത്
dot image

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം. മുഖത്തും കൈയിലും ദേഹത്തും മുറിവുകള്‍ പറ്റിയ ചിത്രങ്ങളാണിവ. മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്ത് വന്നത്.

അച്ഛനും ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അച്ഛന്‍ കാണട്ടെ എന്നും ആരതി ചാറ്റില്‍ പറയുന്നു. പരിക്കുകള്‍ ആശുപത്രിയില്‍ കാണിക്കണമെന്ന് അമ്മ ആരതിയോട് പറയുന്നു. അതുലിന്റെ അമ്മ തൈലം ഇട്ട് തടവി തരാമെന്ന് പറഞ്ഞതായും
അതുല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നും ആരതി പറയുന്നുണ്ട്. ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്നും ഒന്നിനും പോകരുതെന്നുമാണ് മറുപടി നല്‍കിയിരിക്കുന്നത്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.

Also Read:

ദീർഘനാളായി പെൺകുട്ടി കടുത്ത പീഡനം നേരിട്ടിരുന്നതായാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മർദ്ദനത്തിന്റെ വിവരങ്ങൾ പലരോടും പങ്കുവെച്ചിരുന്നെങ്കിലും തന്റെ വിഷമം കേൾക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. അമ്മയ്ക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. തന്റെ സ്വർണ്ണം പല ആവശ്യങ്ങൾക്കായി ഭർത്താവ് അതുലിന് നൽകിയിരുന്നു. അതുലുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ല. മറ്റുവഴിയില്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്നാണ് ആരതിയുടെ കുറിപ്പ്.

ആരതിയുടെ മരണത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാപ്രേരണാ കുറ്റവും ഗാർഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർത്താവ് അതുലിന്റെ തുടർച്ചയായ പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. യുവതിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നു. മർദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: attukal woman arathi's death case updates

dot image
To advertise here,contact us
dot image