

ബെംഗളൂരുവിലെ ഒരു ദമ്പതികള്‍ നായക്കായി മാസം 15,000 രൂപ ചെലവാക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയാണ്. കുട്ടികളില്ലാതെ വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞായി കണ്ട് വളര്‍ത്തുന്ന 'DINKWAD' എന്ന ജീവിതശൈലി ഇന്ത്യന്‍ നഗരങ്ങളില്‍ വ്യാപകമാകുന്നതിന്റെ തുടര്‍ച്ചയാണിത്. പണത്തേക്കാള്‍ വിശ്വാസത്തിനും ഗുണമേന്മയ്ക്കും മുന്‍ഗണന നല്‍കുന്ന ഒരു വിഭാഗം ഉപഭോക്താക്കള്‍ വളര്‍ന്നുവരുന്നത് പെറ്റ് കെയര്‍ വിപണിക്ക് പുതിയ സാധ്യതയാണ്. എന്നാല്‍ ഇതിന് വിമര്‍ശനവും ഉയരുന്നുണ്ട്.

എന്താണ് 'DINKWAD'?
DINKWAD എന്നതിന്റെ പൂര്‍ണരൂപം 'Double Income, No Kids, With A Dog' എന്നാണ്. അതായത് ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നു, രണ്ടുപേര്‍ക്കും വരുമാനമുണ്ട്. അവര്‍ക്ക് കുട്ടികളില്ല. എന്നാല്‍ അവര്‍ക്കൊപ്പം ഒരു നായയുണ്ട്. ഇതാണ് DINKWAD കൊണ്ട് ഉദ്ദേശിക്കുന്നത്. ബെംഗളൂരുവിലെ ഇന്ദിരാനഗറില്‍ താമസിക്കുന്ന ദമ്പതികള്‍ തങ്ങളുടെ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായക്കായി ഓരോ മാസവും 12,000 മുതല്‍ 15,000 രൂപ വരെ ചെലവഴിക്കുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ഇന്ത്യയിലെ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന 'DINKWAD' എന്ന പുതിയ ജീവിതശൈലിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.
നായയെ വെറുമൊരു മൃഗമായല്ല, മറിച്ച് തങ്ങളുടെ കുഞ്ഞിനെപ്പോലെയാണ് ഈ ദമ്പതികള്‍ കാണുന്നത്. നായക്കായി പ്രത്യേക ഓര്‍ഗാനിക് ഭക്ഷണവും പ്രോബയോട്ടിക് ഗുളികകളും വാങ്ങുന്നു. ഇവര്‍ സ്വന്തം ഭക്ഷണത്തിന് ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ നായയുടെ ഭക്ഷണത്തിനായി ചെലവാക്കുന്നുണ്ട്. നായയുടെ ഭക്ഷണത്തിനായി ഫ്രിഡ്ജില്‍ പ്രത്യേക ഷെല്‍ഫ് തന്നെ മാറ്റിവെച്ചിട്ടുണ്ട്. മുടി വെട്ടിക്കാനും കുളിപ്പിക്കാനും ഡോക്ടറെ കാണിക്കാനും കളിപ്പാട്ടങ്ങള്‍ക്കുമായി വലിയ തുക മാറ്റിവെക്കുന്നു.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍
ഈ വാര്‍ത്തയോട് പ്രതികരിച്ചവര്‍ പ്രധാനമായും രണ്ട് പക്ഷത്താണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നായ ഒരു വൈകാരിക പിന്തുണയാണെന്നും, സ്വന്തം പണം അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെലവാക്കാന്‍ അവകാശമുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഒരു മൃഗത്തിനായി ഇത്രയധികം പണം ചെലവാക്കുന്നത് അനാവശ്യമാണെന്നും, ഇത് നഗരങ്ങളിലെ ആഡംബരത്തിന്റെ ഭാഗമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. വളരെയേറെ അസമത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് 15000 രൂപ ഒരു മാസം നായക്കായി മാറ്റിവെക്കുന്ന കാര്യം സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: The Rise of DINKWADs: How Pet-First Households Are Reshaping Consumption