മാറാട് ഓർമ്മിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തത്, ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന്; പിന്തുണച്ച് മുഖ്യമന്ത്രി

'യുഡിഎഫ് നിലപാടിന്റെ ഭാഗമായാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിയതും സംഘര്‍ഷങ്ങള്‍ വ്യാപിച്ചതും. ഇതിനെ നേരിടുന്നതില്‍ കൃത്യതയാര്‍ന്ന നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് ആയിട്ടില്ല'

മാറാട് ഓർമ്മിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തത്, ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന്; പിന്തുണച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് എ കെ ബാലന്‍ ചെയ്തതെന്നും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുക. അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നില്‍ മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ല. അതില്‍ നിന്നും വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് സഖാവ് എ കെ ബാലന്‍ ഓര്‍മ്മിപ്പച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠുരമായ കലാപമായിരുന്നല്ലോ. കലാപശേഷം നമ്മളെല്ലാം പ്രദേശം സ്വാഭാവികമായും സന്ദര്‍ശിക്കുമല്ലോ. അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആര്‍എസ്എസ് നിബന്ധനവെച്ചു. നിങ്ങളുടെ കൂട്ടത്തിലുള്ള മന്ത്രി വരാന്‍ പാടില്ലെന്ന് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയായിരുന്നു അത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എ കെ ആന്റണി പോകുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂട്ടിയില്ല. ഇവരുടെ അനുവാദം വാങ്ങിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായത്. എന്താണത് കാണിക്കുന്നത്. അതാണ് യുഡിഎഫിന്റെ രീതി. അന്ന് ഞാന്‍ പാര്‍ട്ടി ഭാരവാഹിയായിരുന്നു. ഞാന്‍ അവിടെപ്പോയത് ആരുടെയും അനുമതി വാങ്ങിയല്ല', മുഖ്യമന്ത്രി പറഞ്ഞു.

'യുഡിഎഫ് വര്‍ഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം. യുഡിഎഫ് നിലപാടിന്റെ ഭാഗമായാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിയതും സംഘര്‍ഷങ്ങള്‍ വ്യാപിച്ചതും. ഇതിനെ നേരിടുന്നതില്‍ കൃത്യതയാര്‍ന്ന നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് ആയിട്ടില്ല. അതേ വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. പക്ഷെ അവര്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ തലപൊക്കാനുള്ള ശ്രമം നടത്തിയാല്‍ കര്‍ക്കശമായ നിലപാടിലൂടെ നേരിടുന്നതാണ് ഇന്നത്തെ സര്‍ക്കാരിന്റെ രീതി. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഇതാണ് ബാലന്‍ പറയാന്‍ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുക. അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീണനമാണ് എന്നുസ്ഥാപിക്കലാണ്. ഞങ്ങള്‍ അങ്ങനെ കാണുന്നില്ല. വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന് കനഗോലുവില്ലെന്നും ജനങ്ങളാണ് തങ്ങളുടെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ ബി കോശി കമ്മീഷന്‍ സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കുകയും 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പരിഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ വേഗത്തില്‍ നടപടി പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan Support A K Balan over Marad issue

dot image
To advertise here,contact us
dot image