'ഞങ്ങടെ ഗീതു ഇങ്ങനല്ല, യഷിന് ഇതെന്ത് പറ്റി?';ടോക്സിക് ടീസറിന് പിന്നാലെ അടിമുടി ട്രോളുകൾ ഏറ്റുവാങ്ങി അണിയറക്കാർ

ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്

'ഞങ്ങടെ ഗീതു ഇങ്ങനല്ല, യഷിന് ഇതെന്ത് പറ്റി?';ടോക്സിക് ടീസറിന് പിന്നാലെ അടിമുടി ട്രോളുകൾ ഏറ്റുവാങ്ങി അണിയറക്കാർ
dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് യഷിന്‍റെ ക്യാരക്ടര്‍ ഇന്‍ട്രൊ ടീസർ പുറത്തുവന്നിരിക്കുകയാണ്. രായ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ടീസർ പുറത്തുവന്നതിന് പിന്നാലെ അതിലെ ഉള്ളടക്കത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആണ് ഗീതു മോഹൻദാസിന് ലഭിക്കുന്നത്.

സ്ത്രീ ശരീരങ്ങളെ വില്‍പനച്ചരക്കായി തന്നെ ഗീതു മോഹന്‍ദാസും അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. മാസ് ആക്ഷന്‍ സിനിമകളില്‍ നായകനെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മസാല ടെക്സിനിക്കുകള്‍ തന്നെ ഗീതു മോഹന്‍ദാസും പയറ്റിയിരിക്കുന്നു എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്. സന്ദീപ് റെഡ്‌ഡി വാങ്ക സിനിമയുടെ ടീസർ പോലെ തോന്നുന്നു എന്നും കമന്റുകളുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങള്‍ക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകള്‍ കൂടി ചിലര്‍ എടുത്തു പറയുന്നുണ്ട്.

Toxic movie poster

സിനിമയുടെ വിഷ്വലിനും മറ്റു ടെക്നിക്കൽ ക്വാളിറ്റിക്കും വിമർശനം ഉയരുന്നുണ്ട്. ചിത്രത്തിന്റെ വിഷ്വലുകൾ പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്നും കളർ ഗ്രേഡിംഗ് മോശമാണെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. ടീസറിലെ മറ്റ് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറി മോശമാണെന്നും അഭിപ്രായങ്ങളുണ്ട്.

എന്നാൽ ടീസറിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ല എന്നുമാണ് കമന്റുകൾ. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയിലെ അഞ്ച് നായികമാരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ശക്തരായ കഥാപാത്രങ്ങളാകും ഓരോരുത്തരുടേതെന്നും എന്ന സൂചനകളാണ് പോസ്റ്ററുകളും ഇവരെ അവതരിപ്പിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് എഴുതിയ കുറിപ്പും നല്‍കിയത്. ഗീതുവിന്‍റെ മുന്‍ സിനിമകളെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ടോക്സിക് സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാകാന്‍ സാധ്യതയില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിനിമ ഇറങ്ങിയ ശേഷമാകാം വിമര്‍ശനങ്ങളെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന പോസ്റ്ററില്‍ ചിത്രത്തിന്‍റെ രചനയില്‍ ഗീതു മോഹന്‍ദാസിനൊപ്പം യഷിന്‍റെ പേരും ചേര്‍ത്തിരുന്നു.

Content Highlights: Geetu mohandas-Yash film Toxic teaser gets trolled on social media

dot image
To advertise here,contact us
dot image