പെരിയയിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും UDFന് വോട്ട് ചെയ്ത് BJP അംഗം; പൈവളികെയിലും മറ്റത്തൂർ മോഡൽ

പൈവളികെ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു

പെരിയയിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും UDFന് വോട്ട് ചെയ്ത് BJP അംഗം; പൈവളികെയിലും മറ്റത്തൂർ മോഡൽ
dot image

കാഞ്ഞങ്ങാട്: കാസർകോട് പുല്ലൂർ-പെരിയയിലും പൈവളികെയിലും മറ്റത്തൂർ മോഡൽ. പുല്ലൂർ-പെരിയ പഞ്ചായത്തിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തു. പഞ്ചായത്തിൽ യുഡിഎഫിലും എൽഡിഎഫിനും ഒരേ സീറ്റ് നിലയാണ്. ബിജെപിക്ക് ഒരംഗമാണ് ഉള്ളത്.

നേരത്തെ പുല്ലൂർ- പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽനിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതിന് പിന്നാലെയായിരുന്നു യുഡിഎഫ് അംഗങ്ങളും ഒപ്പം ബിജെപി അംഗവും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നത്. പഞ്ചായത്തിൽ യുഡിഎഫ്- ബിജെപി ബന്ധമെന്നായിരുന്നു സിപിഐഎം ആരോപണം. എൽഡിഎഫിന്റെ സി കെ സബിതയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്‍റായത്. എൽഡിഎഫിനും യുഡിഎഫിനും ഒൻപത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ച പഞ്ചായത്താണിത്.

പൈവളികെ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. 21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഏഴ് പേർക്കാണ് മത്സരിക്കാനാകുക. ഇതിനിടെ മറ്റ്‌ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കി വന്ന ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളെ നിർത്തിയുമില്ല. ഈ കമ്മിറ്റികൾ എൽഡിഎഫ് പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്.

ഏറെ രാഷ്ട്രീയകോളിളക്കം ഉണ്ടാക്കിയ വിവാദമായിരുന്നു മറ്റത്തൂരിലെ കൂറുമാറ്റം. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. 24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. കൂറുമാറിയ എല്ലാ അംഗങ്ങളെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നീട് വിഷയത്തിൽ സമവായവും ഉണ്ടായിരുന്നു. കെപിസിസിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചിരുന്നു.

Content Highlights:‌ Mattathur model in Periya and Paivalike Kasaragod

dot image
To advertise here,contact us
dot image