

പാലക്കാട് : സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന എ കെ ബാലന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി പാലക്കാട് ജില്ലാ കമ്മിറ്റി. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും എ കെ ബാലൻ വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോകുമെന്നുമാണ് വിമർശനം.
ചുമതലയില്ലാത്ത ബാലൻ എന്തിന് മാധ്യമങ്ങളെ കാണണമെന്നും അബദ്ധ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ പ്രസ്താവന. 'യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നോട്ടീസ് അയച്ചിരുന്നു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.
എന്നാൽ എ കെ ബാലന്റേത് ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ല. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഏൽക്കുന്ന പ്രശ്‌നം വരുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.
എന്നാൽ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് എ കെ ബാലന്‍ ചെയ്തതെന്നും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. വിഷയത്തിൽ യുഡിഎഫ് നേതാക്കൾ ബാലനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. പി കെ ശശി വർഗ വഞ്ചകനാണെന്നും ഇനിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കരുതെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് അഭിപ്രായം ഉയർന്നത്.
Content Highlights: Palakkad cpim district committee criticize A K Balan's Jamaat e islami and Marad statement