

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് മൂന്ന് നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. കർഷക മോർച്ച സംസ്ഥാന സമിതിയംഗം വി പി ആനന്ദ്, വട്ടിയൂർകാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽ കുമാർ, നേമം മണ്ഡലം സെക്രട്ടറി രാജ് കുമാർ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിലെ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പരസ്യമായി ശ്രമിച്ചതിനാണ് വി പി ആനന്ദിനെതിരായ നടപടി. കാഞ്ഞിരംപാറയിലെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് സുനിൽ കുമാറിനെതിരെയും മുടവൻമുഗൾ വാർഡിലെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് രാജ് കുമാറിനെതിരെയും നടപടി സ്വികരിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അംഗീകാരത്തോടെയാണ് മൂവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽനിന്നും ബിജെപി പിടിച്ചെടുത്തിരുന്നു.
Content Highlights: BJP takes action against three leaders for anti-party activities at thiruvananthapuram