

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭായോഗം. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകുമ്പോൾ ഭൂമിയിൽ നിൽക്കുന്ന തേക്ക്, വീട്ടി, ചന്ദനം, എബണി എന്നീ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിനായിരിക്കും എന്ന് വ്യക്തമാക്കുന്ന ചട്ട ഭേദഗതിക്കാണ് അംഗീകാരം നൽകിയത്.
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിയ്ക്കുന്ന ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിലും ഭേദഗതി വരുത്തി. സ്വാതന്ത്ര്യത്തിന് ശേഷവും 01/08/1971 ന് മുമ്പും കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ 15 ശതമാനം നൽകണം. സ്വാതന്ത്ര്യത്തിന് ശേഷവും കേരള പിറവിക്ക് മുമ്പും കൈവശം വെച്ചിരുന്ന ഭൂമിക്ക് ന്യായ വിലയുടെ 25 ശതമാനം എന്നുള്ളതായിരുന്നു നിലവിലുള്ള വ്യവസ്ഥ.
തൃശ്ശൂർ പീച്ചി വില്ലേജിൽ ലൂർദ്ദ് മാതാ പള്ളി കൈവശം വച്ചിരുന്ന ഭൂമി ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊലീസ് വകുപ്പിലെ 20 റിസർവ് സബ്-ഇൻസ്പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കും. ആംഡ് റിസർവ് ക്യാമ്പിന്റെ പ്രവർത്തന മേൽനോട്ടത്തിന് ഉയർന്ന തസ്തിക അനിവാര്യമായതിനാലാണ് തസ്തികൾ അപ്ഗ്രേഡ് ചെയ്യുന്നത്. തീരദേശ പൊലീസ് സ്റ്റേഷനിലെ സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്കർ, ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, സ്പെഷ്യൽ മറൈൻ ഹോംഗാർഡ് എന്നീ തസ്തികകൾക്ക് വേതനം വർധിപ്പിക്കും.
മാവിലായിൽ ഹെറിറ്റേജ് വില്ലേജ്, എ കെ ജി സ്മൃതിമണ്ഡപം സൗന്ദര്യവൽക്കരണം പദ്ധതികൾക്ക് ഭരണാനുമതി നല്‍കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ലെ ജീവനക്കാർക്ക് 01/07/2019 പ്രാബല്യത്തിൽ പത്താം ശമ്പളപരിഷ്ക്കരണം അനുവദിക്കും.
ദേശീയ സഫായി കർമചാരി ധനകാര്യ വികസന കോർപ്പറേഷനിൽനിന്നും വായ്പ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 5 വർഷത്തേയ്ക്ക് 400 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിക്കും.
കേരളത്തിലെ മുഴുവൻ സിനിമാ തീയേറ്ററുകളിലും ഇ-ടിക്കറ്റിംഗ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് 8 വർഷത്തേയ്ക്ക് 8 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകും.
സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിൻ്റെ സംഭരണ വില 01/11/2025 മുതൽ പ്രാബല്യത്തിൽ കിലോഗ്രാമിന് 30 രൂപയായി ഉയർത്തിയ ഉത്തരവിൽ ഭേദഗതി വരുത്തി. 2025-26 ഒന്നാം സീസൺ ആരംഭിച്ച 20/10/2025 മുൻകാല പ്രാബല്യം നൽകിയാണ് ഭേദഗതി. സ്പെഷ്യല്‍ റൂള്‍സില്‍ വ്യവസ്ഥകളോടെ ഇളവ് നല്‍കി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാര്‍ക്ക് പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം അനുവദിക്കും. പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ 400ഓളം ഒഴിവുകള്‍ നിലവിലുള്ളതിനാലാണിത്.
Content Highlights: kerala cabinet amends The Kerala Land Assignment Rules; The government will own the royal trees