

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലത്. കെപിസിസി പ്രസിഡന്റ് മറ്റെന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലതെന്നും ഇപ്പോൾ അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും സനോജ് തുറന്നടിച്ചു. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോർട്ടറിനോടായിരുന്നു സനോജിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ തടി തപ്പാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ജില്ലകളിൽ നിന്നും ഡിവൈഎഫ്‌ഐ പിരിച്ച പണം പോലും കേരളത്തിൽ നിന്നും കോൺഗ്രസിന് പിരിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല പിരിച്ച പണംകൊണ്ട് ഉണ്ടാക്കിയ ആപ്പ് ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ പുനർജനിയുടെ കല്ലിന് മുകളിൽ പുല്ല് വളർന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സണ്ണി ജോസഫും എം എം ഹസനും കെ സുധാകരനും പണം പിരിച്ച് മുക്കിയെന്നും സനോജ് ആരോപിച്ചു.
ഇന്ന് രാവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫായിരുന്നു കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചതെന്നും തന്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചതെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത്. അഞ്ച് ഏക്കർ നാൽപത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമ്മാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചെലവായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചെലവായിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമ്മാണത്തിനായി ചെലവാക്കിയത് 97,51,212 രൂപയാണ്.ആപ്പ് നിർമാണത്തിനായി 9,30,000 രൂപ ചെലവായി. രജിസ്‌ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
Content Highlights: V. K. Sanoj launches sharp criticism against KPCC President Sunny Joseph