

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. 15 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കണമെന്നാണ് ആവശ്യം.
അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ ആവശ്യമുയർന്നു. യൂത്ത് കോൺഗ്രസ് നിർദേശിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി നേതൃത്വത്തിന് കൈമാറും. സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷിനെ കൊടുങ്ങല്ലൂരിലും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയെ ആറന്മുളയിലും ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരിലും മത്സരിപ്പിക്കണമെന്നും ജയസാധ്യതയുള്ള മറ്റ് നേതാക്കളെ ഉചിതമായ മണ്ഡലങ്ങളിലും നിയോഗിക്കണമെന്നുമാണ് ആവശ്യം. 5 സീറ്റുകൾ കെഎസ്‌യുവും ആവശ്യപ്പെട്ടിട്ടുണ്ട്.
ചേലക്കരയിൽ ശ്രീലാൽ ശ്രീധറിനെയും കായംകുളത്ത് അരിത, നാദാപുരത്ത് കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, അരൂരിൽ ജിൻഷാദ് ജിന്നാസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പാലക്കാട് സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പകരം ഇവിടെ സർപ്രൈസ് സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇറക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Youth Congress demands adequate representation for youth in assembly elections