കാല്‍വിരലിലെ രോമം കൊഴിയുന്നത് പ്രമേഹത്തിന്റെ സൂചനയോ?

ഇതൊരു നിസ്സാരപ്രശ്‌നമല്ല. ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം

കാല്‍വിരലിലെ രോമം കൊഴിയുന്നത് പ്രമേഹത്തിന്റെ സൂചനയോ?
dot image

കാല്‍വിരലുകളില്‍ രോമം ഉണ്ടാകുന്നതും അത് കൊഴിഞ്ഞുപോകുന്നതുമൊന്നും ആരും അത്ര ഗൗരവമായി എടുക്കാറില്ല. എന്നാല്‍ അതത്ര നിസ്സാരമായ കാര്യമല്ല. കാല്‍വിരലിലെ രോമം പോലുള്ള ലളിതമായ ഒന്ന് നമ്മുടെ ആരോഗ്യവിമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ശരീരത്തിലെ മറ്റേത് ഭാഗത്തെയും പോലെ കാല്‍വിരലുകളിലെ രോമകൂപങ്ങള്‍ക്ക് ആരോഗ്യമായി നിലനില്‍ക്കാന്‍ സ്ഥിരമായതും മികച്ചതുമായ രക്ത ചംക്രമണം ആവശ്യമാണ്. നല്ല രക്തചംക്രമണം ഉണ്ടെങ്കില്‍ ഫോളിക്കിളുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തുന്നു. ഇത് രോമം വളരാനും നിലനില്‍ക്കാനും സഹായിക്കുന്നു.

കാലുകളിലേക്കും കാല്‍വിരലുകളിലേക്കും രക്തം നന്നായി ഒഴുകുമ്പോള്‍, ആരോഗ്യകരമായ രോമ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുന്നു. നേരെമറിച്ച്, രക്തക്കുഴലുകളുടെ കേടുപാടുകള്‍ മൂലമോ സങ്കോചം മൂലമോ രക്തചംക്രമണം കുറയുമ്പോള്‍, രോമകൂപങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നില്ല.അപ്പോള്‍ കാല്‍വിരലുകളിലെ രോമങ്ങള്‍ നേര്‍ത്തതാകുകയോ, വിരളമാകുകയോ, അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.

hair loss on toes a sign of diabetes

ഇന്‍സുലിന്‍ പ്രതിരോധം രക്തക്കുഴലുകളുടെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

രക്തചംക്രമണം മോശമാകുന്നതിന് കാരണമാകുന്ന അവസ്ഥയാണ് ക്രോണിക് ഇന്‍സുലിന്‍ പ്രതിരോധം. ടൈപ്പ്-2 പ്രമേഹം ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് വര്‍ദ്ധിക്കുന്നു. ഇത് ധമനികള്‍ക്ക് വീക്കവും കാഠിന്യവും ഉണ്ടാക്കുകയും രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഈ പ്രക്രിയ ധമനികളുടെ സങ്കോചത്തിനും കാല്‍വിരലുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിദൂര ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം കുറയുന്നതിനും കാരണമാകുന്നു. രക്തചംക്രമണം തകരാറിലാകുമ്പോള്‍, രോമകൂപങ്ങള്‍ക്ക് അവയുടെ നിലനില്‍പ്പിന് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ലഭിക്കുന്നത് കുറയുന്നു. ഇത് കാല്‍വിരലുകളിലും കാലുകളിലും ക്രമേണ രോമം കൊഴിയാന്‍ കാരണമാകുന്നു. ഈ രക്തക്കുഴലുകളുടെ തകര്‍ച്ച പെരിഫറല്‍ ആര്‍ട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമും ഇതുമായി അടുത്ത ബന്ധത്തിലാണ്.

hair loss on toes a sign of diabetes

കാല്‍വിരലുകളിലെ രോമം കൊഴിയുന്നതോടൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം

കാല്‍വിരലുകളില്‍ രോമം കൊഴിയുന്നതുകൊണ്ട് എന്തെങ്കിലും രോഗം ഉണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റ് ചില ലക്ഷണങ്ങള്‍ക്കൊപ്പം രോമം കൊഴിയുകകൂടി ചെയ്താല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

  • തണുത്തതും മരവിച്ചതുമായ കാലും വിരലുകളും
  • കാലുകളില്‍ മരവിപ്പോ വേദനയോ
  • നടക്കുമ്പോള്‍ കാലുകളില്‍ മസില്‍ കയറ്റമോ വേദനയോ ഉണ്ടാവുക
  • കാലുകളിലും പാദങ്ങളിലും വിളര്‍ച്ച

ഈ ലക്ഷണങ്ങള്‍ക്കൊപ്പം കാല്‍വിരലുകളില്‍ രോമം കൊഴിയുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കണ്ട് ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇന്‍സുലിന്റെ അളവ് എന്നിവയും രക്തചംക്രമണവും ഉപാപചയ സൂചകങ്ങളും എല്ലാം വിലയിരുത്താന്‍ ഡോക്ടറിന് കഴിയും.

hair loss on toes a sign of diabetes

രക്തചംക്രമണം നന്നാക്കാന്‍ എന്ത് ചെയ്യണം

  • പോഷകാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുക.
  • പുകവലി ഒഴിവാക്കുക - രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുകയും ധമനികളുടെ തകരാറിലേക്ക് നയിക്കുകയും ചെയ്യുന്ന ഒന്നാണ് പുകവലി.
  • രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങളും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നതിനായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
  • ധമനികളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിനായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കുക.
  • അണുബാധ തടയുന്നതിനും രോഗശാന്തിക്കുമായി ശരിയായി പാദങ്ങള്‍ സംരക്ഷിക്കണം .

Content Highlights : Is hair loss on toes a sign of diabetes? How insulin resistance is linked to vascular health





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image