

ബഹ്റൈനിൽ മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി എക്സൈസ് നികുതി ചുമത്തുന്നതിനുള്ള പുതിയ നിയമഭേദഗതി പാർലമെന്റിൽ. നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് രാജ്യത്ത് നികുതി അടക്കാതെ സ്റ്റോക്ക് ചെയ്തിട്ടുള്ള മധുരപാനീയങ്ങൾക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നികുതി ബാധകമായിരിക്കും.
ബഹ്‌റൈനിൽ നിലവിൽ പുകയില ഉത്പ്പന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള നൂറു ശതമാനം നികുതിയിൽ മാറ്റം വരുത്താതെ മധുരപാനീയങ്ങൾക്ക് മാത്രമായി പുതിയ നികുതി ഏർപ്പെടുത്താനാണ് ബില്ലിൽ ശിപാർശ ചെയ്യുന്നത്. ഇതോടൊപ്പം എക്സൈസ് നികുതി ഭരണസംവിധാനത്തിന്റെ ചുമതല ധനമന്ത്രാലയത്തിൽ നിന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂവിലേക്ക് മാറ്റുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് സംബന്ധിച്ചുള്ള നിയമ ഭേതഗതിക്കുള്ള നിർദേശം പാർലമെന്റിൽ സമർപ്പിച്ചു. ഇതുപ്രകാരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയാണ് നിരക്ക് ഏർപ്പെടുത്തുന്നത്.
നൂറ് മില്ലി ലിറ്ററിൽ അഞ്ച് ഗ്രാമിൽ താഴെ മാത്രം പഞ്ചസാരയുള്ള പാനീയങ്ങൾക്കും കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്ന ഷുഗർ-ഫീ പാനീയങ്ങൾക്കും നികുതിയിൽ നിന്നും ഒഴിവാക്കും. അതോടൊപ്പം 100 മില്ലി ലിറ്ററിൽ അഞ്ച് ഗ്രാം മുതൽ ഏഴു ദശാംശം പൂജ്യം പൂജ്യം ഒമ്പത് ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ലിറ്ററിന് 0.079 ബഹ്റൈൻ ദിനാർ നികുതി നൽകണം. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള ധാരണകൾക്കനുസൃതമായി കൂടുതൽ ഉത്പ്പന്നങ്ങളെ എക്സൈസ് നികുതി പരിധിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭക്ക് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് രാജ്യത്ത് നികുതി അടക്കാതെ സ്റ്റോക്ക് ചെയ്തിട്ടുള്ള മധുരപാനീയങ്ങൾക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നികുതി ബാധകമായിരിക്കും. കരട് നിയമം നിലവിൽ പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക-നിയമകാര്യ സമിതികളുടെ പരിശോധനക്കായി നൽകി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Bahrain has implemented changes to the tax structure on soft drinks, with the revised law now in force. The move is part of broader fiscal measures affecting sugary beverages. Authorities confirmed that the new tax rates will be applied with immediate effect across the country.