

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍
പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെ പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭില്‍ നിന്ന് നേരിട്ട ക്രൂരത റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അതിജീവിത വെളിപ്പെടുത്തിയത്.
ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.
Content Highlight : Sexual harassment complaint; Prasobh Valsan's anticipatory bail application postponed to Monday