

തിരുവനന്തപുരം: പിഎം ശ്രീയില്‍ വെളിപ്പെടുത്തലുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിട്ടത് നടപ്പാക്കില്ലെന്ന് തീരുമാനം എടുത്തതിന് ശേഷമാണ് എന്നാണ് വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എങ്ങനെയെങ്കിലും എസ്എസ്‌കെ ഫണ്ട് വാങ്ങുക എന്നതാണ് ഉദ്ദേശമെന്നും പദ്ധതിയില്‍ ഒപ്പിട്ടാലും നടപ്പാക്കില്ലെന്ന് തീരുമാനിച്ചിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിവാദമായതോടെ കേരളത്തിന് നഷ്ടമായത് രണ്ടായിരം കോടി രൂപയാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ എക്‌സ്പ്രസിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
'പിഎം ശ്രീ പദ്ധതിയില്‍ യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം എല്ലാ നിലയിലും നടത്താനുളള ശ്രമമാണ് ബിജെപി നടത്തിയത്. പാഠപുസ്തകങ്ങളില്‍ നിന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകവും മുഗള്‍ ഭരണകാലവും ഗുജറാത്ത് കലാപവും വെട്ടിമാറ്റി. അതിനെയെല്ലാം ഉള്‍പ്പെടുത്തി ബദല്‍ പാഠപുസ്തകം ഇറക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയാണ് ഞാന്‍. ഞാനെടുത്ത നിലപാട് വേറാരും എടുത്തിട്ടില്ലല്ലോ. ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം നടന്നപ്പോള്‍ എന്‍ഇപി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറയാന്‍ ധൈര്യം കാണിച്ചയാളാണ് ഞാന്‍. അങ്ങനെ നിലപാട് സ്വീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നമുക്ക് പണം തരുന്നില്ല', മന്ത്രി പറഞ്ഞു.
എന്‍ഇപി അംഗീകരിക്കാത്തതിനാലും പിഎംശ്രീയില്‍ ഒപ്പിടാത്തതിനാലും ഫണ്ട് തടഞ്ഞുവെച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്എസ്‌കെയുടെ ഭാഗമായി കേരളത്തിന് രണ്ടായിരം കോടി രൂപ കിട്ടാനുണ്ട്. പിഎം ശ്രീ പദ്ധതി കേരളത്തില്‍ വേണ്ട. കാരണം ഇവിടെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളും മോഡേണ്‍ ആയി. എയര്‍കണ്ടീഷന്‍ഡായി. 45,000 ക്ലാസ് മുറികൾ സ്മാര്‍ട്ട് ക്ലാസ് റൂമുകളായി. അയ്യായിരം കോടി രൂപ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി ചെലവഴിച്ചുകഴിഞ്ഞു. അമ്പരചുംബികളായ കെട്ടിടങ്ങളാണ് നമ്മുടെ സ്‌കൂള്‍ കെട്ടിടങ്ങള്‍. പിഎം ശ്രീയില്‍ തരുന്നതെന്താ? മതില്‍ കെട്ടാനും കക്കൂസ് കെട്ടാനും. ഇവിടെ ഫൈവ് സ്റ്റാര്‍ കക്കൂസുകളാണ് സ്‌കൂളുകളില്‍. കുട്ടികള്‍ക്കിപ്പോ സ്‌കൂളില്‍ വന്നാല്‍ തിരികെ പോകണമെന്നില്ല. സ്‌കൂളില്‍ തന്നെ കറങ്ങി കറങ്ങി നില്‍ക്കണമെന്ന മട്ടാണ്. നമ്മുടെ കുട്ടികളോടും സംസ്ഥാനത്തോടും തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ആ കാശ് കിട്ടിയെങ്കില്‍ കൊളളാമല്ലോ എന്ന് തോന്നി. അങ്ങനെ ചര്‍ച്ച ചെയ്ത് താനതില്‍ ഒപ്പിട്ടു എന്നത് സത്യം തന്നെയാണ്. പൈസ വാങ്ങിയിട്ട് നടപ്പിലാക്കാതിരിക്കാം എന്നതായിരുന്നു പദ്ധതി. അപ്പോഴാണ് അതിന് എതിര്‍പ്പുവന്നത്. പിന്നെ കമ്മിറ്റി രൂപീകരിച്ചു. പിന്നീടാണ് പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന് താൻ പ്രഖ്യാപിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു.
Content Highlights: 'Signed on PM Shri project After deciding not to implement it in kerala': V Sivankutty