

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.
ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കിടിലൻ ഫൈറ്റുകളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. ഒപ്പം ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ശക്തമായ വേഷം തന്നെ സിനിമയിൽ ഉണ്ടാകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.
ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ഒരു ചടങ്ങിൽ വെച്ച് പ്രേക്ഷകരോട് സംസാരിക്കവെയാണ് ഫഹദ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. മെയ് ഒന്നിനാണ് സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Mammootty-Mohanlal film Patriot trailer out now