

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബിൽ ലോക്‌സഭയിൽ ചർച്ചക്കെടുക്കാതെ മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ അടക്കമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും എഫ്‌സിആർഎ ഭേദഗതി ബിൽ എന്നതായിരുന്നു ഉയർന്ന പരാതി. ക്രിസ്ത്യൻ സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. ക്രിസ്ത്യൻ സഭകളെ ലക്ഷ്യമിട്ടാണ് ഈ നിയമഭേദഗതി കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനാൽ തന്നെയാണ് വിദേശ സംഭാവന നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഒരു ഭേദഗതി ബിൽ ഇത്രയേറെ ഗൗരവമുള്ള രാഷ്ട്രീയ വിഷയമായി മാറുന്നത്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി നിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു വിഷയത്തിൽ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നത് എന്നത് തന്നെയാണ് ഈ വിഷയത്തെ ഏറ്റവും ഗൗരവകരമാക്കുന്നത്.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ നിലവിൽ രാജ്യത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നീളുന്ന കാണാച്ചരട് വ്യക്തമാണ്. കേരളവും തമിഴ്‌നാടും ബിജെപിയുടെ രാഷ്ട്രീയ റഡാറിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങളും കേന്ദ്രവും ഒരേ പാർട്ടി തന്നെ ഭരിക്കണം എന്ന ബിജെപിയുടെ ഇരട്ട എഞ്ചിൻ നിലപാടിന് എന്നാൽ ആ നിലയിൽ സ്വാധീനം ഉറപ്പിക്കാൻ കേരളത്തിലും തമിഴ്‌നാട്ടിലും സാധിച്ചിട്ടില്ല. അതിനാൽ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു ബിൽ അവതരിപ്പിക്കാനായി നടത്തിയ നീക്കം അത്രയൊന്നും യാദൃശ്ചികമല്ലെന്നാണ് സമീപകാല തെരഞ്ഞെടുപ്പ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി മുന്നോട്ട് വെയ്ക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് വേണം പുതിയ നിയമഭേദഗതിയുടെ കാണാച്ചരടുകളെ വിലയിരുത്താൻ.
ക്രിസ്ത്യൻ വിഭാഗങ്ങളെ അധികാരവഴിയിൽ എങ്ങനെ പാലമാക്കാം എന്ന ബിജെപിയുടെ കേരളത്തിലെ ആലോചനക്ക് വലിയ പഴക്കമുണ്ട്. ഉത്തരേന്ത്യയിൽ അടക്കം ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ മതപരിവർത്തന ആരോപണം ഉന്നയിച്ച് സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളായിരുന്നു കേരളത്തിലെ ക്രിസ്ത്യൻ സഭയ്ക്കും ബിജെപിക്കും ഇടയിൽ കല്ലുകടിയായ പ്രധാന ഘടകം. അപ്പോഴും കേരളത്തിലെ ക്രിസ്ത്യൻ സഭയെ അനുനയിപ്പിക്കാൻ ബിജെപി തന്ത്രപരമായ നീക്കങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരുന്നു.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്, പി സി ജോർജ്, മകൻ ഷോൺ ജോർജ് തുടങ്ങിയവരെ കേരളത്തിലെ ബിജെപി പരിഗണിച്ചത് ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
ഏറ്റവും ഒടുവിൽ ജോർജ്ജ് കുര്യനെയും നേരത്തെ അൽഫോൻസ് കണ്ണന്താനത്തെയും പി സി തോമസിനെയും കേന്ദ്രമന്ത്രിമാരാക്കിയത് ഇത്തരം നീക്കത്തിന്റെ ഭാഗമാണ്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്, പി സി ജോർജ്, മകൻ ഷോൺ ജോർജ് തുടങ്ങിയവരെ കേരളത്തിലെ ബിജെപി പരിഗണിച്ചത് ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയം ബിജെപി നേതൃത്വവും ക്രിസ്ത്യൻ സഭകളുമായുള്ള സഹകരണത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെട്ടത്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഒന്നാമതെത്തിയത് ക്രിസ്ത്യൻ സഭകളുടെ കൂടെ പിന്തുണയിലായിരുന്നു എന്നായിരുന്നു പൊതുവായി വിലയിരുത്തപ്പെട്ടത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു. ഇതിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടിരുന്നു. 2024ൽ ബിജെപി ഒന്നാമതെത്തിയ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കാട്ടക്കട മണ്ഡലങ്ങളിലും ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകൾ നിർണ്ണായകമാണ്.
എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ നിലയിലുള്ള മുന്നേറ്റം നിലനിർത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രിസ്തീയ സഭകൾ ബിജെപി നിലപാടുകളിൽ അസംതൃപ്തരാണെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നു. മതപരിവർത്തനം ആരോപിച്ച് ഉത്തരേന്ത്യയിൽ മലയാളി കന്യാസ്ത്രീകളും പുരോഹിതരും ആക്രമണത്തിന് ഇരയായത് കേരളത്തിലെ ക്രിസ്ത്യൻ സഭയെ ചൊടിപ്പിച്ചതായിരുന്നു കാരണം. വിവിധ സഭാ മേധാവികൾ ഈ ഘട്ടത്തിൽ ആക്രമണങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ക്രിസ്ത്യൻ സഭകൾക്കുള്ള അതൃപ്തി പരിഹരിക്കാൻ ബിജെപി നേതൃത്വത്തിലുള്ള നീക്കങ്ങൾ പിന്നാലെ ഉണ്ടായി.
ബിജെപി നേതാവായിരുന്ന പി ശ്രീധരൻപിള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ശ്രദ്ധേയം. നേരത്തെ ബിജെപിക്കും ക്രിസ്ത്യൻ സഭാ നേതൃത്വത്തിനും ഇടയിൽ 'ട്രബിൾ ഷൂട്ടറാ'യി ഇടപെട്ടിരിക്കുന്ന നേതാവാണ് പി ശ്രീധരൻപിള്ള. ഇതിന് പിന്നാലെയാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയത് എന്നതും ശ്രദ്ധേയമാണ്
ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ക്രിസ്ത്യൻ സഭകളെ ആശങ്കയിൽ ആഴ്ത്തുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ കേരളത്തിൽ നടന്നു. ശക്തമായ പ്രതിഷേധവുമായി സഭാ നേതൃത്വം രംഗത്തിറങ്ങി. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സഭാ നേതൃത്വം ഇത് സംബന്ധിച്ച് കത്തുകളയച്ചു. ബിജെപി നേതാവായിരുന്ന പി ശ്രീധരൻപിള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ശ്രദ്ധേയം. നേരത്തെ ബിജെപിക്കും ക്രിസ്ത്യൻ സഭാ നേതൃത്വത്തിനും ഇടയിൽ 'ട്രബിൾ ഷൂട്ടറാ'യി ഇടപെട്ടിരിക്കുന്ന നേതാവാണ് പി ശ്രീധരൻപിള്ള. ഇതിന് പിന്നാലെയാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയത് എന്നതും ശ്രദ്ധേയമാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച നാല് മണ്ഡലങ്ങളിൽ മൂന്നിലും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ്. കോയമ്പത്തൂർ സൗത്ത്, തിരുനെൽവേലി, നാഗർകോവിൽ, മോഡക്കുറിച്ചി നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ബിജെപി വിജയം. ഇതിൽ ആദ്യ മൂന്ന് മണ്ഡലങ്ങളിലും ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് നിർണ്ണായകമാണ്. തമിഴ്‌നാട്ടിൽ ക്രിസ്ത്യൻ വോട്ടർമാർ നിർണ്ണായക സ്വാധീനം ചെലുത്തുന്ന കന്യാകുമാരി ജില്ല ബിജെപിയുടെ ശക്തികേന്ദ്രമാണ്. കന്യാകുമാരി ജില്ലയിൽ നാല് സീറ്റുകളിലാണ് നാഗർകോവിൽ, പത്മനാഭപുരം, കൊളച്ചൽ, വിളവൻകോട് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. ഇതിൽ നാഗർകോവിലിൽ 30 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടർമാരാണ് ഉള്ളത്. പത്മനാഭപുരത്ത് 35 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടർമാരുണ്ടെങ്കിൽ കൊളച്ചൽ, വിളവൻകോട് ക്രിസ്ത്യൻ വോട്ടർമാരുടെ എണ്ണം 50 ശതമാനത്തിലേറെയാണ്. ബിജെപി സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന തിരുനെൽവേലി, തൂത്തുക്കുടി മേഖലകളിലും ക്രിസ്ത്യൻ വോട്ടുകൾ നിർണ്ണായകമാണ്.
എന്തായാലും സഭാ നേതൃത്വങ്ങളും പ്രതിപക്ഷ പാർട്ടികളും വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ ഉയർത്തിയ എതിർപ്പിനൊടുവിൽ ലോക്‌സഭയിലെ ബിൽ അവതരണം കേന്ദ്രസർക്കാർ മാറ്റിവെയ്ക്കുകയായിരുന്നു. ബിൽ അവതരണം മാറ്റിയെങ്കിലും വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ ഒരു ഡമോക്ലസിന്റെ വാൾ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നുവെന്ന് ക്രിസ്ത്യൻ സഭകളെ കൃത്യമായി ഓർമ്മപ്പെടുത്താൻ ഇതിലൂടെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതിഷേധം പരിഗണിച്ച് തൽക്കാലം ബിൽ പരിഗണിക്കുന്നത് മാറ്റിയിട്ടുണ്ട്, കാര്യങ്ങൾ സ്മൂത്തായി പോയാൽ എല്ലാവർക്കും നല്ലത് എന്നാണ് ബിജെപി പറയാതെ പറഞ്ഞിരിക്കുന്നതെങ്കിൽ അത് ക്രിസ്ത്യൻ സഭകൾ എങ്ങനെ പരിഗണിക്കുന്നുവെന്നത് നിർണ്ണായകമാണ്. അതിനാൽ തന്നെയാണ് ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ഇത്രയേറെ കോലാഹലങ്ങൾ ഉണ്ടാക്കി വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ എന്ന ചർച്ച രൂപപ്പെട്ടത് അത്ര യാദൃശ്ചികമല്ലെന്ന് തുടക്കത്തിൽ പറഞ്ഞ് വെച്ചത്. അതിനൊപ്പം യുപിഎ സർക്കാരിന്റെ കാലത്ത് 2010 എഫ്‌സിആർഎ ബില്ലിൽ വരുത്തിയ ഭേദഗതികൾ കേരളത്തിൽ അടക്കം ചർച്ചയാക്കാനും ഇതുവഴി സാധിച്ചു എന്നതും പ്രധാനമാണ്.
വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് പുതുക്കൽ നിരസിക്കപ്പെടുകയോ അപേക്ഷ നൽകാതിരിക്കുകയോ കാലാവധി കഴിഞ്ഞിട്ടും പുതുക്കി കിട്ടാതിരിക്കുകയോ ചെയ്താൽ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാം എന്നതാണ് പുതിയ ഭേദഗതി പറയുന്നത്. എഫ്സിആർഎ ലൈസൻസുള്ള സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചാൽ വിദേശ സംഭാവന ഉപയോഗിച്ച് ആർജിച്ച ആസ്തികൾ പൂർണ്ണമായി അതോറിറ്റിയുടെ കീഴിലേക്ക് മാറും. ഭാരവാഹികൾ ഇക്കാര്യം അതോറിറ്റിയെ അറിയിക്കുകയും ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയുടെ രേഖകൾ കൈമാറുകയും വേണം എന്നതും പുതിയ ഭേദഗതിയുടെ ഭാഗമാണ്. നിലവിലെ നിയമ പ്രകാരം എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ സർക്കാർ സംവിധാനങ്ങൾക്ക് ആസ്തികളുടെ താൽക്കാലിക ചുമതല മാത്രമേ ലഭിച്ചിരുന്നുള്ളൂ. ലൈസൻസ് പുനഃസ്ഥാപിക്കപ്പെടുമ്പോൾ ആസ്തികളും ഫണ്ടും തിരികെ നൽകണമെന്നുമാണ് നിലവിലെ നിയമം പറയുന്നത്. എന്നാൽ പുതിയ നിയമ പ്രകാരം എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ, സറണ്ടർ ചെയ്യുകയോ, ലൈസൻസ് കാലഹരണപ്പെടുകയോ ചെയ്താൽ പുതിയതായി രൂപീകരിക്കുന്ന അതോറിറ്റിക്ക് ആസ്തികൾ എന്നന്നേക്കുമായി സ്വന്തമാക്കാൻ കഴിയും. മാത്രമല്ല നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ ആസ്തികൾ സർക്കാരിന് വിൽക്കാനോ മറ്റ് വകുപ്പുകൾക്ക് കൈമാറാനോ കഴിയുമെന്നാണ് ഭേദഗതി ബില്ലിൽ പറയുന്നത്. ഈ നിലയിൽ വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്കാണ് (Consolidated Fund) പോവുകയെന്നാണ് പുതിയ നിയമം പറയുന്നത്.
ഒരു കെട്ടിടത്തിന്റെയോ ആസ്തിയുടെയോ നിർമാണത്തിന് ഭാഗികമായി മാത്രമാണ് വിദേശ ഫണ്ട് ഉപയോഗിച്ചതെങ്കിലും ആ ആസ്തി പൂർണ്ണമായി സർക്കാരിന് ഏറ്റെടുക്കാമെന്നാണ് നിയമ ഭേദഗതി വിഭാവനം ചെയ്യുന്നത്. വിദേശ ഫണ്ടും മറ്റ് ഫണ്ടുകളും വേർതിരിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ഉടമയ്ക്ക് ആസ്തികളിൽ ക്ലെയിം ചെയ്യാൻ സാധിക്കൂ. വിൽപന സമയത്ത് യഥാർഥ ഉടമയ്ക്ക് നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പുതിയ നിയമം പറയുന്നു. പുതിയ വ്യവസ്ഥയനുസരിച്ച് ആരാധനാലയങ്ങളുടെ നിയന്ത്രണവും സർക്കാരിന് ഏറ്റെടുക്കാൻ കഴിയും. എന്നാൽ ഇത്തരം ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റില്ലെന്നും, മറ്റ് ആസ്തികളെപ്പോലെ ഇവ വിറ്റഴിക്കില്ലെന്നും വ്യവസ്ഥയുണ്ട്. ഏറ്റെടുക്കുന്ന ആസ്തികളിൽ ഒരു ഭാഗം മാത്രമാണ് ആരാധനാലയമെങ്കിലും നിയന്ത്രണം സർക്കാരിനായിരിക്കുമെന്നും പുതിയ നിയമം പറയുന്നു.
എഫ്സിആർഎയുമായി ബന്ധപ്പെട്ട ഏതൊരു അന്വേഷണവും ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന ബില്ലിലെ വ്യവസ്ഥ നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചും പ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിൽ ആയിരിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ ഫെഡറൽ കാഴ്ചപ്പാടുകളെ അടക്കം ബാധിക്കുന്ന ഭേദഗതികളുള്ള ഒരു ബിൽ കേന്ദ്രം
ലോക്‌സഭയിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയത്. ഫെഡറൽ സംവിധാനത്തിനെതിരായ കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച തമിഴ്‌നാട്, കേരള സർക്കാരുകളുടെ ഗതി നിർണ്ണയിക്കുന്ന ഘട്ടത്തിലാണ് നിലവിലെ നീക്കമെന്നതും ശ്രദ്ധേയമാണ്.
Content Highlights: The FCRA Amendment Bill 2026 has sparked controversy in Kerala as Christian churches and opposition parties accuse the Centre of undermining minority institutions just before the Assembly elections. Is it a genuine regulatory reform or a hidden strategy affecting Christian votes and BJP's outreach? Read the full political analysis.