

ഹൃദയാഘാതം പെട്ടെന്നൊരു ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. വര്‍ഷങ്ങളായി ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളില്‍നിന്നാണ് ഹൃദയപ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നത്. ഹൃദയാഘാതത്തിന് മുന്‍പുളള നിര്‍ണായക നിമിഷങ്ങളില്‍ ഹൃദയത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരിക്കുന്നത് ഒരു പക്ഷേ ജീവന്‍ വരെ അപകടത്തിലാക്കാന്‍ സാധിക്കുന്ന നിമിഷങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. സിടിവിഎസ്, കാര്‍ഡിയാക് സയന്‍സ്,ഷാര്‍ദ് കെയര്‍ ഹെല്‍ത്ത് സിറ്റിയുടെ സീനിയര്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ റുസ്തഗി ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

' ഹൃദയാഘാതം സംഭവിക്കുന്നതിന് മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുന്‍പ് രക്തപ്രവാഹത്തെ തടയുന്ന കൊഴുപ്പ് നിക്ഷേപങ്ങള്‍(പ്ലാക്ക്) അടിഞ്ഞുകൂടി ധമിനികളുടെ ഉള്‍ഭാഗം ചുരുങ്ങുന്നു. ഇത് രക്തം കട്ടപിടിക്കാനും ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും കാരണമാകുന്നു. ഈ പ്രക്രീയ വര്‍ഷങ്ങളെടുത്താണ് സംഭവിക്കുന്നത്. ലക്ഷണങ്ങളൊന്നും ഇല്ലാതെ ഇക്കാര്യം മുന്നോട്ട് പോകുന്നതാണ് അപകടം വര്‍ധിക്കാനിടയാക്കുന്നത്.
ദൈനംദിന ശീലങ്ങളും ദീര്‍ഘകാല ആരോഗ്യസ്ഥിതിയുമാണ് ധമനികളുടെ നാശത്തിന് കാരണം. കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രമേഹം, പുകവലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് ഇവയൊക്കെ ധമനികള്‍ ദുര്‍ബലമാകാന്‍ കാരണമാകുന്നു. ഈ ഘടകങ്ങള്‍ ഓരോന്നും രക്തക്കുഴലുകളുടെ ആന്തരിക പാളിയെ ബാധിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്ലാക്ക് ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകളുടെ ഭിത്തികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പുകവലി ധമനികളുടെ കേടുപാടുകള്‍ വേഗത്തിലാക്കുന്ന വിഷവസ്തുക്കളുണ്ടാക്കുന്നു. എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രാജ്യത്തെ മരണങ്ങളില്‍ ഒരു പ്രധാന പങ്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ്.

ധമനികളുടെ കേടുപാടുകള്‍ സാവധാനത്തിലാണ് വര്‍ധിക്കുന്നതെങ്കില്‍ ട്രിഗറുകള്‍ പെട്ടെന്നുള്ള തീപ്പൊരികള്‍ പോലെയാണ്.'പെട്ടെന്നുള്ള സമ്മര്‍ദ്ദം അല്ലെങ്കില്‍ കോപം, കനത്ത ശാരീരിക അദ്ധ്വാനം, ഉറക്കക്കുറവ് അല്ലെങ്കില്‍ നിര്‍ജ്ജലീകരണം - ഇവ കേടുപാടുകള്‍ സംഭവിച്ച ധമനികളെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തുന്നു. ഡോ. റുസ്തഗി പറയുന്നു.
ശരീരം നമുക്ക് നല്‍കുന്ന മുന്നറിയിപ്പ് അടയാളങ്ങള്‍ സൂക്ഷ്മവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതുമാണ്.ചിലപ്പോള്‍ ഈ സിഗ്നലുകളെ നമ്മള്‍ അവഗണിച്ചേക്കാം. 'നെഞ്ചില്‍ വേദന, നെഞ്ചിലെ ഭാരം, ശ്വാസതടസം, അസാധാരണമായ ക്ഷീണം, കൈയിലോ താടിയെല്ലിലോ പുറത്തോ വേദന, ദഹനക്കേട് പോലുള്ള അസ്വസ്ഥത' ഇവയെല്ലാം ഹൃദയാഘാതത്തിന് ആഴ്ചകള്‍ക്കോ ദിവങ്ങള്‍ക്കോ മുന്‍പ് പ്രകടമാകുന്ന ലക്ഷണങ്ങളാണ്. പലരും ഈ ലക്ഷണങ്ങളെ അസിഡിറ്റി, പേശിമുറുക്കം ക്ഷീണം എന്നിവയൊക്കെയായി തെറ്റിദ്ധരിക്കുന്നു.

ശാരീരിക വ്യായാമങ്ങള്‍ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ബിപി നിയന്ത്രിക്കുക, പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തുക ഇവയൊക്കെ സഹായകമാകും. ജീവിതശൈലിയില്‍ പല മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് WHO പറയുന്നു.മുന്നറിയിപ്പില്ലാത്ത ഹൃദയാഘാതം വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ജീവിതശൈലിയും ആരോഗ്യ സ്ഥിതിയും മൂലമുണ്ടാകുന്ന സാവധാനത്തിലുള്ള ധമനിയുടെ തകരാറുകള്‍ മൂലവും സമ്മര്‍ദ്ദം മൂലവുമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
Content Highlights : Understanding what happens in the body in the crucial moments before a heart attack can sometimes save lives.