അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റ്; ചണ്ഡീഗഢിനെ 63 റൺസിന് തോൽപ്പിച്ച് കേരളം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ മൂന്നാം വിജയവുമായി കേരളം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റ്; ചണ്ഡീഗഢിനെ 63 റൺസിന് തോൽപ്പിച്ച് കേരളം
dot image

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ മൂന്നാം വിജയവുമായി കേരളം. 63 റൺസിനാണ് കേരളം ചണ്ഡീഗഢിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്.

സ്കോർ - കേരളം 35 ഓവറിൽ 243/5, ചണ്ഡീഗഢ് - 35 ഓവറിൽ 180/4

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ ആര്യനന്ദയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഇവാന ഷാനിയും ആര്യനന്ദയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 48 റൺസ് പിറന്നു. ഇവാനയും (1 റൺ), വൈഗ അഖിലേഷും (10 റൺസ്) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് ആര്യനന്ദ തകർത്തടിച്ചു.


മൂന്നാം വിക്കറ്റിൽ ലെക്ഷിദയ്ക്കൊപ്പം 54 റൺസും, നാലാം വിക്കറ്റിൽ ജുവൽ ജീൻ ജോണിനൊപ്പം 89 റൺസും കൂട്ടിച്ചേർത്ത ആര്യനന്ദ അവസാന ഓവറിലാണ് പുറത്തായത്. 118 പന്തിൽ 22 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 138 റൺസാണ് താരം അടിച്ചുകൂട്ടിയത്. ലെക്ഷിദ ജയൻ 29 റൺസും ജുവൽ ജീൻ ജോൺ 21 റൺസും നേടി. ചണ്ഡീഗഢിന് വേണ്ടി ഹിതൻഷി, ആയു എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണർ പ്രഭ്ജ്യോത് കൗറിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. എന്നാൽ റിയ യാദവും നവ്ജ്യോത് ഗുജ്ജറും ചേർന്നുള്ള 95 റൺസ് കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും പുറത്താക്കിയ ആദ്യ ജിനു മത്സരം കേരളത്തിന് അനുകൂലമാക്കി.

റിയ യാദവ് 52-ഉം നവ്ജ്യോത് ഗുജ്ജർ 41-ഉം ആയു 39-ഉം റൺസെടുത്തു. ചണ്ഡീഗഢിൻ്റെ മറുപടി 180 റൺസിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി ആദ്യ ജിനു രണ്ടും പവിത്ര, ലെക്ഷിദ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights-Under-15 Women's ODI Tournament; Kerala beat Chandigarh by 63 runs

dot image
To advertise here,contact us
dot image